Latest NewsNewsIndia

വീണ്ടും മലയാളി ചായക്കടകള്‍ക്കുനേരെ ആക്രമണം

ചെന്നൈ: നഗരത്തില്‍ മലയാളി ചായക്കടകള്‍ക്കുനേരെ വീണ്ടും ആക്രമണം. അണ്ണാശാലയിലെ കാര്‍ണിവല്‍, മൈലാപ്പുര്‍ കച്ചേരി റോഡിലെ ജീവന്‍ ടീഷോപ്പ് ആന്‍ഡ് ബേക്കറി, എല്ലീസ് റോഡിലെ നക്ഷത്ര എന്നിവയാണ് തകര്‍ക്കപ്പെട്ടത്. ശനിയാഴ്ച രാത്രി ഒന്‍പതരയോടെ മദ്യപിച്ചെത്തിയ സംഘമാണ് ആക്രമിച്ചതെന്ന് കടയുടമസ്ഥന്‍ നാദാപുരം സ്വദേശി സുഹൈബ് പറഞ്ഞു. അണ്ണാശാലയില്‍ അണ്ണാ തിയേറ്ററിന് സമീപമുള്ള കാര്‍ണിവല്‍ സ്നാക്സില്‍ നാലംഗസംഘം നടത്തിയ അക്രമത്തില്‍ കോഴിക്കോട് മുക്കം സ്വദേശി ജലീല്‍ (35), തിരുച്ചിറപ്പള്ളി സ്വദേശി രാമന്‍ (48) എന്നിവര്‍ക്ക് പരിക്കേറ്റു.

ഇവര്‍ അലമാരയില്‍നിന്ന് ഭക്ഷണമെടുത്ത് കഴിക്കാന്‍ തുടങ്ങിയപ്പോള്‍ ജീവനക്കാര്‍ ചോദ്യംചെയ്തു. തുടര്‍ന്ന് കടയിലെ ചില്ലുഭരണികളും ഫര്‍ണിച്ചറും തകര്‍ക്കുകയായിരുന്നു. ചില്ലുഭരണി ചീളുകള്‍ ഉപയോഗിച്ചായിരുന്നു രാമനെ ആക്രമിച്ചത്. ഇയാള്‍ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ട്രിപ്ലിക്കേന്‍ പോലീസ് കേസെടുത്തു. ആറുമാസംമുമ്പ് സുഹൈബിന്റെ കടയില്‍വെച്ച്‌ മകന്റെ മൊബൈല്‍ ആക്രമിച്ച്‌ തട്ടിയെടുത്തിരുന്നു. എന്നാല്‍ ഇതില്‍ പോലീസ് നടപടിയൊന്നുമെടുത്തിട്ടില്ലെന്ന് സുഹൈബ് പറഞ്ഞു.

ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് മൈലാപ്പുര്‍ കച്ചേരി റോഡിലെ ഇരിങ്ങല്‍ സ്വദേശിയായ അനീഷിന്റെ ഉടമസ്ഥതയിലുള്ള ജീവന്‍ ടീഷോപ്പ് ആന്‍ഡ് ബേക്കറി ആക്രമിക്കപ്പെട്ടത്. സമീപവാസിയായ വിനോദ് പഫ്സ് കടംചോദിച്ചെത്തി. എന്നാല്‍, പഫ്സ് കഴിഞ്ഞുവെന്ന് ജീവനക്കാരന്‍ പറഞ്ഞു. ഇതില്‍ കുപിതനായ വിനോദ് ബേക്കറിയിലെ ട്രേ എടുത്ത് റോഡിലേക്ക് എറിയുകയും ജീവനക്കാരാനായ വേലുവിനെ അടിച്ചുപരിക്കേല്പിക്കുകയും ചെയ്ത് മടങ്ങിപ്പോയി. ഇതിനിടയില്‍ കടയടച്ച്‌ അനീഷ് മടങ്ങുമ്പോഴാണ് വിനോദ് കത്തിയുമായി വീണ്ടുമെത്തിയത്.

അനീഷ് ഓടി സമീപത്തെ ചായക്കടയിലേക്ക് കയറി. കുത്താന്‍ശ്രമിച്ച വിനോദിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. എല്ലീസ് റോഡിലെ വടകര സ്വദേശിയായ വി.പി. വിജയന്റെ ‘നക്ഷത്ര’യില്‍ കഴിഞ്ഞയാഴ്ച അക്രമം നടന്നിരുന്നു. മറ്റൊരു സംഭവത്തില്‍, മലയാളിയായ ചായക്കട ജീവനക്കാരനുമേല്‍ ഗുണ്ടാസംഘം തിളച്ച പാല്‍ ഒഴിച്ച്‌ പൊള്ളലേല്‍പ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button