തൊടുപുഴ: കേരളത്തില്‍ പച്ചക്കറി വില കുതിച്ചുകയറുന്നു. തമിഴ്നാട്ടില്‍ പച്ചക്കറി വില കുറയുമ്പോള്‍ കേരളത്തിലെ ചന്തകളില്‍ പച്ചക്കറി വില കുതിച്ചുകയറുകയാണ്. തമിഴ്നാട്ടിലെ മഴ ശരിക്കും മുതലാക്കുന്നതു കേരളത്തിലേക്കു പച്ചക്കറിയെത്തിക്കുന്ന മൊത്ത വ്യാപാരികളാണ്. കമ്പം, ചിന്നമന്നൂര്‍ വിപണികളില്‍നിന്നു ചുരം താണ്ടി പച്ചക്കറി കേരളത്തിലെത്തിയാല്‍ പത്തു മുതല്‍ അറുപത് ശതമാനം വരെ വിലവര്‍ധിക്കും.
ഇന്നലെ ചിന്നമന്നൂര്‍ എന്‍.കെ.പി. തേവര് മാര്‍ക്കറ്റില്‍ നടന്ന പച്ചക്കറി ലേലത്തിലെ തുക ഈ കൊള്ള തുറന്നുകാട്ടുന്നതാണ്. എന്‍.കെ.പി. മാര്‍ക്കറ്റില്‍ ഇന്നലെ ഒരു കിലോ തക്കാളിക്ക് 30 രൂപ നിരക്കിലാണു ലേലം നടന്നത്. ഇതേ തക്കാളി തൊടുപുഴ മാര്‍ക്കറ്റിലെത്തിയപ്പോള്‍ വില 55 രൂപയായി. 30 രൂപയ്ക്ക് തമിഴ്നാട്ടില്‍ ലഭിക്കുന്ന പാവയ്ക്കയ്ക്ക് ഇവിടെ 60 രൂപ. ബീന്‍സിന് സംസ്ഥാനം മാറിയപ്പോള്‍ ഒരു കിലോയ്ക്ക് 20 രൂപയില്‍ അധികം വര്‍ധിച്ചു.
ചിന്നമന്നൂര്‍ മാര്‍ക്കറ്റില്‍ കിലോയ്ക്ക് 35 രൂപയ്ക്ക് ലേലം നടന്ന കാരറ്റ് തൊടുപുഴയിലെത്തിയപ്പോള്‍ 80 രൂപയായി. 25 രൂപയ്ക്ക് തമിഴ്നാട്ടില്‍ ലഭിക്കുന്ന സവോളയ്ക്ക് 50 രൂപയാണ് ഈടാക്കുന്നത്. അതിര്‍ത്തി കടക്കുമ്പോള്‍ ഉള്ളിക്കാണ് ഏറ്റവും കൂടുതല്‍ വില ഉയരുന്നത്. ചിന്നമന്നൂര്‍ മാര്‍ക്കറ്റില്‍ 85 രൂപ വിലയുള്ള ഉള്ളിക്ക് അതിര്‍ത്തികടന്നപ്പോള്‍ വില 170 രൂപയായി. മുരിങ്ങയ്ക്ക, വെണ്ടയ്ക്ക, അച്ചിങ്ങ, പച്ചത്തക്കാളി, പച്ചമുളക്, പടവലം എന്നിവയുടെ വിലയും 10 മുതല്‍ 50 ശതമാനം വരെ വര്‍ധിക്കുന്നുണ്ട്.
എന്‍.കെ.പി. മാര്‍ക്കറ്റ് വില ഇങ്ങനെ
തക്കാളി 30-40
പാവയ്ക്ക 30-35
ബീന്‍സ് 35-40
കാരറ്റ് 35-40
ബീറ്റ്റൂട്ട് 25-30
ഉള്ളി 85-90
കിഴങ്ങ് 10-15
സവോള 25-30
മുരിങ്ങയ്ക്ക 55-60
വെണ്ടയ്ക്ക 10-15
അച്ചിങ്ങാ 20-25
പച്ചത്തക്കാളി 15-20
പച്ചമുളക് 20-25
പടവലങ്ങ 15-20
തൊടുപുഴ മാര്‍ക്കറ്റ്
തക്കാളി 55
പാവയ്ക്ക 60
ബീന്‍സ് 50
കാരറ്റ് 80
ബീറ്റ്റൂട്ട് 50
ഉള്ളി 170
സവോള 50
മുരിങ്ങയ്ക്കാ 70
വെണ്ടയ്ക്ക 40
പയര്‍ 60
പച്ചമുളക് 60
പടവലങ്ങ 40
കോവയ്ക്ക 40
കിഴങ്ങ് 25
ഇഞ്ചി 60
Post Your Comments