കൊല്ലം: സ്ഥിരനിക്ഷേപം പിന്‍വലിക്കാന്‍ ബാങ്ക് അനുവദിക്കാത്തതിനെത്തുടര്‍ന്നു ആശുപത്രിയില്‍ ശരീരം തളര്‍ന്നു കിടപ്പിലായ രോഗിയെ ആംബുലന്‍സില്‍ ബാങ്കിലെത്തിച്ചു പ്രതിഷേധം. വിദേശത്തു ജോലിക്കിടെ വാഹനാപകടത്തില്‍ ശരീരം തളര്‍ന്നു കിടപ്പിലായ മണിലാലിന്റെ ജീവന്‍ രക്ഷിക്കാന്‍ പണമില്ലാതെ വലയുന്ന ഭാര്യ സന്ധ്യയും ബന്ധുക്കളുമാണു ബാങ്കില്‍ മണിലാലിനെ എത്തിച്ചു പ്രതിഷേധിച്ചത്.
സംഭവം വിവാദമായതിനെത്തുടര്‍ന്ന് ബാങ്ക് വളരെ വേഗം തന്നെ പണം കൈമാറി. ഒമാനിൽ വാഹനാപകടത്തിൽ ഒരു വശം തളർന്നു പോയ മണിലാലിന്റെ തുടർചികിത്സ കൊല്ലത്തെ ഒരു സ്വകാര്യആശുപ്രത്രിയിൽ നടക്കുകയാണ്. ഇതിലേക്ക് ആവശ്യമുള്ള പണത്തിനായി മണിലാലിന്റെ സ്ഥിര നിക്ഷേപം ഭാര്യ സന്ധ്യയുടെ പേരിലേക്ക് മാറ്റാൻ കൊല്ലം ചവറ എസ്.ബി.ഐ. ശാഖയെ സമീപിച്ചെങ്കിലും അവർ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്.
നിക്ഷേപം സന്ധ്യയുടെ അക്കൗണ്ടിലേക്ക് മാറ്റാന്‍ നല്‍കേണ്ട അപേക്ഷയില്‍ ഭര്‍ത്താവിന്റെ വിരലടയാളത്തിനൊപ്പം ചികിത്സിക്കുന്ന ഡോക്ടറുടെ ഒപ്പുകൂടി വേണമെന്നു ബാങ്ക് മാനേജര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മണിലാലിന്റെ ആരോഗ്യം സംബന്ധിക്കുന്ന വിശദ റിപ്പോര്‍ട്ട് നല്‍കിയതിനാല്‍ ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യണമെന്ന രോഗിയുടെ ഭാര്യയുടെ അപേക്ഷയില്‍ ഒപ്പിടില്ലെന്നു ഡോക്ടര്‍ പറഞ്ഞു. പണമിടപാട് സംബന്ധിക്കുന്ന രേഖയിൽ ഡോക്ടർ ഒപ്പിടേണ്ട ആവശ്യവുമില്ല.
ഇതോടെ ഡോക്ടറിന്റെ ഒപ്പില്ലാതെ അപേക്ഷ സ്വീകരിക്കില്ല എന്ന് ബാങ്കും നിലപാടെടുത്തു. ഗത്യന്തരമില്ലാതെയാണു ഡോക്ടറുടെ അനുമതിയോടെ ചവറയിലെ ബാങ്കിനു മുന്നില്‍ രോഗിയുമായി എത്തിയത്. അതോടെ ബാങ്ക് പണം കൈമാറുകയായിരുന്നു.
Post Your Comments