Latest NewsNerkazhchakalEditorialPrathikarana VedhiEditor's Choice

തീവ്ര ഹൈന്ദവതയും ആവിഷ്കാര സ്വാതന്ത്ര്യവും

എഡിറ്റോറിയൽ

ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേൽ അധികാരികൾ കൈകടത്തുന്ന ദുർഭരണം എല്ലാക്കാലവുമുണ്ടായിട്ടുണ്ട്. തീവ്ര ഹൈന്ദവതയുടെ പേരിൽ രാജ്യം മുഴുവൻ അതിക്രമം നടത്തുന്ന ഒരു കൂട്ടം ആളുകൾ ആണ് ഇന്ന് കലയുടെ മേൽ നിയന്ത്രണവുമായി മുന്നിട്ടു നിൽക്കുന്നത്. ഹിന്ദു ദേവതമാരുടെ പേര് സിനിമയ്ക്ക് ഇട്ടതിന്റെ പേരിൽ കലാപങ്ങൾ നടക്കുകയാണ്. എന്തിനാണ് ആവിഷ്കാര സ്വാതന്ത്യത്തെ ഭരണകൂടം ഇത്ര ഭയക്കുന്നത്.?

2014ൽ മൃഗീയ ഭൂരിപക്ഷത്തോടെ മോദി സർക്കാർ അധികാരത്തിലെത്തിയതിൽ പിന്നെ സർക്കാർ നിയന്ത്രണത്തിലുള്ള വിവിധ സ്ഥാപനങ്ങളിൽ വലിയ രീതിയിലുള്ള കാവിവത്കരണമാണ് നടന്നുകൊണ്ടിരിക്കുന്നത്. ചരിത്ര ഗവേഷണ കൗൺസിൽ, നാഷണൽ ബാങ്ക് ട്രസ്റ്റ്, പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിട്യൂട്ട് തുടങ്ങി വിവിധ സ്ഥാപനങ്ങളുടെ തലപ്പത്ത് തങ്ങളുടെ സഹയാത്രികരെ പ്രതിഷ്ഠിച്ചുകൊണ്ട് സമസ്ത മേഖലകളിലും സംഘ്പരിവാർ ആധിപത്യം സ്ഥാപിക്കുകയാണ്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സെർട്ടിഫിക്കേഷൻറെയും (C.B.F.C / സെൻസർ ബോർഡ് ) സ്ഥിതി മറ്റൊന്നല്ല. 2014ലെ ഇലക്ഷന് മുന്നോടിയായി നരേന്ദ്ര മോദിയെ സ്തുതിച്ചുകൊണ്ട് ‘ഹർ ഹർ മോദി, ഘർ ഘർ മോദി’ എന്ന വീഡിയോ ആൽബം നിർമ്മിച്ച പെഹ്ലാജ് നിഹലാനിയാണ് ആദ്യം സി.ബി.എഫ്.സി. ചെയർമാൻ ആയത് . അധികാരമേറ്റടുത്ത ഉടനെ, സിനിമയിൽ വന്നാൽ വെട്ടിമാറ്റേണ്ട വാക്കുകളുടെ പട്ടിക തയ്യാറാക്കിക്കൊണ്ട് നിഹലാനി തനിക്ക് മുന്നിലെത്തുന്ന സിനിമകളോടുള്ള തന്റെ സമീപനം എങ്ങിനെയായിരിക്കുമെന്ന് വ്യക്തമാക്കിയതാണ്. പ്രതിഷേധത്തെ തുടർന്ന് പ്രസ്തുത ലിസ്റ്റ് പിൻവലിച്ചെങ്കിലും സംസ്കാര-മൂല്യ സംരക്ഷണം എന്ന പേരിൽ സിനിമകളെ വെട്ടിമുറിക്കാൻ കാവിക്കത്രിക മൂർച്ചകൂട്ടി നിഹലാനി അവിടെ തന്നെയുണ്ട്.

