Latest NewsParayathe VayyaEditorialPrathikarana VedhiEditor's Choice

മാര്‍ത്താണ്ഡം കായല്‍ മാത്രമല്ല, ഈ കേരളം തന്നെ ചാണ്ടി കൊണ്ടുപോകുമോ, ദൈവമേ!

കേരള ജനത പ്രതീക്ഷയോടെ ജയിപ്പിച്ചു അധികാരത്തില്‍ കയറ്റിയ കമ്യൂണിസ്റ്റ് മന്ത്രി സഭ അഴിമതിയുടെ പേരില്‍ നാണം കെടാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഭരണത്തില്‍ ഏറിയിട്ടു ഒരു വര്ഷം മാത്രമാണ് ഈ മന്ത്രിസഭ പൂര്‍ത്തിയാക്കിയത്. ഈ കാലയളവില്‍ ബന്ധുനിയമനത്തിന്റെയും ലൈംഗിക ആരോപണത്തിന്റെയും പേരില്‍ രണ്ടു മന്ത്രിമാര്‍ പുറത്തായി. ഇപ്പോള്‍ ഗുരുതര നിയമ ലംഘനം നടത്തി കേരളത്തിന്റെ അഭിമാനമായി നില്‍ക്കുകയാണ് ഗതാഗത വകുപ്പ് മന്ത്രി തോമസ്‌ ചാണ്ടി.

വ്യക്തമായ തെളിവുകള്‍ മാധ്യമങ്ങള്‍ പുറത്തു വിടുകയും കലക്ടറുടെ റിപ്പോര്‍ട്ട് സര്‍ക്കാരിനു ലഭിക്കുകയും ചെയ്തിട്ടും അഴിമതി ഒന്നും നടന്നിട്ടില്ലെന്ന രീതിയിലാണ് ചാണ്ടിയും മുഖ്യമന്ത്രിയും നില്‍ക്കുന്നത്. വോട്ടു ചെയ്ത ജനങ്ങളെ ഇങ്ങനെ വിഡ്ഢികള്‍ ആക്കുന്ന ഈ മന്ത്രിസഭയാണ് കേരളത്തെ ശരിയാക്കാന്‍ വന്നതെന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു.എല്ലാം ശരിയാക്കാന്‍ വന്നിട്ടു സ്വന്തം പാര്‍ട്ടിക്കാരെ നിലയ്ക്ക് നിര്‍ത്താന്‍ കഴിയാത്ത അഴിമതി ഭരണമായി മാറുന്ന പിണറായി സര്‍ക്കാര്‍ തോമസ്‌ ചാണ്ടി വിവാദത്തില്‍ കാണിക്കുന്ന ഒളിച്ചുകളിഎന്തിനാണ്? തോമസ്‌ ചാണ്ടി വിവാദത്തില്‍ ഭരണകൂടം കാട്ടുന്ന അലസത എന്തിനു? കോടതി പോലും വിമര്‍ശിച്ചിട്ടും യത്തൊരു ഉളുപ്പുമില്ലാതെ താന്‍ ഇനിയും ഭരണത്തില്‍ ഉണ്ടാകുമെന്ന് പറയുന്ന ചാണ്ടിയും ചാണ്ടിയുടെ മൂടുതാങ്ങിയായ ഭരണ നേതാക്കളും കാട്ടുന്നതാണ് ശരിയായ ഭരണം.

