Latest NewsKeralaNews

ജയിലില്‍ കിടക്കാനായി പരസ്യമായി കഞ്ചാവ് വിറ്റ ജയന്തന്‍ പിള്ളയുടെ കഥകേട്ട് പൊലീസ് ഞെട്ടി

കോട്ടയം: പൊലീസ് സ്റ്റേഷനും ജയിലും ആര്‍ക്കും ഇഷ്ടമില്ലാത്ത ഒന്നാണ്. എന്നാല്‍ ഇവിടെ ജയിലില്‍ കിടക്കാന്‍ ഇഷ്ടപ്പെടുന്ന ജയന്തന്റെ കഥ മറ്റുള്ളവരില്‍ നിന്നും ഏറെ വ്യത്യസ്തമാകുകയാണ്.

ജയന്തന്‍ എന്ന മധ്യവയസകന്റെ് പരസ്യമായ കഞ്ചാവ് വില്‍പ്പന കണ്ട് പൊലീസ് ഞെട്ടി. പിടിച്ചപ്പോള്‍ കേട്ടത് ഈ മറുപടിയും. ”സാറെ…, രോഗിയായ എന്നെ നോക്കാനോ ചികിത്സിക്കാനോ ആരുമില്ല, കിടക്കാനിടവുമില്ല. പൊലീസ് പിടിച്ചു ജയിലിലിട്ടാല്‍ ഭക്ഷണവും അന്തിയുറങ്ങാന്‍ ഇടവുമാകും. ചികിത്സയും കിട്ടും…”. അങ്ങനെ കോട്ടയം നഗരത്തില്‍ പരസ്യമായി കഞ്ചാവു വില്പന നടത്തിയ വര്‍ക്കല സ്വദേശി ജയന്തന്‍പിള്ള (60) പൊലീസിനേയും ഞെട്ടിച്ചു.

നഗരമധ്യത്തിലെ പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനത്ത് പരസ്യമായി കഞ്ചാവു വില്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇയാളെ കോട്ടയം വെസ്റ്റ് എസ്.ഐ. എം.ജെ.അരുണ്‍ പിടികൂടുന്നത്. ചോദ്യം ചെയ്യലിലാണ് ജയന്തന്‍പിള്ള ജയിലില്‍ പോകാനാണ് വില്‍പ്പനയെന്ന് വ്യക്തമാക്കിയത്. ആറുമാസത്തിലേറെയായി കോട്ടയം നഗരത്തില്‍ അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന ഇയാള്‍ക്ക് ഉദരരോഗം പിടിപെട്ടു. ചികിത്സിക്കാന്‍ പണമോ, ശുശ്രൂഷിക്കാന്‍ ബന്ധുക്കളോ ഇല്ല. അന്തിയുറങ്ങുന്നത് കടത്തിണ്ണകളിലും.
പൊലീസ് പിടിയിലായാല്‍ ജയിലില്‍ കിടക്കാന്‍ ഇടവും മൂന്നുനേരം ഭക്ഷണവും ലഭിക്കും.

ജയിലില്‍നിന്ന് പൊലീസ് ചികിത്സയ്ക്ക് കൊണ്ടുപോകുന്നതിനാല്‍ നല്ല ചികിത്സ ലഭിക്കുകയും ചെയ്യും. ഇതിനായി ജയന്തന്‍പിള്ള തമിഴ്‌നാട്ടിലെ കമ്പത്തെത്തി കഞ്ചാവുവാങ്ങി കോട്ടയത്തെത്തി. തുടര്‍ന്ന് പൊലീസ് പിടിയിലാകണമെന്ന ഉദ്ദേശ്യത്തോടെ പട്ടാപ്പകല്‍ കഞ്ചാവു വേണോയെന്ന് ചോദിച്ച് വില്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. പോകുന്നവരോടൊക്കെ കഞ്ചാവു വേണോയെന്ന് ചോദിക്കുന്നതുകേട്ട ഒരാള്‍ വിവരം പൊലീസ് എയ്ഡ് പോസ്റ്റിലറിയിച്ചു. അങ്ങനെ ജയന്തന്‍പിള്ള പൊലീസ് പിടിയിലായി. വിവരങ്ങള്‍ കേട്ട് പൊലീസും അമ്പരന്നു. ഒടുവില്‍ അറസ്റ്റ് രേഖപ്പെടുത്തി. ജയന്തന്‍പിള്ളയെ പൊലീസ് കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജ്‌സ്‌ട്രേറ്റ് കോടതിയല്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button