ആവിഷ്കാര സ്വാതന്ത്ര്യത്തെ അട്ടിമറിച്ചുകൊണ്ട് ബോർഡിനെ ഒരു ഭരണകൂട ഉപകാരണമാക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇപ്പോൾ വിവാദം ജൂറിയാണോ അതോ ഭരണ കൂടമാണോ യഥാർത്ഥത്തിൽ ചിത്രത്തെ വിലയിരുത്തേണ്ടതെന്നാണ്. തങ്ങൾ തിരഞ്ഞെടുത്ത ചില ചിത്രങ്ങൾ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചു അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ ജൂറി അംഗങ്ങൾ രാജി വച്ചത് വൻ വിവാദമായിരിക്കുകയാണ്.

ന്യൂഡും സെക്സി ദുർഗ്ഗയും സെൻസർബോർഡിന്റെ പിടിവാശിയിൽ നിന്നും കഷ്ടപ്പെട്ടു അനുമതി നേടി എടുത്തപ്പോൾ വാർത്താവിനിമയ മന്ത്രാലയം ഈ ചിത്രങ്ങൾക്ക് നേരെ ഇറങ്ങി. അങ്ങനെ ചലച്ചിത്രോത്സവങ്ങളിൽ നിന്നും ഇവ പുറത്തായി. അതുകഴിഞ്ഞപ്പോൾ ചില ഭ്രാന്തൻ ചിന്തകൾ പുലർത്തുന്നവർ സിനിമയ്ക്ക് നേരെ വാളെടുത്ത് രംഗത്തെത്തി. രജപുത്ര രാജ്ഞി റാണി പത്മിനിയുടെ കഥപറയുന്ന ചിത്രമാണ് റാണി പത്മാവതി. സിനിമയില്‍ രജപുത്രരെ മോശമായും അലാവുദ്ദീന്‍ ഖില്‍ജിയുമായി റാണിക്ക് പ്രണയമുണ്ടായിരുന്നതായും ചിത്രീകരിക്കുന്നുവെന്നാണ് ആരോപണം. എന്നാല്‍ ഈ ആരോപണങ്ങള്‍ സഞ്ജയ് ബന്‍സാലി തള്ളി. സിനിമ ഒരിക്കലും ചരിത്രത്തെ വളച്ചൊടിക്കുന്നില്ലെന്നും എല്ലാ സ്ത്രീകളെയും ബഹുമാനിക്കുകയാണ് നമ്മുടെ ധാര്‍മിക ബാധ്യതയെന്നും അദ്ദേഹം പറഞ്ഞു. സിനിമ നിരോധിച്ചിട്ടില്ലെങ്കില്‍ പത്മാവതി താമസിച്ചിരുന്ന ചിറ്റോഗഡ് കോട്ടയിലേക്ക് വിനോദസഞ്ചാരികളെ കടക്കാന്‍ അനുവദിക്കില്ലെന്നും കര്‍ണി സേനയുടെ ഭീഷണിയുണ്ട്. ചിത്രം റിലീസാവുന്ന ഡിസംബര്‍ ഒന്നിന് ഭാരത് ബന്ദ് നടത്തുമെന്നും സേന പ്രഖ്യാപിച്ചിട്ടുണ്ട്. ഈയാഴ്ച ആദ്യം രാജസ്ഥാനിലെ കോട്ടയില്‍ കര്‍ണി സേനാ അംഗങ്ങള്‍ സിനിമയുടെ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ച തിയേറ്ററിന്റെ ടിക്കറ്റ് കൗണ്ടറും സമീപത്തെ കടകളും അടിച്ചു തകര്‍ത്തിരുന്നു. ഈ വിവാദങ്ങൾ കണ്ടും കേട്ടും കഴിയുന്ന പ്രേക്ഷകന് എന്താണ് മനസിലാക്കേണ്ടത് ? സിനിമ നുണ പറയാനുള്ളതാണ്, അതിനെ സത്യം പറയാൻ ഉപയോഗിക്കരുത്. ജീവിക്കുന്ന കാലത്തെ കുറിച്ചോ സമൂഹത്തെ കുറിച്ചോ മിണ്ടരുത്. രാഷ്ട്രീയം പറയുന്നതിനെ കുറിച്ച് ചിന്തിക്കുക പോലും അരുത്. സിനിമയുണ്ടാവുന്ന സമൂഹം അച്ചടക്കമില്ലാത്തതാണെങ്കിലും, സിനിമ അങ്ങനെയാവരുത്. കഴിഞ്ഞ കുറേ ദിവസങ്ങളായി വാർത്തകളിൽ നിറയുന്ന സെൻസർ ബോർഡിന്റെ തിട്ടൂരങ്ങൾ ഭാവി സിനിമകൾക്ക് നൽകുന്ന മുന്നറിയിപ്പുകൾ ഇതെക്കെയായിരിക്കും. അഭിപ്രായ സ്വാതന്ത്ര്യത്തിന് മുകളിൽ കൈ കടത്താൻ ആരെയും അനുവദിക്കില്ല. കലയുടെ കാര്യത്തില്‍ സെന്‍സർ ബോര്‍ഡ് അതിവൈകാരികമായി പ്രതികരിക്കേണ്ടതില്ല. എന്ത് കാണണം, എന്ത് കാണേണ്ട എന്ന് ജനങ്ങൾ തീരുമാനിക്കട്ടെ. ബോർഡിന്റെ ജോലി ഫിലിം സെർട്ടിഫിക്കേഷൻ ആണ്. 52ലെ Cinematograph actൽ എവിടെയും സെൻസറിംഗ് എന്ന പദം ഉപയോഗിച്ചിട്ടില്ല.