സര്‍ക്കാരിനൊ വ്യക്തിയ്ക്കോ മാത്രം നല്‍കാവുന്ന ഹര്‍ജി മന്ത്രിയാണ് താനെന്നും പറഞ്ഞു കൊണ്ട് നല്‍കുകയും നീതിന്യായത്തെ തന്നെ വെല്ലുവിളിക്കുകയും ചെയ്യുന്ന മന്ത്രിയായി ചാണ്ടി മാറി. മാര്‍ത്തണ്ഡം കായല്‍ കയ്യേറ്റം സംബന്ധിച്ച് കലക്ടറുടെ റിപ്പോര്‍ട്ട് ചോദ്യം ചെയ്താണ് തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചത്. ഇത് തെറ്റായ ഒരു കീഴ്വഴക്കമാണ്. കാരണം അന്വേഷണത്തിന് സര്‍ക്കാര്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയും ചെയ്തിരിക്കുകയാണ്. സര്‍ക്കാരില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് മജിസ്ട്രേറ്റ് കോടതിക്ക് കൈമാറുകയും തുടര്‍ നടപടിക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്താല്‍ തോമസ് ചാണ്ടിക്ക് റിപ്പോര്‍ട്ട് റദ്ദാക്കാന്‍ കോടതിയെ സമീപിക്കാം. അങ്ങനെ അല്ലാതെ റിപ്പോര്‍ട്ട് സമര്‍പ്പിച്ച പ്രാരംഭ ദിശയില്‍ തന്നെ ഇത്തരത്തില്‍ കോടതിയെ സമീപിക്കുന്നത് തെറ്റായ നടപടിയാണെന്നാണ് വിലയിരുത്തല്‍.
കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് റദ്ദാക്കാന്‍ ആവശ്യമെങ്കില്‍ സര്‍ക്കാരിന് കോടതിയെ സമീപിക്കാം. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗമായ തോമസ് ചാണ്ടി സ്വന്തം നിലക്കാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

മന്ത്രിക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന് കോടതി പരാമര്‍ശിച്ചു. സര്‍ക്കാരിനെതിരെ സമീപിച്ചത് അയോഗ്യതയുടെ ഉദാഹരണമാണ്. അതുകൊണ്ട് മന്ത്രിയെ അയോഗ്യനാക്കേണ്ട ഏറ്റവും ഉത്തമമായ സാഹചര്യമെന്ന് കോടതി വിലയിരുത്തി. അതേസമയം തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള കുട്ടനാട്ടിലെ റിസോര്‍ട്ട് ഭൂമി നികത്തിയതില്‍ ക്രമക്കേടുണ്ടായിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. നിലം നികത്തിയതില്‍ ക്രമക്കേടുണ്ടായിട്ടുണ്ട് എന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇതില്‍ തന്റെ പേര് വലിചിഴച്ചതാണെന്നും കലക്ടറുടെ റിപ്പോര്‍ട്ട് വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും മന്ത്രി പറയുന്നു. ഈ വിഷയത്തില്‍ വലിയ ചര്‍ച്ചകള്‍ നടക്കുമ്പോള്‍, മാധ്യമങ്ങള്‍ വാര്‍ത്തകള്‍ ആക്കുമ്പോള്‍ അതിനെതിരെ ഒരക്ഷരം മിണ്ടാതെ സമയത്ത് കാര്യങ്ങള്‍ നടക്കുമെന്ന് മാത്രം പറയുന്ന പിണറായി മുഖ്യമന്ത്രിയെ ഇനിയും വിശ്വസിക്കേണ്ടതുണ്ടോ?

