തിരുവനന്തപുരം: സോളർ കമ്മിഷൻ റിപ്പോർട്ടിന്റെ അച്ചടി പൂർത്തിയായി. വ്യാഴാഴ്ച ഇത് നിയമസഭയുടെ മേശപ്പുറത്തു വയ്ക്കും. സഭയിൽ വിതരണം ചെയ്യുന്നതിനായി അഞ്ഞൂറ് കോപ്പിയാണ് അച്ചടിച്ചിരിക്കുന്നത്. മലയാളത്തിൽ പരിഭാഷപ്പെടുത്തിയ കോപ്പി ഉൾപ്പെടെയുള്ള സോളർ കമ്മിഷൻ റിപ്പോർട്ട് തിങ്കളാഴ്ച രാവിലെയാണു മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നു നിയമസഭയിലെ പ്രസിലേക്ക് എത്തിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടെ റിപ്പോർട്ടിനു പുറംചട്ട നിർമിക്കുന്ന ജോലികൾ പൂർത്തിയാക്കി.
സോളർ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ശിവരാജൻ ഇംഗ്ലിഷിലുള്ള റിപ്പോർട്ടാണ് സർക്കാരിനു സമർപ്പിച്ചത്. റിപ്പോർട്ടിനുള്ളത് നാലു വോളിയമാണ്. നിയമസഭാ സാമാജികർക്കും മാധ്യമങ്ങൾക്കും നൽകാനുള്ള മലയാളത്തിലെ റിപ്പോർട്ട് നാലു വോളിയങ്ങളിൽനിന്നുള്ള പ്രസക്ത ഭാഗങ്ങൾ ക്രോഡീകരിച്ചാണ് തയാറാക്കിയിരിക്കുന്നത്. മലയാള പരിഭാഷയ്ക്കൊപ്പം ഇംഗ്ലിഷിലെ നാല് വോളിയത്തിന്റെ പകർപ്പും നൽകും. റജിസ്റ്റർ ചെയ്ത മാധ്യമ സ്ഥാപനങ്ങൾക്ക് ഒരു കോപ്പിവീതം നൽകാനാണ് തീരുമാനം.
കമ്മിഷൻ റിപ്പോർട്ട് ഇംഗ്ലിഷിൽനിന്നു മലയാളത്തിലേക്കു പരിഭാഷപ്പെടുത്തുന്നതു സഭയുടെ ചരിത്രത്തിൽ ആദ്യമായാണെന്നു നിയമസഭാ അധികൃതർ പറഞ്ഞു. എട്ടുപേരെയാണു പരിഭാഷയ്ക്കായി സർക്കാർ ചുമതലപ്പെടുത്തിയത്. മലയാളഭാഷാ ഇൻസ്റ്റിസ്റ്റ്യൂട്ടിന്റെയും മലയാളം അധ്യാപകരുടേയും സഹായത്തോടെയാണ് പരിഭാഷ പൂർത്തിയാക്കിയത്.
Post Your Comments