എന്താണ് സെൻസർ ബോർഡ്?

കേന്ദ്ര സർക്കാരിന്റെ ഇൻഫോർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ്‌ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ ബോർഡ് ഓഫ് ഫിലിം സെർട്ടിഫിക്കേഷൻ (സി.ബി.എഫ്.സി) എന്ന സ്ഥാപനമാണ് പൊതുവേ ‘സെൻസർ ബോർഡ്’ എന്ന് അറിയപ്പെടുന്നത്. 1952ലെ cinematograph act പ്രകാരം രൂപീകൃതമായ ഈ സ്ഥാപനത്തിൻറെ പ്രവർത്തനോദ്ദേശം പൊതു പ്രദർശനം ആവശ്യപ്പെടുന്ന ദൃശ്യ മാധ്യമങ്ങൾക്ക് അർഹമായ സെർട്ടിഫിക്കേറ്റുകൾ വിതരണം ചെയ്യലും ആവശ്യമെങ്കിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തലുമാണ്. ഇന്ത്യ പോലെ മാധ്യമ സ്വാതന്ത്ര്യം നിലനിൽക്കുന്ന രാജ്യത്ത് സിനിമയും ഒരു സ്വതന്ത്ര മാധ്യമമാണ്. അതുകൊണ്ടു തന്നെ Article 19(1)/a പ്രകാരമുള്ള സ്വതന്ത്രാവിഷ്കാരത്തിനുള്ള അവകാശം ഇവിടെയും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ cinematograph act പ്രകാരം ചില സവിശേഷ സാഹചര്യങ്ങളിൽ -ഉദാഹരണത്തിന്, രാജ്യത്തിന്റെ അഖണ്ഡതയ്ക്കോ, പരമാധികാരത്തിനോ, വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തിനോ ഭീഷണിയുയർത്തിയാൽ- Article 19(2) പ്രകാരം മാറ്റങ്ങൾ ആവശ്യപ്പെടാനും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും ബോർഡിന് അധികാരമുണ്ട്. ഇത്തരം സാഹചര്യങ്ങൾ ഇല്ലാത്ത പക്ഷം സിനിമയ്ക്ക് ആവശ്യമായ സെർട്ടിഫിക്കെറ്റുകൾ നൽകുകയാണ് ബോർഡിന്റെ ജോലി. പ്രധാനമായും 4 തരത്തിലാണ് സെൻസർ ബോർഡ് സിനിമകളെ സെർട്ടിഫൈ ചെയ്യുന്നത്:

U (Unrestricted Public Exhibition)
U/A (Parental Guidance advised for children below the age of 12 years)
A (Restricted to adults)
S (Restricted to any special class of persons).

