തിരുവനന്തപുരം: എടുത്തുചാടി കേസും തുടർനടപടിയും സോളർ ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വേണ്ടെന്നു പൊലീസ് ഉന്നത തലത്തിൽ ധാരണ. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുമായി അന്വേഷണത്തിനായി സർക്കാർ നിയോഗിച്ച പ്രത്യേക സംഘത്തലവൻ ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാൻ, പൊലീസ് ആസ്ഥാനത്തെ ഐജി ദിനേന്ദ്ര കശ്യപ് എന്നിവർ നടത്തിയ ചർച്ചയിലാണു തീരുമാനം.
വിശദമായി കമ്മിഷൻ റിപ്പോർട്ടിലെ കണ്ടെത്തലും പൊരുത്തക്കേടുമെല്ലാം ചർച്ചചെയ്തു. ഉന്നത ഉദ്യോഗസ്ഥർ സരിതാ നായർ എഴുതിയെന്നു പറയുന്ന കത്തിന്റെ അടിസ്ഥാനത്തിൽ മാത്രം കേസ് എടുക്കാൻ കഴിയില്ലെന്ന നിലപാടാണ് ബെഹ്റയെ അറിയിച്ചത്. ഈ കത്തിൽ ലൈംഗിക ആരോപണം പിന്നീട് എഴുതിച്ചേർത്തതാണെന്നു സരിതയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണൻ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
മാത്രമല്ല, സരിത നിരന്തരം മൊഴി മാറ്റുകയും മുൻപു നൽകിയ പരാതികളിൽ മൊഴി നൽകാൻ എത്താതിരിക്കുകയും ചെയ്ത വ്യക്തിയാണ്. അതിനാൽ ആദ്യം സരിതയിൽനിന്ന് വിശദ മൊഴി രേഖപ്പെടുത്തണം. അതിൽ പറയുന്ന കാര്യങ്ങൾ സത്യമാണോയെന്നു പരിശോധിക്കണം. ആരോപണവിധേയർക്കു പറയാനുള്ളതും കേൾക്കണം. അതിനുശേഷം ആവശ്യമെങ്കിൽ കേസെടുത്താൽ മതിയെന്ന് ഉദ്യോഗസ്ഥർ കൂടിക്കാഴ്ചയിൽ പറഞ്ഞു.
Post Your Comments