ഏറെ പ്രതീക്ഷകളോടെ ചൈന ആറു വര്‍ഷം മുന്‍പ് ബഹിരാകാശത്തേക്ക് അയച്ച സ്‌പേസ് സ്റ്റേഷന്‍ ‘തിരിച്ച് ഭൂമിയിലേയ്ക്ക് പതിക്കുന്നു’. പ്രവര്‍ത്തനം നിലച്ചതിനെത്തുടര്‍ന്ന് ചൈനയുടെ ടിയാന്‍ ഗോങ് ബഹിരാകാശ നിലയം ഭൂമിയിലേക്ക് പതിക്കാനൊരുങ്ങുകയാണ്. നിലവിലെ നിരീക്ഷണ റിപ്പോര്‍ട്ട് പ്രകാരം യൂറോപ്യന്‍ രാജ്യങ്ങളില്‍ വീഴുമെന്നാണ് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നത്. വലിയ ‘തീ മഴ’യോടെ 2018 ആദ്യത്തിലായിരിക്കും ഇതു സംഭവിക്കുകയെന്നും ഇഎസ്എയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പോസ്റ്റു ചെയ്ത കുറിപ്പിലുണ്ട്.
നിലയം വീഴുമ്പോഴുള്ള ദുരന്തം ഒഴിവാക്കാനായി രാജ്യാന്തര തലത്തിലുള്ള 13 സ്‌പേസ് ഏജന്‍സികള്‍ ഇഎസ്എയ്‌ക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കും. നാസ, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സികള്‍, ജക്‌സ, ഇന്ത്യയുടെ ഐഎസ്ആര്‍ഒ, കെഎആര്‍ഐ, റോസ്‌കോസ്‌മോസ്, ചൈന നാഷണല്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. ഇന്ത്യയ്ക്ക് സമീപത്തു കൂടെയും ചൈനീസ് ബഹിരാകാശ നിലയം സഞ്ചരിക്കുന്നുണ്ട്. ഇതിന്റെ കൃത്യമായ നീക്കങ്ങള്‍ നിരീക്ഷിച്ച് ഐഎസ്ആര്‍ഒ റിപ്പോര്‍ട്ട് ചെയ്യും.
ബഹിരാകാശ ഗവേഷകരെല്ലാം നിലയത്തിന്റെ സഞ്ചാര വഴി കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ഇതിലൂടെ വന്‍ ദുരന്തം ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെക്കന്റില്‍ ഏഴു കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ചൈനീസ് നിലയം ഇപ്പോള്‍ ഭൂമിയില്‍ നിന്ന് 300 കിലോമീറ്റര്‍ ഉയരത്തിലുള്ള ഓര്‍ബിറ്റിലാണ്.
Post Your Comments