ഇന്ത്യൻ ഭരണഘടന പൗരന് ഉറപ്പുനൽകുന്ന ആവിഷ്കാര സ്വാതന്ത്ര്യം ഉൾപ്പെടെയുള്ള അവകാശങ്ങൾ നിഷേധിക്കാൻ ബോർഡിന് യാതൊരുവിധ അധികാരവും ഇല്ല. സെൻസർ ബോർഡ് തടഞ്ഞുവച്ച സിനിമകളുടെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ, ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമകൾക്ക് നേരെയാണ് പ്രധാനമായും കുരുക്ക് നീളുന്നതെന്ന് കാണാം. ഫൂലൻ ദേവിയുടെ ജീവിതം പ്രമേയമാക്കിയ ശേഖർ കപൂർ ചിത്രം ബാൻഡിറ്റ് ക്വീൻ (Bandit Queen, 1994) തടഞ്ഞുവയ്ക്കാൻ സെൻസർ ബോർഡ് കണ്ടെത്തിയ ന്യായം സിനിമയിൽ അശ്ലീല രംഗങ്ങളും അസഭ്യവാക്കുകളും ഉണ്ടെന്നതായിരുന്നു. ജാതീയതയെ തുറന്നുകാട്ടുന്ന, ഭരണകൂടത്തെ പ്രതിസ്ഥാനത്തു നിർത്തുന്ന ഒറിയ സിനിമ സെൻസർ ബോർഡിന് ദഹിക്കാതിരിക്കുന്നത് സ്വാഭാവികം മാത്രം. ദീപ മേത്തയുടെ ഫയർ (Fire, 1996) എന്ന ചിത്രം അന്തർദേശീയ തലത്തിൽ ഏറെ പ്രശംസയും അംഗീകാരങ്ങളും പിടിച്ചുപറ്റിയെങ്കിലും സ്വന്തം രാജ്യത്ത് പ്രദർശനാനുമതി നിഷേധിക്കപ്പെട്ടു. സ്വവർഗ്ഗ പ്രണയം പ്രമേയമാക്കിയ ചിത്രത്തിന് നേരെ ശിവസേന ഉൾപ്പെടെയുള്ള ഹിന്ദുത്വ സംഘടനകൾ ഭീഷണിയുമായെത്തിയിരുന്നു. 2002ലെ ഗുജറാത്ത് കലാപ വേളയിൽ കാണാതായ മകനെ അന്വേഷിക്കുന്ന പാർസി കുടുംബത്തിന്റെ കഥ പറയുന്ന രാഹുൽ ദോലാക്യയുടെ പർസാനിയ (Parzania, 2005) എന്ന സിനിമ കലാപത്തിന്റെ യാഥാർഥ്യങ്ങൾ തുറന്നുകാണിക്കുന്നതാണ്. പോലീസിനെയും ഭരണകൂടത്തെയും പ്രതിസ്ഥാനത്ത് നിർത്തുന്ന ചിത്രത്തിന് മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിക്കുകയുണ്ടായി. എന്നാൽ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് ചിത്രത്തിന് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിക്കുകയായിരുന്നു. ദീപ മേത്തയുടെ തന്നെ വാട്ടർ (Water, 2005) എന്ന സിനിമയുടെ വിധിയും സമാനമായിരുന്നു. വിധവകൾ നേരിടേണ്ടി വരുന്ന ബഹിഷ്കരണവും അകറ്റിനിർത്തലുകളും പ്രമേയമാക്കിയ സിനിമ ചിത്രീകരണ വേളയിൽ തന്നെ വർഗ്ഗീയ ശക്തികളുടെ ആക്രമണത്തിന് വിധേയമായിരുന്നു.

