ദുബായ് : ലോകമെങ്ങും ഭയപ്പെടുത്തുന്ന സന്ദേശങ്ങളാണ് ഒരു മൊബൈലില്‍ നിന്ന് മറ്റൊരു മൊബൈലിലേയ്ക്ക് പോയ്‌കൊണ്ടിരിക്കുന്നത്. അതിന്റെ സത്യാവസ്ഥ എന്തെന്ന് അന്വേഷിക്കാതെ സന്ദേശങ്ങള്‍ കൈമാറുകയാണ് ചെയ്യുന്നത്.
ഇറാന്‍-ഇറാഖ് അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഭൂകമ്പത്തിനു പിന്നാലെ, വലിയ രീതിയിലുള്ള വ്യാജ പ്രചാരണങ്ങളാണ് സമൂഹമാധ്യമങ്ങള്‍ വഴി നടക്കുന്നത് ഭൂകമ്പത്തിന്റെ പ്രകമ്പനം ഗള്‍ഫ് മേഖലയില്‍ ഉണ്ടായതോടെയാണ് വലിയ രീതിയിലുള്ള വ്യാജ പ്രചാരണം നടക്കുന്നത്. ചില പ്രത്യേക ദിവസം ഗള്‍ഫ് മേഖലയില്‍ ഭൂകമ്പം ഉണ്ടാകുമെന്ന രീതിയിലാണ് പ്രചരണം. സമൂഹമാധ്യമങ്ങള്‍ വഴി ഇവ വലിയ രീതിയില്‍ പ്രചരിക്കുകയും ചെയ്യുന്നു. ഇത്തരം വ്യാജ പ്രചരണങ്ങളില്‍ വീഴരുതെന്ന് വിദഗ്ധര്‍ അറിയിച്ചു.
ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടിയാണ് വ്യാജ പ്രചരണങ്ങള്‍ക്കെതിരെ രംഗത്തെത്തിയത്. സമൂഹ മാധ്യമത്തിലൂടെയാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. നവംബര്‍ 17 നോ 18 നോ അതോ ഭാവിയില്‍ ഏതെങ്കിലും ഒരു ദിവസമോ ഒരു പ്രത്യേക സ്ഥലത്ത് ഒരു വലിയ ഭൂകമ്പമുണ്ടാവുമെന്ന് പ്രവചിക്കുവാനുള്ള ഒരു ശാസ്ത്രവും ഇപ്പോള്‍ ലോകത്ത് നിലവിലില്ല. അതുകൊണ്ടു തന്നെ യുഎസ് ജിയോളജി എന്നോ നാസയെന്നോ മറ്റേതെങ്കിലും ഔദ്യോഗിക ഏജന്‍സിയെന്നോ പേരില്‍ വരുന്ന ഓരോ സന്ദേശവും നൂറു ശതമാനം തട്ടിപ്പാണ്. ഇക്കാര്യത്തില്‍ സംശയം വേണ്ട- മുരളി തുമ്മാരുകുടി കുറിച്ചു.
ഇറാഖില്‍ ഭൂകമ്പമുണ്ടായ അന്നു തന്നെ ഇതിലും വലിയ ഭൂകമ്പം വരുമെന്നും പറഞ്ഞുള്ള വ്യാജസന്ദേശങ്ങള്‍ ഉടനടി ഉണ്ടാകുമെന്ന കാര്യം ഞാന്‍ പറഞ്ഞിരുന്നു. ഇരുപത്തിനാലു മണിക്കൂറിനകം അത് സത്യമാവുകയും ചെയ്തു. ഇതിപ്പോള്‍ ലോകത്ത് പതിവായിരിക്കുകയാണ്. എന്ത് സംതൃപ്തിയാണ് ഇത്തരം വ്യാജസന്ദേശങ്ങള്‍ ഉണ്ടാക്കിവിടുന്നവര്‍ അനുഭവിക്കുന്നതെന്ന് എനിക്കറിയില്ല. പക്ഷേ, ഏറെ ആളുകളെ പരിഭ്രാന്തരാക്കാന്‍ ഇത്തരം വ്യാജസന്ദേശങ്ങള്‍ക്ക് കഴിയും.
ലോകത്ത് എവിടെയും ഉണ്ടാകുന്ന ദുരന്തങ്ങളെപ്പറ്റിയും അതിനെക്കുറിച്ച് ലഭ്യമായ ശാസ്ത്രീയമായ മുന്നറിയിപ്പുകളെപ്പറ്റിയും എല്ലാ സമയത്തും ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന ആളാണ് ഞാന്‍. ഇന്ത്യയിലിരുന്ന് വ്യാജസന്ദേശങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഫോര്‍വേഡ് ചെയ്യുന്നപോലെ ഗള്‍ഫ് മേഖലയിലിരുന്ന് ചെയ്യരുത്. അവിടെ കരക്കമ്പി നടത്തുന്നതിനെതിരെയെല്ലാം ശക്തമായ നിയമങ്ങളുണ്ട്. അവ പാലിക്കപ്പെടുകയും ചെയ്യും- മുരളി തുമ്മാരുകുടി സമൂഹമാധ്യമത്തില്‍ കുറിച്ചു.
Post Your Comments