Latest NewsKeralaNews

ദിലീപ് നല്‍കിയ കത്തിന്റെ പൂര്‍ണരൂപം പുറത്ത്

തിരുവനന്തപുരം: നടന്‍ ദിലീപ് പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കും എ.ഡി.ജി.പി ബി. സന്ധ്യക്കുമെതിരേ സര്‍ക്കാരിനു നല്‍കിയ കത്തിന്റെ പൂര്‍ണരൂപം പുറത്ത്. ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതാ ബിശ്വാസിനു നല്‍കിയ കത്തിലെ പ്രധാന ആവശ്യം കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണം സി.ബി.ഐ.യെയോ സത്യസന്ധരായ ഉദ്യോഗസ്ഥരടങ്ങിയ മറ്റൊരു സംഘത്തേയോ ഏല്‍പ്പിക്കണമെന്നാണ്.

ബെഹ്റയ്ക്കെതിരേ

ഫോണിലൂടെയും നേരിട്ടും ഇ മെയില്‍ വഴിയും കേസില്‍ കുരുക്കാന്‍ ശ്രമമുണ്ടെന്നറിഞ്ഞ നാള്‍ മുതല്‍ ബെഹ്റയ്ക്ക് പരാതികള്‍ നല്‍കിയിരുന്നു. [പക്ഷെ എല്ലാം അവഗണിച്ചു. നീതിപൂര്‍വം ബെഹ്റ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ഞാന്‍ സംശയത്തിന്റെ പിടിയിലാകുമായിരുന്നില്ല. ഞാന്‍ പ്രതിയായത് ബെഹ്റയുടെ ബോധപൂര്‍വമായ അലസതമൂലമാണ്.

പോലീസ് മേധാവിയായിരുന്ന ടി.പി. സെന്‍കുമാര്‍ അന്വേഷണം ശരിയായ രീതിയിലല്ല മുന്നോട്ടുപോകുന്നതെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നെ പ്രതിയാക്കിയത് സെന്‍കുമാറിന്റെ നിലപാടുകള്‍ തെറ്റാണെന്ന് വരുത്തിത്തീര്‍ക്കാനാണ്.

ബെഹ്റയോട് പള്‍സര്‍ സുനി നാദിര്‍ഷായെ ഭീഷിപ്പെടുത്തി വിളിച്ച ദിവസംതന്നെ വിവരം ധരിപ്പിച്ചു. ബെഹ്റയ്ക്ക് ഇ മെയില്‍ വഴി താന്‍ പരിപാടി അവതരിപ്പിക്കുന്നതിനായി അമേരിക്കയിലേക്കു പോകുന്നതിനു മുമ്പു സഹോദരീഭര്‍ത്താവ് പരാതിയയച്ചു. എന്നാല്‍, ബെഹ്റ സുനിക്കെതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാന്‍ കൂട്ടാക്കിയില്ല.

സന്ധ്യയ്ക്കെതിരേ

എ.ഡി.ജി.പി സന്ധ്യയുടെ ലക്ഷ്യം സ്വന്തം കീര്‍ത്തി മാത്രമാണ്. സന്ധ്യയുടെ പതിവ് കുറ്റവാളിയാക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയ്ക്കെതിരേ വ്യാജ തെളിവുകളുണ്ടാക്കുകയാണ്. സന്ധ്യയും സംഘവുമാണ് എനിക്കെതിരേ മാധ്യമങ്ങളില്‍ വരുന്ന ആരോപണങ്ങള്‍ക്കു പിന്നില്‍. ജനങ്ങളെ ഞാനൊരു മോശക്കാരനാണെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളാണ് അവര്‍ നടത്തുന്നത്.

അന്വേഷണസംഘം തന്നെയാണ് ആലുവ പോലീസ് ക്ലബ്ബില്‍ എന്നെയും നാദിര്‍ഷായെയും 13 മണിക്കൂര്‍ ചോദ്യം ചെയ്തത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത്.

അന്വേഷണസംഘത്തിന്റെ തീരുമാനപ്രകാരമാണ് വാര്‍ത്താചാനലുകള്‍ പോലീസ് ക്ലബ്ബില്‍നിന്ന് തല്‍സമയ സംപ്രേക്ഷണം നടത്തിയതും. സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന കലാഭവന്‍ മണിയുടെ മരണത്തിനുപിന്നിലും ഞാനാണെന്ന് വരുത്താന്‍ അന്വേഷണസംഘം പുതിയ കഥകളുണ്ടാക്കി. ഈ കഥകള്‍ സൃഷ്ടിച്ച്‌ മാധ്യമങ്ങള്‍ക്ക് നല്‍കിയത് സന്ധ്യയും കൂട്ടരുമാണ്. പരസ്​പരം പുകഴ്ത്തലാണ് സന്ധ്യയുടെയും ബെഹ്റയുടെയും ജോലി. ജിഷാ വധക്കേസ് അന്വേഷണത്തിലുള്‍പ്പെടെ ഇത് കാണാം.

അറസ്റ്റിനുശേഷം വിവിധ സ്ഥലങ്ങളില്‍ കൊണ്ടുനടന്നത് പൊതുജനമധ്യത്തില്‍ അപമാനിക്കുക എന്ന ലക്ഷ്യമിട്ടാണ്. ഇത് മനഃപൂര്‍വം ആസൂത്രണം ചെയ്ത റോഡ് ഷോ ആയിരുന്നു. സന്ധ്യയുടെ താത്പര്യപ്രകാരം എനിക്കെതിരായ തെളിവുകള്‍ കൃത്രിമമായി സൃഷ്ടിച്ചത് എസ്.പി സുദര്‍ശനും ഡിവൈ.എസ്.പി. സോജനുമാണ്. ഇതിനു ബെഹ്റയുടെ ആശീര്‍വാദമുണ്ട്.

എനിക്ക് ഫോണ്‍ചെയ്യാന്‍ സുനിക്ക് ജയിലില്‍ പോലീസുകാരന്‍ സൗകര്യം ചെയ്തുകൊടുത്തു എന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. എന്തുകൊണ്ടാണ് ഈ പോലീസുകാരനെതിരേ കേസെടുക്കാത്തത്?

ഇതൊക്കെയാണ് കത്തിൽ ആരായുന്നത്. ദിലീപ് ഇരുവർക്കും എതിരെ ശക്തമായ ആരോപണങ്ങളുമായിട്ടാണ് രംഗത്തെത്തിയിരിക്കുന്നത്. ഇത് ബെഹ്റയ്ക്കും നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതലയുള്ള സന്ധ്യയ്ക്കുമെതിരായ ‘കുറ്റപത്ര’മാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button