Academy Awardന് നോമിനേഷൻ ചെയ്യപ്പെട്ട ഈ ചിത്രത്തിനും പക്ഷേ എതിർപ്പുകളെ തുടർന്ന് പ്രദർശനാനുമതി നിഷേധിക്കപ്പെട്ടു. ഗുജറാത്ത് കലാപം വിഷയമാക്കിയ മറ്റൊരു ചിത്രമായ നന്ദിതാ ദാസിന്റെ ഫിറാഖും (Firaaq, 2008) സെൻസർ ബോർഡ് തടഞ്ഞുവയ്ക്കുകയുണ്ടായി. കലാപവേളയിലെ യഥാർത്ഥ സംഭവങ്ങളെന്ന് അവകാശപ്പെടുന്ന ചിത്രത്തിന് നേരെ വർഗീയ സംഘടനകളിൽ നിന്നും വലിയ രീതിയിലുള്ള ഭീഷണിയുണ്ടായി. 2009ലെ കേരളം ഫിലിം ഫെസ്റ്റിവലിലും Asian Festival of First Films ലും മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ഈ ചിത്രത്തിനും പ്രദർശനാനുമതി നൽകാൻ സെൻസർ ബോർഡ് തയ്യാറായില്ല. ആദിവാസികളും ദളിതരും സമൂഹത്തിൽ അനുഭവിക്കുന്ന വിവേചനങ്ങളും പീഡനവും ഉള്ളടക്കമായ ജയൻ ചെറിയാൻ ചിത്രമാണ് ‘പാപിലിയോ ബുദ്ധ’ (Papilio Buddha, 2013). ഭരണകൂടത്തെയും രാഷ്ട്രീയ കക്ഷികളെയും പ്രതിസ്ഥാനത്തു നിർത്തുന്ന ഈ സിനിമ വിഗ്രഹവത്കരിക്കപ്പെട്ട ഗാന്ധി ഉൾപ്പെടെയുള്ള പല ബിംബങ്ങളുടെയും മഹത്വത്തെ ചോദ്യം ചെയ്യുന്നുണ്ട്. വ്യവസ്ഥിതിയുടെ പോരായ്മകൾ ഉയർത്തിക്കാട്ടുന്ന ഈ ചിത്രത്തിനും പ്രദർശനാനുമതി ലഭിച്ചില്ല. (തുടർന്നുണ്ടായ വിമർശനങ്ങളുടെ ഫലമായി ചില ഭാഗങ്ങൾ നിശബ്ദമാക്കി കാണിക്കാമെന്ന വ്യവസ്ഥയിൽ അനുമതി കൊടുത്തു). എന്തുകൊണ്ടാണ് സിനിമയുടെ ഉള്ളടക്കത്തെ ഭരണകൂടങ്ങൾ ഇത്രയും സൂക്ഷ്മമായി നിരീക്ഷിക്കുന്നത്? എന്തുകൊണ്ടാണ് സിനിമകൾ ഭരണകൂടത്തെ ഇത്രയേറെ ഭയപ്പെടുത്തുന്നത്?

