ലണ്ടൻ:വിശ്വകവി രബീന്ദ്രനാഥ ടാഗോർ “ഗീതാഞ്ജലി’യുടെ ഇംഗ്ലീഷ് പരിഭാഷ പൂർത്തിയാക്കാനായി ചെലവഴിച്ച ലണ്ടനിലെ വസതി സ്മാരകമാക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ലണ്ടൻ സന്ദർശനത്തിനിടെ ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേഷ് പട്നായിക്കുമായി മമത ഇക്കാര്യം സംസാരിച്ചു. 27 ദശലക്ഷം പൗണ്ട് (ഏകദേശം 23 കോടി) ആണ് ഈ വീടിന്റെ വിലയെന്നാണ് റിപ്പോർട്ട്.
നോർത്ത് ലണ്ടനിലെ ഹാംസ്റ്റെഡ് ഹീത്തിലുള്ള ഈ വസതിയിൽ വച്ചാണ് ടാഗോറിന് സാഹിത്യത്തിനുള്ള നോബൽ നേടിക്കൊടുത്ത കവിതാസമാഹാരം ഗീതാഞ്ജലിയുടെ ഇംഗ്ലീഷ് പരിഭാഷ പൂർത്തിയാക്കിയത്. 1910 ജൂലൈയിലാണ് 157 ഗാനങ്ങളോടെ ബംഗാളി ഭാഷയിലുള്ള ഗീതാഞ്ജലി പ്രസിദ്ധമായത്. ഇതിൽ 103 ഗാനങ്ങൾ ടാഗോർ ഇംഗ്ലീഷ് പരിഭാഷയിൽ ഉൾപ്പെടുത്തിയിരുന്നു.
ഗീതാഞ്ജലിയുടെ ഇംഗ്ലീഷ് പരിഭാഷയ്ക്ക് അവതാരികയെഴുതി ഐറിഷ് കവി ഡബ്ല്യു.ബി. യേറ്റ്സ്, സി.എഫ്. ആൻഡ്രൂസ് ഉൾപ്പെടെയുള്ളവരുമായി ടഗോർ അക്കാലത്ത് അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു. 1912 നവംബർ ഒന്നാം തീയ്യതി ലണ്ടനിലെ ഇന്ത്യ സൊസൈറ്റി ഗീതാഞ്ജലിയുടെ ഇംഗ്ലിഷ് പരിഭാഷ പ്രസിദ്ധീകരിച്ചു. തൊട്ടടുത്ത വർഷം ടാഗോറിന് നൊബേൽ സമ്മാനം ലഭിച്ചു.
Post Your Comments