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരോപണ വിധേയനായ മന്ത്രി ബാബുവിന്റെ രാജി ആവശ്യപ്പെടാതിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചവരാണ് എല്‍ഡിഎഫ്. ഈ മന്ത്രിസഭയിലും ഇ പി ജയരാജന്‍ ബന്ധു നിയമന വിവാദത്തില്‍പ്പെട്ടപ്പോള്‍ അദ്ദേഹത്തെക്കൊണ്ട് പിണറായി രാജിവയ്പ്പിക്കുകയും ചെയ്തു. എന്നാല്‍ തോമസ് ചാണ്ടിയുടെ കാര്യത്തില്‍ എന്തുകൊണ്ടാണ് പിണറായി മലക്കം മറിയുന്നതെന്ന് വ്യക്തമല്ല. തോമസ് ചാണ്ടിക്കെതിരെ ആലപ്പുഴ കളക്ടര്‍ ടി വി അനുപമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ ചാണ്ടി ഭരണം അവസാനിപ്പിക്കേണ്ട സാഹചര്യമുണ്ടാകുമെന്നു തോന്നി. മുഖം രക്ഷിക്കാന്‍ ശശീന്ദ്രനെ ബലി കൊടുത്ത പിണറായി കുവൈറ്റ് ചാണ്ടിയെ ഭയക്കുന്നു. അതല്ലേ കോടതി പോലും അയോഗ്യനാക്കേണ്ട സാഹര്യമാണ് മന്ത്രി ഉണ്ടാക്കിയതെന്ന് പറഞ്ഞിട്ടും മുഖ്യന്‍ രാജി ആവശ്യപ്പെടാത്തത്. കൂടാതെ എന്‍ സിപിയുടെ യോഗത്തില്‍ ചാണ്ടിക്കെതിരെ ശബ്ദങ്ങള്‍ ഉയര്‍ന്നെങ്കിലും മുഖ്യമന്ത്രി പറയട്ടെ അപ്പോള്‍ രാജി തീരുമാനിക്കാം എന്ന നിലപാട് നേതാക്കള്‍ ഉയര്‍ത്തുകയും ചെയ്യുന്നത്.

തെറ്റ് ചെയ്തിട്ട് അത് തെറ്റാണെന്ന് ചുറ്റുമുള്ളവര്‍ പറഞ്ഞിട്ടും ആ സത്യം അംഗീകരിക്കാതെ, അതാണ്‌ തന്റെ ശരിയെന്നു പറയുന്ന ഭരണകര്‍ത്താക്കള്‍. വിമര്‍ശനങ്ങള്‍ ശക്തമാകുമ്പോഴും പ്രതിഷേധങ്ങള്‍ ഉയരുമ്പോഴും ചാണ്ടിയുടെ അട്ടഹാസങ്ങളില്‍ മൌനമായി ഒളിച്ചിരിക്കുന്ന പിണറായിയെ ആരും കാണുന്നില്ല. എന്തുകൊണ്ട് ഇത്രയും സമ്മര്‍ദ്ദം ഉയര്‍ന്നിട്ടും ചാണ്ടിയുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടുന്നില്ല? നാളെ നാളെ നീളെ നീളെയായി നീളുന്ന ചാണ്ടിയുടെ രാജി ഭരണ പക്ഷത്തിന്റെ പ്രതിച്ഛായയില്‍ കരിവാരി തേയ്ക്കുന്ന ഒന്നാണ്. എന്നാല്‍ ഇതിനെ അലങ്കാരമായി കാണുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. തെളിവുകള്‍ കാണിച്ചാല്‍ മന്ത്രി സ്ഥാനവും എം എല്‍ എ സ്ഥാനവും രാജി വയ്ക്കുമെന്നു പറഞ്ഞു ഷോ കാട്ടിയ മന്ത്രി ഇന്ന് ഇത്രയും വിമര്‍ശങ്ങള്‍ ഉയര്‍ന്നിട്ടും കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുന്നത് അധികാരത്തിനു വേണ്ടി മാത്രം തന്നെയാണ്. അല്ലാതെ ജനങ്ങളെ സേവിക്കാന്‍ അല്ല. ആ തിരിച്ചറിവ് പൊതുജനത്തിനുണ്ടായിക്കഴിഞ്ഞു. ഇനി ഈ ഭരണപക്ഷം കാലാവധി പൂര്‍ത്തിയാക്കാന്‍ കിടക്കുന്ന വര്‍ഷങ്ങള്‍ ഓര്‍ക്കുമ്പോള്‍ മാര്‍ത്താണ്ഡം കായല്‍ മാത്രമല്ല കേരളം തന്നെ ഉണ്ടാകുമെന്ന് തോന്നുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button