ലണ്ടൻ: ഇന്ത്യൻ വംശജയായ ബ്രിട്ടീഷ് കാബിനറ്റ് മന്ത്രി പ്രീതി പട്ടേൽ രാജിവച്ചു. ഇസ്രയേല്‍ അധികൃതരുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയ സംഭവം വിവാദമായതിനെ തുടര്‍ന്നാണ് രാജി. കെനിയൻ പര്യടനത്തിനുപോയ പ്രീതി പ്രധാനമന്ത്രി തെരേസാ മേയുടെ നിർദേശപ്രകാരം യാത്ര വെട്ടിച്ചുരുക്കി ലണ്ടനിൽ തിരിച്ചെത്തിയ ഉടനെ രാജി സമർപ്പിക്കുകയായിരുന്നു. ഗോലാൻ കുന്നുകളിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഇസ്രേലി സൈന്യത്തിന് ഫണ്ടു ലഭ്യമാക്കുന്നതു സംബന്ധിച്ചായിരുന്നു പ്രീതി ചർച്ച നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആകെ 12 തവണയാണ് ബ്രിട്ടീഷ് വിദേശമന്ത്രാലയത്തെ അറിയിക്കാതെ പ്രീതി ഇസ്രേലികളുമായി ചർച്ച നടത്തിയത്.
സ്വകാര്യ സന്ദർശനത്തിന് ഓഗസ്റ്റിൽ ഇസ്രയേലിൽ പോയപ്പോൾ പ്രധാനമന്ത്രി നെതന്യാഹു ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുമായി പ്രീതി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയുടെ വിവരം ഫോറിൻ ഓഫീസിനെയോ ഇസ്രയേലിലുള്ള ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥരെയോ അറിയിച്ചില്ല. ഇതേച്ചൊല്ലി പാർലമെന്റില്‍ ബഹളം നടന്നു. കൂടിക്കാഴ്ച വിവാദമായതിനെത്തുടർന്ന് പ്രീതി മാപ്പു പറഞ്ഞു. ഓഗസ്റ്റിലെ കൂടിക്കാഴ്ചയ്ക്കുശേഷം ന്യൂയോർക്കിലും ലണ്ടനിലും ഇസ്രേലി നേതാക്കളുമായി പ്രീതി വീണ്ടും രഹസ്യ ചർച്ച നടത്തിയെന്ന് വ്യക്തമായതാണ് ഇപ്പോൾ അവർക്ക് വിനയായത്.
Post Your Comments