International

ഭൂമിയ്ക്ക് വീണ്ടും ഭീഷണി ഉയര്‍ത്തി ചൈനീസ് ബഹിരാകാശ നിലയം : ബഹിരാകാശ നിലയം അപകടത്തിലാക്കുന്നത് ആരെന്ന് ഞെട്ടിക്കുന്ന കണ്ടെത്തല്‍

ന്യൂയോര്‍ക്ക് : ഭൂമിയ്ക്ക് വീണ്ടും ഭീഷണി ഉയര്‍ത്തി ചൈനീസ് ബഹിരാകാശ നിലയം. ബഹിരാകാശ നിലയം അപകടത്തിലാക്കുന്നത് ആരെന്ന് കണ്ടെത്തിയപ്പോള്‍ അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങള്‍ ഞെട്ടി.

അസാധാരണമായൊരു കാഴ്ചയ്ക്കാണ് അടുത്തിടെ ബഹിരാകാശ നിരീക്ഷകര്‍ സാക്ഷ്യം വഹിച്ചത്. ചൈനയുടെ ഒരു ബഹിരാകാശ നിലയം പെട്ടെന്ന് ഭ്രമണപഥം വിട്ടു ഭൂമിക്കു നേരെ പാഞ്ഞു വരുന്നു. ഭ്രമണപഥത്തില്‍ നിന്ന് പിടിവിട്ടതു പോലെ താഴേക്ക് 95 കിലോമീറ്ററോളം നിലയം കുതിച്ചെത്തി. ഏതാനും ദിവസം അതു തുടര്‍ന്നു. പിന്നീട് തിരികെ ഭ്രമണപഥത്തിലേക്കു കടക്കുകയും ചെയ്തു. നിലയത്തിന്റെ പേര് എല്ലാവര്‍ക്കും സുപരിചിതമായ ഒന്നാണ്. ടിയാന്‍ഗോങ്-2. അതെ, മൂന്നു മാസം മുന്‍പ് ലോകത്തെ ഭയപ്പെടുത്തി ഭൂമിക്കു നേരെ പാഞ്ഞെത്തിയ ചൈനീസ് ബഹിരാകാശ നിലയം ടിയാന്‍ഗോങ്-1ന്റെ ‘സഹോദരന്‍’.

ആകാശത്തു ഭ്രാന്തുപിടിച്ചതു പോലുള്ള ടിയാന്‍ഗോങ് വണ്ണിന്റെ ‘ഇളക്കം’ ചൈനീസ് ബഹിരാകാശ ഗവേഷകര്‍ തന്നെ സൃഷ്ടിച്ചതാണെന്നാണു കരുതുന്നത്. പ്രവര്‍ത്തനം നിലച്ച നിലയത്തെ ഡീകമ്മിഷന്‍ ചെയ്യുന്നതിനു മുന്നോടിയായി നടത്തിയ പരീക്ഷണ പ്രവര്‍ത്തനമായിരുന്നു അതെന്നാണു ഭൂരിപക്ഷം പേരും കരുതുന്നത്. എന്നാല്‍ ഇത്തവണ അധികം ഭയപ്പെടാനില്ല. ടിയാന്‍ഗോങ് വണ്‍ യാതൊരു നിയന്ത്രണവുമില്ലാതെ ‘പിടിവിട്ടതു’ പോലെയാണു താഴേക്കു വന്നതെങ്കില്‍ ടിയാന്‍ഗോങ് -ടുവിനു മേല്‍ ഗവേഷകര്‍ക്ക് അത്യാവശ്യം നിയന്ത്രണങ്ങളൊക്കെയുണ്ട്.

ബഹിരാകാശ മേഖലയിലെ രാജ്യത്തിന്റെ ‘നിയന്ത്രണം’ ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കാനാണ് ഇത്തവണ ചൈനയുടെ നീക്കം. എന്നാല്‍ ചൈനയുടെ ‘മാന്‍ഡ് സ്‌പെയ്‌സ് എന്‍ജിനീയറിങ് ഓഫിസ്’ ഇതു സംബന്ധിച്ച ഔദ്യോഗിക വിശദീകരണങ്ങളൊന്നും ഇതുവരെ നല്‍കിയിട്ടില്ല. നിലവില്‍ യുഎസ് പ്രതിരോധ വകുപ്പിനു കീഴിലെ സ്ട്രാറ്റജിക് കമാന്‍ഡ് വഴിയാണ് ചൈനീസ് നിലയത്തെപ്പറ്റിയുള്ള നിര്‍ണായക വിവരങ്ങള്‍ ലോകത്തിനു മുന്നിലെത്തിയത്.