മനുഷ്യന്റെ ഏതൊരു സർഗാത്മക പ്രവർത്തിയിലും രാഷ്ട്രീയം അടങ്ങിയിട്ടുണ്ട്. തങ്ങൾക്ക് രാഷ്ട്രീയമില്ലെന്നും തങ്ങളുടെ സിനിമകൾ രാഷ്ട്രീയമായി നിഷ്പക്ഷത പാലിക്കുന്നതാണെന്നും കച്ചവട സിനിമാക്കാർ അവകാശപ്പെടുന്നു. എന്നാൽ തങ്ങളുടെ അരാഷ്ട്രീയത തങ്ങളെ പ്രതിലോമകരമായ ഒരു രാഷ്ട്രീയത്തിന്റെ കുഴലൂത്തുകാരാക്കുന്നുണ്ടെന്നത് അവർ തിരിച്ചറിയുന്നില്ല. അതത് കാലങ്ങളിൽ മാറിക്കൊണ്ടിരിക്കുന്ന അധീശവർഗ്ഗ താത്പര്യങ്ങളെ അതീവ ജാഗ്രതയോടെയാണ് കച്ചവട സിനിമകൾ സ്വീകരിക്കുകയും മഹത്വവത്കരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്. അധീശവർഗ്ഗ താൽപര്യങ്ങളെ നിരന്തരം പോഷിപ്പിച്ചും സംരക്ഷിച്ചും അതിന്റെ തിരികെയുള്ള പിന്തുണയിൽ മാത്രം നിലനിൽക്കുന്നവയാണ് കച്ചവട സിനിമകൾ. വ്യാപകമായ ബഹുജന സ്വാധീനം സ്വായത്തമാക്കിയ കച്ചവട സിനിമകളുടെ പ്രധാന വിനിമയ പ്രവർത്തനം ഭരണകൂടം വ്യവസ്ഥാപനം ചെയ്യുന്ന മൂല്യങ്ങളുടെ പുനരുത്പാദനവും പവിത്രീകരണവാണ്. സാമൂഹ്യ യാഥാർത്ഥ്യങ്ങളെ കുറിച്ചോ, ഭരണകൂട ഹിംസകളെ കുറിച്ചോ വ്യവസ്ഥിതിയുടെ പോരായ്മകളെ കുറിച്ചോ ഇത്തരം സിനിമകൾ ഒന്നും മിണ്ടുകയില്ല. കാലത്തിൽ നിന്നും സമൂഹത്തിൽ നിന്നും ഒന്നും സ്വീകരിക്കാത്ത, പ്രേക്ഷകരെ അരാഷ്ട്രീയവത്കരിച്ച് വിഡ്ഢികളുടെ സ്വർഗ്ഗത്തിലേറ്റുന്ന ഇത്തരം സിനിമകളെയാണ് ഭരണകൂടം ആദർശവത്കരിക്കുന്നത്. അതിൽ നിന്ന് വ്യതിചലിക്കുന്ന സിനിമകൾ അധീശവർഗ്ഗത്തിന്റെ സാംസ്കാരിക നായകത്വത്തിന് (Cultural Hegemony) ഭീഷണിയാണെന്നതിനാൽ ഇത്തരം സൃഷ്ടികളിലേക്ക് ഭരണകൂടത്തിന്റെ കത്രിക നീളുന്നു. ഈ പ്രവൃത്തിയാവട്ടെ ഭരണകൂടം വ്യവസ്ഥാപനം ചെയ്യുന്ന പ്രത്യയശാസ്ത്രത്തിന്റെ നിലനിൽപിന് അതിപ്രധാനവുമാണ്.

എന്തും ഏതും ഇന്റർനെറ്റിൽ ലഭ്യമായ പുതിയ കാലത്ത് സിനിമകൾക്ക് നേരെ മാത്രം, പ്രത്യേകിച്ച് കലാമൂല്യമുള്ള, സാമൂഹ്യ പ്രതിബദ്ധതയുള്ള സിനിമകൾക്ക് നേരെ മാത്രം, ഭരണകൂടം കത്രിക നീട്ടുന്നത് തീർത്തും അനീതിയാണ്. ഏതായാലും ഫിലിം സെർട്ടിഫിക്കേഷൻ വ്യവസ്ഥകൾ ഉദാരമാക്കേണ്ടതിന്റെ ആവശ്യകതയിലൂന്നുന്ന ശ്യാം ബെനഗൽ കമ്മീഷൻ റിപ്പോർട്ട് സർക്കാറിന് മുന്നിലുണ്ട്. അത് നടപ്പാക്കുന്നതിലൂടെ മാത്രമേ, റായിയുടെയും ഘട്ടക്കിന്റെയും ജോണിന്റെയുമെല്ലാം ചരിത്രമുള്ള ഇന്ത്യൻ സിനിമയ്ക്ക് ആ പാരമ്പര്യം തുടരാനാവൂ. നീതി ലഭിക്കേണ്ടത് ഏതെങ്കിലും പ്രത്യേക സിനിമകൾക്ക് മാത്രമല്ല. ആവിഷ്കാര സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന രീതിയിൽ ഫിലിം സെർറ്റിഫിക്കേഷൻ ബോർഡിനെ തന്നെ അഴിച്ചുപണിയേണ്ടതുണ്ട്. സദാചാര വിരുദ്ധമെന്ന് മുദ്രകുത്തി നമ്മൾ അകറ്റിനിർത്തുന്ന കല യഥാർത്ഥത്തിൽ നമ്മുടെ തന്നെ അപമാനങ്ങളെയാണ് വരച്ചുകാട്ടുന്നതെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

