കൊച്ചി: ഡിജെ പാര്‍ട്ടികളില്‍ വിതരണം ചെയ്യാനെത്തിച്ച 109 LSD മയക്കുമരുന്ന് സ്റ്റാമ്പുകളുമായി യുവാവ് പിടിയില്‍. ഉഴവൂര്‍ സ്വദേശി കൈലാസാണ് എറണാകുളം കുന്നത്തുനാട് പൊലീസിന്റെ പിടിയിലായത്. ഡിജെ പാര്‍ട്ടിയുടെ മറവില്‍ വിദ്യാര്‍ത്ഥികള്‍ക്കും ടൂറസിറ്റുകള്‍ക്കും വില്‍ക്കാനായി ലഹരി കടത്തുന്ന സംഘത്തിന്റെ ഭാഗമാണ് പിടിയിലായ കൈലാസ് എന്ന ഉണ്ണിമോനെന്ന് പൊലീസ് പറഞ്ഞു.
എഞ്ചിനീയറിംഗ് ബിരുദധാരിയായ ഇയാള്‍ ഡിജെ പാര്‍ട്ടികള്‍ സംഘടിപ്പിക്കുകയും ലഹരിക്കടിമയായതോടെ ഗോവയിലേക്ക് പോയി മയക്കുമരുന്ന് കടത്തില്‍ സജീവമാകുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അഞ്ച് ലക്ഷം രൂപയോളം വിലവരുന്ന 109 എല്‍എസ്ഡി സ്റ്റാമ്പുകളുമായാണ് ഇയാള്‍ പിടിയിലായത്. ഒരിക്കല്‍ ഉപയോഗിച്ചാല്‍ 12 മണിക്കൂറിലധികം ലഹരി ലഭിക്കുന്നതാണ് പിടിച്ചെടുത്ത എല്‍എസ്ഡി സ്റ്റാമ്പുകളെന്ന് പൊലീസ് പറഞ്ഞു. ചെറിയ സ്റ്റാമ്പ് മുറിച്ചെടുത്ത് നാക്കിനടിയില്‍ ഒട്ടിച്ചാല്‍ ദീര്‍ഘനേരം ലഹരി നല്‍കുന്ന എല്‍എസ്ഡി മാരകമായ ദൂഷ്യവശങ്ങള്‍ ഉള്ള മയക്കുമരുന്നാണ്.
കൊച്ചി നഗരവും നെടുമ്പശ്ശേരിയും കേന്ദ്രീകരിച്ച് ലഹരിയൊഴുകുന്ന ഡിജെ പാര്‍ട്ടികള്‍ സംഘടിപ്പിക്കാനുള്ള നീക്കമുണ്ടെന്ന് പൊലീസിന് രഹസ്യവവിരം കിട്ടിയിരുന്നു. ഇവിടങ്ങളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയതോടെ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലേക്ക് ലഹരി പാര്‍ട്ടികള്‍ താവളം മാറ്റുന്നതായി വിവരമുണ്ടായിരുന്നു.. ഇതിനിടയിലാണ് കുന്നത്തുനാട്ടിലെ ലഹരിമരുന്ന് വേട്ട…പ്രതിക്ക് മയക്കുമരുന്ന് എത്തിച്ചവരെ കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് കുന്നത്തുനാട് പൊലീസ് അറിയിച്ചു.
Post Your Comments