Latest NewsnewsNewsIndia

സൂറത്തിലെ വ്യാപാരികളെ കൈയിലെടുത്ത് രാഹുലും ബിജെപിയും

 

അഹമ്മദാബാദ്: സൂററ്റിലെ വ്യാപാരികളുടെ പിന്നാലെയാണ് ഇപ്പോള്‍ രാഹുല്‍ ഗാന്ധിയും ബിജെപിയും. നോട്ട് അസാധുവാക്കലിന്റെ ഒന്നാം വാര്‍ഷികത്തിന് രാഹുല്‍ഗാന്ധി വസ്ത്ര-വജ്ര വ്യാപാരകേന്ദ്രമായ സൂറത്തിലാണ് തമ്പടിച്ചത്. എന്നാല്‍, തലേന്നുരാത്രിതന്നെ രണ്ട് കേന്ദ്രമന്ത്രിമാരുമായി ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ നഗരത്തിലെത്തി വ്യാപാരി നേതാക്കളുമായി ചര്‍ച്ചനടത്തി.

നോട്ട് അസാധുവാക്കലിനുപിന്നാലെ വന്ന ചരക്ക്-സേവന നികുതി സൂറത്തിലെ വസ്ത്രമേഖലയിലും വജ്രവ്യാപാരരംഗത്തും പ്രതിഷേധത്തിന് കാരണമായിരുന്നു. ഡിസംബറില്‍ നിയമസഭാതിരഞ്ഞെടുപ്പ് നടക്കാനാരിക്കെ, പ്രബലമായ സംരംഭകസമൂഹത്തെ കൈയിലെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണ്.

ബുധനാഴ്ച രാവിലെ നഗരത്തിലെത്തിയ രാഹുല്‍ഗാന്ധി കതാര്‍ഗാം ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് ഏരിയയില്‍ ഒരു പവര്‍ലൂം ഫാക്ടറി സന്ദര്‍ശിച്ച് ഉടമകളും ജോലിക്കാരുമായി ചര്‍ച്ചനടത്തി. വ്യാപാരികള്‍ രാഹുലിനെ കാണരുതെന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയതായി കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്. ”ഇരട്ടപ്രഹരമാണ് സൂറത്തിന് ബി.ജെ.പി. സര്‍ക്കാര്‍ നല്‍കിയത്. നിര്‍മാണമേഖലയുടെ രണ്ട് കാലുകളും ഒടിഞ്ഞിരിക്കുന്നു. അതിന് ചലിക്കാന്‍ കഴിയുന്നില്ല. ആളുകള്‍ പറയുന്നത് അവര്‍ക്ക് ഭീഷണിയുണ്ടെന്നാണ്. പക്ഷേ, സത്യത്തെ അടിച്ചമര്‍ത്താനാവില്ല, അത് പുറത്തുവരും” -രാഹുല്‍ ഗാന്ധി പറഞ്ഞു.

സൂറത്തിന്റെ മത്സരക്ഷമത കുറഞ്ഞത് ചൈനീസ് ഉത്പന്നങ്ങളെ സഹായിച്ചതായി സന്ദര്‍ശനത്തില്‍നിന്ന് തനിക്ക് മനസ്സിലാക്കാനായെന്നും രാഹുല്‍ പറഞ്ഞു.

രാഹുലിന്റെ സന്ദര്‍ശനത്തിന് തലേന്നുരാത്രി സൂറത്തിലെ ഒരു ഫാം ഹൗസിലാണ് അമിത് ഷാ വ്യാപാരി നേതാക്കളുമായി ചര്‍ച്ചനടത്തിയത്. കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയലും മന്‍സുഖ് മാണ്ഡവ്യയും ഒപ്പമുണ്ടായിരുന്നു. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് പറഞ്ഞ അദ്ദേഹം ബി.ജെ.പി.ക്ക് പരമ്പരാഗതമായി നല്‍കുന്ന പിന്തുണ തുടരണമെന്നും അഭ്യര്‍ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button