റാന്നി: കൊടും തണുപ്പിൽ പുതപ്പിക്കാൻ തുണിയില്ലാതെ ശബരിമല പൂങ്കാവനത്തിൽ ആദിവാസി യുവതിയുടെ നവജാത ശിശൂ മരിച്ചു. ചാലക്കയം ടോള്‍ ഗേറ്റിനു സമീപം താമസിച്ചിരുന്ന മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ട ആദിവാസികുടുംബത്തിലെ യുവതിക്കാണ് പ്രസവിച്ച് ദിവസങ്ങള്‍ക്കകം കുഞ്ഞിനെ നഷ്ടമായത്. ആദിവാസി ക്ഷേമത്തിനു ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ ഈ സംഭവം മൂടിവെക്കാനുള്ള ശ്രമത്തിലായിരുന്നു.
കൊടും കാട്ടിൽ ഇക്കഴിഞ്ഞ ആറിനാണ് മഞ്ജുവിന് പെണ്‍കുഞ്ഞ് ജനിച്ചതെന്നു പറയപ്പെടുന്നു. മഴ തിമിര്‍ത്തുപെയ്ത ദിവസങ്ങളില്‍ വനത്തിലെ ഷെഡില്‍ പുതപ്പിക്കാന്‍ തുണി പോലും ഇല്ലാതെ കഴിഞ്ഞ കുഞ്ഞ് കടുത്ത തണുപ്പു മൂലം മരിക്കുകയായിരുന്നെന്നാണു വിവരം. തുടർന്ന് താമസിച്ചിരുന്ന ഷെഡിനുള്ളിലെ തറയില്‍ മൃതദേഹം വച്ച് അതിനു മുകളിലേക്ക് ഷെഡ് മറിച്ചിട്ട് ആചാരപ്രകാരമുള്ള ”സംസ്കാരം” നടത്തിയതിനു ശേഷം കുടുംബം അവിടെ നിന്ന് താമസംമാറ്റി.
മരണം സ്ഥിരീകരിക്കാനോ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി തുടര്‍നടപടി സ്വീകരിക്കാനോ ഉദ്യോഗസ്ഥ തലത്തിൽ നടപടിയുണ്ടായില്ല. കൊടുംവനത്തില്‍നിന്നു പുറത്തെത്തിയവരാണ് കുഞ്ഞിന്റെ മരണ വിവരം പുറത്തറിയിച്ചത്. ളാഹ മുതലുള്ള പൂങ്കാവനത്തില്‍ 47 കുടുംബങ്ങളിലായി 209 ആദിവാസികളാണു കഴിഞ്ഞ വര്‍ഷം വരെ ഉണ്ടായിരുന്നത്.
ഇതില്‍ ഏറ്റവും പ്രായം കൂടിയ കല്യാണിയും മറ്റൊരാളും ഒരു വര്‍ഷത്തിനിടിയില്‍ മരണപ്പെട്ടിരുന്നു. ബാക്കിയുള്ളവരെ പരിചരിക്കാനോ വേണ്ട സഹായം നൽകാനോ ഉദ്യോഗസ്ഥർ തയ്യാറാവുന്നില്ലെന്നാണ് വിവരം.
Post Your Comments