ന്യൂഡല്‍ഹി: ഡെങ്കിപ്പനി ബാധിച്ച കുട്ടിയെ തീവ്രപരിചരണ വിഭാഗത്തില്‍ 15 ദിവസം ചികിത്സിക്കുന്നതിന് ഗുഡ്ഗാവിലെ ഫോര്‍ട്ടിസ് മെമ്മോറിയല്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട് ഈടാക്കിയത് 18 ലക്ഷത്തോളം രൂപ. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ആദ്യ സിംഗാണ് മരിച്ചത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട കേന്ദ്രആരോഗ്യമന്ത്രി ജെ.പി.നദ്ദ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഉറപ്പുനല്‍കി. അധിക ബില്ലിനെ തുടര്‍ന്ന് ഇവിടെ നിന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ കുട്ടി മരണപ്പെട്ടത്.
നവംബര്‍ 17ന് ഫോര്‍ട്ടിസ് ആശുപത്രിയിലെ കൊള്ളയെക്കുറിച്ച്, മരിച്ച കുട്ടിയുടെ ഒരു ബന്ധു പോസ്റ്റിട്ടതോടെയാണ് ഇത് സംബന്ധിച്ച വിവാദം ആരംഭിക്കുന്നത്. ഫോര്‍ട്ടിസ് ആശുപത്രിയില്‍ 15 ദിവസം ഡെങ്കി ബാധിച്ച് കിടന്ന എന്റെ സുഹൃത്തിന്റെ മകള്‍ കഴിഞ്ഞ ദിവസം മരിച്ചു. എന്നാല്‍ ഈ ദിവസങ്ങളില്‍ ആശുപത്രി 16 ലക്ഷം രൂപ ചികിത്സയിനത്തില്‍ ഈടാക്കിയെന്നായിരുന്നു പോസ്റ്റ്. ഇത് വൈറലായതോടെയാണ് വിഷയത്തില്‍ ആരോഗ്യമന്ത്രി ഇടപെട്ടത്. അതേസമയം, ഇത്തരം ആരോപണങ്ങള്‍ നിഷേധിച്ച ആശുപത്രി അധികൃതര്‍ രംഗത്തെത്തി.
കുട്ടിയ്ക്ക് എല്ലാ ചികിത്സയും നല്‍കിയിരുന്നതായും ചികിത്സയിനത്തില്‍ 15.79 ലക്ഷം രൂപ ഈടാക്കിയതായും ആശുപത്രി അധികൃതര്‍ സമ്മതിച്ചു. ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ വേണ്ട നടപടിയെടുക്കണമെന്ന് കുട്ടിയുടെ പിതാവ് ജയന്ത് സിംഗ് പ്രതികരിച്ചു. 5 ലക്ഷം വായ്പയെടുത്തും കുടുംബത്തില്‍ നിന്നുമുള്ള സാമ്പത്തിക സഹായവും തന്റെ വ്യക്തിഗത സമ്പാദ്യവും ചേര്‍ത്ത് വച്ചാണ് മകളുടെ ചികിത്സയ്ക്കായി താന്‍ പണമടച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
Post Your Comments