ന്യൂസ്‌സ്റ്റോറി:
മരം കോച്ചുന്ന മഞ്ഞുമായി വീണ്ടുമൊരു വ്യശ്ചികം പുലര്‍ന്നു. കാനനമേട്ടില്‍ പൊന്നമ്പല നടതുറന്നു. അയ്യനെ കാണാൻ കഠിനമായ വൃത ശുദ്ധിയുടെ നിറവില്‍ പതിനായിരങ്ങള്‍ ശബരീശ സന്നിധിയിലേക്കു എത്തിത്തുടങ്ങി.കലിയുഗവരദനായ ശബരിമല അയ്യപ്പന്റെ പുണ്യദര്‍ശനം നേടാന്‍ മണ്ഡലവ്രതമെടുത്ത് മലചവിട്ടാന്‍ ഭക്തര്‍ തയ്യാറെടുക്കുകയാണ്. മറ്റു വ്രതങ്ങളില്‍ നിന്നും ശബരിമല വ്രതത്തിന് നിരവധി പ്രത്യേകതകളുണ്ടെന്നാണ് ഋഷീശ്വരന്മാര്‍ ചൂണ്ടിക്കാട്ടുന്നത്.
അയ്യപ്പന്‍ തപസ്സിരുന്ന ഭൂമി എന്ന നിലയില്‍ ശബരിമലയെ തപോഭൂമിയായി കണ്ടു നിരവധിപേർ ഈ തപോവനത്തിൽ എത്താറുണ്ട്.പഞ്ചശുദ്ധികളുടെ സംഗമമാണ് വ്രതങ്ങള്‍.പുണ്യസഞ്ചയനം, ആഗ്രഹസാഫല്യം, പാപനാശം തുടങ്ങി നിരവധി ഉദ്ദേശ്യങ്ങളാണ് വ്രതങ്ങള്‍ക്കുള്ളത്. ഭൗതിക സുഖങ്ങള്‍ക്കു പിന്നാലെ ഓടുന്ന മനുഷ്യനു ആതമീയതയുടെ മധുരം നുകരാന്‍ കിട്ടുന്ന ഉജ്വലമായ അവസരമാണ് ശബരിമല തീര്‍ത്ഥാടനം. സര്‍വ്വസംഗ പരിത്യാഗം അഥവാ ആഗ്രഹങ്ങളും സുഖഭോഗങ്ങളും ത്യജിക്കുക എന്നുളളതാണ് ശബരിമല ദര്‍ശനത്തിനോടനുബന്ധിച്ചുള്ള സമ്പൂര്‍ണ്ണ സങ്കല്‍പ്പം.
വൃശ്ചികം ഒന്നു മുതല്‍ ധനു പതിനൊന്നു വരെയുള്ള നാല്പത്തിയൊന്നു ദിവസമാണ് ശബരിമല വ്രതം അനുഷ്ഠിക്കുന്നത്.ഓരോ മണ്ഡല കാലവും മനുഷ്യനെ ആദ്ധ്യാത്മികമായി ഉയര്‍ത്തുകയും പ്രകൃതിയുമായി കൂടുതല്‍ അടുപ്പിക്കുകയും ചെയ്യുന്നു. ശബരിമലക്കു പോകുവാന്‍ ഒരാള്‍ മാലയണിഞ്ഞാല്‍ അയാളില്‍ കാതലായ മാറ്റങ്ങള്‍ വരുന്നതു കാണാന്‍ സാധിക്കും. പട്ടുമെത്തയില്‍ കിടന്നുറങ്ങിയവന്‍ പുല്‍പ്പായില്‍ കിടന്നുറങ്ങുന്നു. നേരം പുലാര്‍ന്നാലും മൂടിപ്പുതച്ചു കിടന്നിരുന്നവര്‍ ബ്രാഹ്മമുഹുര്‍ത്തത്തില്‍ ഉദ്ധാനം ചെയ്തു ദേഹശുദ്ധി വരുത്തി ക്ഷേത്ര ദര്‍ശനത്തിലും നാമജപത്തിലും മുഴുകുന്നു.