ജൂണ്‍ 13ന് ടിയാന്‍ഗോങ് -2 അസാധാരണമായ വിധം താഴേക്കു പതിച്ചതായി കലിഫോര്‍ണിയയിലെ ജോയിന്റ് സ്‌പെയ്‌സ് ഓപറേഷന്‍സ് സെന്ററില്‍ നിന്നുള്ള നിരീക്ഷണത്തില്‍ ദൃശ്യമാവുകയായിരുന്നു. താഴേക്കു കുതിച്ചെത്തി ആ ഉയരത്തില്‍ പത്തു ദിവസത്തോളം നിലയം തുടര്‍ന്നു. പിന്നീട് അതിന്റെ യഥാര്‍ഥ ഭ്രമണപഥത്തിലേക്കു തിരികെ പോകുകയും ചെയ്തു. ഇത് ചൈനയുടെ ‘കണ്‍ട്രോള്‍ഡ് ത്രസ്റ്റ് ടെസ്റ്റാ’യാണു ഗവേഷകര്‍ കണക്കാക്കുന്നത്. തങ്ങള്‍ ഉദ്ദേശിക്കുന്ന സമയത്ത്, തീരുമാനിച്ചയിടത്തു നിലയം വീഴ്ത്താനുള്ള പരീക്ഷണ നീക്കമാണിത്. എന്നാല്‍ എന്നായിരിക്കും നിലയത്തിന്റെ പതനമെന്നു വ്യക്തമായിട്ടില്ല. പക്ഷേ എവിടേയായിരിക്കണം നിലയം വീഴേണ്ടത് എന്നതില്‍ കൃത്യമായ ധാരണയുണ്ടെന്നാണു വിവരം.

‘ഉപഗ്രഹങ്ങളുടെ ശ്മശാനം’ എന്നറിയപ്പെടുന്ന സൗത്ത് പസഫിക് സമുദ്രത്തിലെ പ്രത്യേക ഭാഗമാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ബഹിരാകാശ നിലയങ്ങള്‍ തകര്‍ത്തു വീഴ്ത്തുന്നതിന് യുഎസും റഷ്യയും ഉപയോഗിക്കുന്ന സ്ഥിരം പ്രദേശമാണിത്. ഒഴിവാക്കുന്നതിനു മുന്‍പ് ഭ്രമണപഥം താഴ്ത്തി നോക്കുകയാണു ചൈന ചെയ്തതെന്നും ഇത് ഡീകമ്മിഷനിങ്ങിന്റെ ഭാഗമായി സ്ഥിരം ചെയ്യുന്നതാണെന്നും വിദഗ്ധര്‍ പറയുന്നു.

2016 സെപ്റ്റംബര്‍ 15നാണ് ലോങ് മാര്‍ച്ച് 2 എഫ് റോക്കറ്റില്‍ ചൈന ടിയാന്‍ഗോങ് -2നെ ഭ്രമണപഥത്തില്‍ എത്തിച്ചത്. 8600 കിലോഗ്രാമാണ് ആകെ ഭാരം. 34 അടി വരും നീളം. വ്യാസം 14 അടിയും. ബഹിരാകാശത്ത് ഇന്ധനം നിറയ്ക്കുന്നതിനും പരീക്ഷണ ശാലയായുമെല്ലാം ചൈന ടിയാന്‍ഗോങ്- ടുവിനെ ഉപയോഗിക്കുന്നുണ്ട്. രാജ്യാന്തര ബഹിരാകാശ നിലയത്തിനു സമാനമായി 2022ല്‍ ചൈനയും നിലയം വിക്ഷേപിക്കാനൊരുങ്ങുകയാണ്. അതിനു മുന്നോടിയായുള്ള നിര്‍ണായക പരീക്ഷണങ്ങളെല്ലാം ടിയാന്‍ഗോങ് 2ലാണു നടക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ചൈനീസ് ബഹിരാകാശ യാത്രികര്‍ 30 ദിവസത്തോളം ഈ നിലയത്തില്‍ താമസിച്ചിരുന്നു. ചൈനീസ് ഗവേഷകര്‍ ഇന്നേവരെ നടത്തിയതില്‍ ഏറ്റവും നീണ്ട ബഹിരാകാശ വാസമായിരുന്നു അത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button