കഴിഞ്ഞ വർഷത്തെ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ സിനിമകളെക്കാള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് ദേശീയഗാനമായിരുന്നു. തിയറ്ററിനുള്ളില്‍ സിനിമാ പ്രദര്‍ശനത്തിന് തൊട്ട് മുന്‍പ് ദേശീയഗാനം കേള്‍പ്പിക്കണമെന്ന സുപ്രീം കോടതി വിധിക്ക് തൊട്ട് പിന്നാലെ വന്ന ചലച്ചിത്രോത്സവം എന്ന നിലയില്‍ ഇത് ഏറെ വാദപ്രതിവാദങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. ദേശീയഗാന സമയത്ത് ഇരുന്നു പ്രതിഷേധിച്ച ഫെസ്റ്റിവല്‍ ഡെലിഗേറ്റുകളെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നതുവരെ സംഗതി എത്തി. പോലീസ് അങ്ങനെയൊക്കെ ചെയ്തെങ്കിലും സംഭവത്തില്‍ അടങ്ങിയിരിക്കുന്ന രാഷ്ട്രീയ ധ്വനികളുടെ തിരിച്ചടി പിഎമ്മിന് മനസിലാകുന്നുണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് സുപ്രീം കോടതിയുടെ ഉത്തരവ് അനുസരിച്ചേ പറ്റൂ എന്നു നിയമ –സാംസ്കാരിക മന്ത്രി എ കെ ബാലന്‍ സമാപന സമ്മേളനത്തില്‍ കുമ്പസരിച്ചത്. ആളു കൂടുന്ന ഇടങ്ങളിളെല്ലാം ദേശീയ ഗാനം കേള്‍പ്പിക്കണം എന്നു ബാലന്‍ മന്ത്രി ഈയിടെ പ്രസ്താവന നടത്തി. ഇതിനൊപ്പം നോക്കേണ്ട മറ്റൊരു വസ്തുത ഒരു വര്‍ഷം മുന്‍പ് പ്രസിദ്ധീകരിച്ച ‘ശ്മശാനങ്ങളുടെ നോട്ടുപുസ്തകം’ എന്ന നോവലില്‍ ദേശീയ ഗാനത്തെ അനാദരിച്ചു എന്നാരോപിച്ചു യുവ എഴുത്തുകാരന്‍ കമല്‍ സി ചവറയെ പോലീസ് അറസ്റ്റ് ചെയ്തത്. ഈ പുസ്തകത്തിലെ ചില ഭാഗങ്ങള്‍ കമല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ ദേശസ്നേഹത്തെ ചൊറിപ്പെടുത്തിയതും പരാതിയിലേക്ക് നയിച്ചതും. വെറും 24 മണിക്കൂര്‍ കൊണ്ട് അറസ്റ്റിലായതും. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്‍മാരും സംഘ പരിവാറിന്റെ തീവ്ര ദേശീയതയെ നഖശിഖാന്തം എതിര്‍ക്കുന്നവരുമായ ഇടതു പക്ഷ യുവജന സാംസ്കാരിക ലോകം എന്തുകൊണ്ടാണ് ഇങ്ങനെ മൌനം ദീക്ഷിക്കുന്നത് എന്നാണ് മനസിലാകാത്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button