മാംസാഹാരം ഉപേക്ഷിച്ചു സസ്യാഹാരം മാത്രം ഭക്ഷിച്ചു ദിവസങ്ങള്‍ മുന്നോട്ട് നീക്കുന്നു. ക്ഷേത്രത്തില്‍ വെച്ച് രുദ്രാക്ഷം, തുളസിമാല എന്നിവയിലേതെങ്കിലും ധരിച്ചുകൊണ്ട് വ്രതം ആരംഭിക്കുന്നു. മദ്യം, മാംസാഹാരം, പകലുറക്കം തുടങ്ങിയവ പൂര്‍ണ്ണമായി ഒഴിവാക്കി അഹിംസ, സത്യം, ആസ്‌തേയം, ബ്രഹ്മചര്യം, സരളത എന്നിവ പാലിച്ചുകൊണ്ടാണ് വ്രതം അനുഷ്ഠിക്കേണ്ടത്. ഒപ്പം പ്രാതസന്ധ്യയിലും സായംസന്ധ്യയിലും ശരണം വിളിക്കണം. പാദരക്ഷകള്‍ ഉപേക്ഷിച്ചു നഗ്നപാദരായി കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെ സഞ്ചരിക്കുന്നു.
ഒടുവില്‍ ആചാരപ്രകാരം ശബരിമല ദര്‍ശനം കഴിഞ്ഞ ശേഷം ക്ഷേത്രസന്നിധിയിലെത്തി മാല ഊരി വ്രതം അവസാനിപ്പിക്കാം.സമസ്ത ജീവജാലങ്ങളോടും ആദരവ്, അക്രമരാഹിത്യം, ദയ തുടങ്ങിയ മൂല്യങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുക എന്നതും ശബരിമല തീര്‍ത്ഥാടനത്തിന്റെ മറ്റൊരു പ്രധാന ലക്ഷ്യമാണ്.ശബരിമല വ്രതത്തെ ജീവകടങ്ങളില്‍ നിന്നും മോചിപ്പിക്കാനുള്ള ഉപാധിയായാണ് കരുതപ്പെടുന്നത്. ഋഷിഋണം, ദേവഋണം, പിതൃഋണം എന്നീ മൂന്ന് കടങ്ങളാണ് മനുഷ്യനുള്ളത്.
ശബരിമല യാത്രയില്‍ ഇവ മൂന്നിൽ നിന്നും ഒരുമിച്ച് മോചനം നേടാന്‍ സാധിക്കുമെന്നാണ് വിശ്വാസം.ഒരു മണ്ഡലകാലം 41 ദിവസമണ്. ഇതിന്റെ പിന്നിലും ഒരു ശാസ്ത്രീയതയുണ്ട്. മണ്ഡലം എന്നതിനു 41 ദിവസങ്ങള്‍ വരുന്നത് ആദ്ധ്യാത്മികമായ കണക്കിലാണ്. പൗര്‍ണ്ണമിക്കു ശേഷം പ്രതിപദം മുതല്‍ അടുത്ത പൗര്‍ണ്ണമി വരെ 30 ദിവസവും പിന്നീട് ഏകാദശി വരെ 11 ദിവസവും ചേരുമ്പോള്‍ 41 ദിവസമാകുന്നു.
മണ്ഡല കാലത്തെ ബ്രഹ്മചര്യവ്രതം കൊണ്ട് ഋഷികടവും, പുണ്യപാപങ്ങള്‍ ഇരുമുടിക്കെട്ടിലാക്കി ശാസ്താവിനു സമര്‍പ്പിക്കുമ്പോള്‍ ദേവകടവും, പമ്പയില്‍ കുളിച്ച് പിതൃതര്‍പ്പണം ചെയ്യുമ്പോള്‍ പിതൃകടവും തീരുന്നു. അങ്ങനെ പുണ്യാഭിവൃദ്ധിയും പാപമോചനവും സാധ്യമാവുന്നു.
Post Your Comments