തിരുവനന്തപുരം: നിര്‍മല്‍ ചിട്ടിത്തട്ടിപ്പു കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ പോലീസ് ആസ്ഥാനത്തു രാഷ്ട്രീയസമ്മര്‍ദം. ചിട്ടിത്തട്ടിപ്പുമായി ബന്ധപ്പെട്ടു തിരുവനന്തപുരത്തു രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളുടെ അന്വേഷണം തമിഴ്‌നാട് പോലീസിനു കൈമാറണമെന്നാവശ്യപ്പെട്ടു കമ്മിഷണര്‍ പി. പ്രകാശ് ഡി.ജി.പിക്കു കത്ത് നല്‍കിയിരുന്നു. തട്ടിപ്പില്‍ ഉന്നതരുടെ പങ്ക് വെളിച്ചത്തുകൊണ്ടുവരാന്‍ ലക്ഷ്യമിട്ടായിരുന്നു ഇത്. കത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് എ.ഡി.ജി.പി: ആനന്ദകൃഷ്ണന്‍ തുടര്‍നടപടിക്ക് ഉത്തരവിട്ടെങ്കിലും ഭരണനേതൃത്വത്തിന്റെ ഇടപെടലിനേത്തുടര്‍ന്നു മരവിപ്പിച്ചു.
ബിനാമി നിക്ഷേപകരെക്കുറിച്ചുള്ള അന്വേഷണം കേരളാ പോലീസ് നടത്തിയാല്‍ മതിയെന്നാണ് ഉന്നതകേന്ദ്രങ്ങളില്‍നിന്നുള്ള നിര്‍ദേശം. തട്ടിപ്പില്‍ ഭരണ-പ്രതിപക്ഷകക്ഷികളിലെ ഉന്നതരുടെ പങ്ക് തെളിഞ്ഞു തുടങ്ങിയതോടെ തിരുവനന്തപുരം കന്റോണ്‍മെന്റ്, മ്യൂസിയം, പാറശാല സ്റ്റേഷനുകളിലുള്ള കേസുകളാണു തമിഴ്‌നാട് പോലീസിനു കൈമാറാന്‍ നിര്‍ദേശിക്കപ്പെട്ടത്.
ഭരണകക്ഷിയിലെ ഒരു ഉന്നതനേതാവ് ബിനാമികളുടെ പേരില്‍ കോടിക്കണക്കിനു രൂപ നിര്‍മല്‍കൃഷ്ണ ചിട്ടിയില്‍ നിക്ഷേപിച്ചതായി സൂചനയുണ്ട്.
തമിഴ്‌നാട് പോലീസിനു കേസ് കൈമാറിയാല്‍ പണത്തിന്റെ കണക്കും ഉറവിടവും പുറത്താകുമെന്നാണ് ഉന്നതരുടെ ആശങ്ക. എന്നാല്‍, അന്വേഷണം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണു കേസ് തമിഴ്‌നാട് പോലീസിനു കൈമാറാത്തതെന്നാണു ക്രൈംബ്രാഞ്ച് വൃത്തങ്ങളുടെ വിശദീകരണം.
ചിട്ടിത്തട്ടിപ്പ് കേസില്‍ മുന്‍മന്ത്രിയുടെ സുഹൃത്ത് ഹരികൃഷ്ണനെ അന്വേഷണസംഘം ചോദ്യം ചെയ്തു. സെക്രട്ടേറിയറ്റില്‍നിന്നു രഹസ്യം ചോര്‍ത്തിയതായി ഇന്റലിന്‍സ് കണ്ടെത്തിയ തമിഴ്‌നാട്ടിലെ പി.ആര്‍.ഡി. ഉദ്യോഗസ്ഥന്‍ ഉണ്ണിക്കൃഷ്ണനെയും പോലീസ് ചോദ്യം ചെയ്തു. പാപ്പരായി പ്രഖ്യാപിക്കുന്നതിനു മുമ്പ് നിര്‍മലിന്റെ പേരിലുണ്ടായിരുന്ന കോടികളുടെ സ്വത്തുക്കള്‍ ഒ.എസ്. സനല്‍, പ്രദീപ് എന്നിവരുടെ പേരിലേക്കു മാറ്റിയതായി പ്രത്യേകസംഘത്തിനു തെളിവു ലഭിച്ചു.
തന്നെ പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ സെപ്റ്റംബറിലാണു നിര്‍മല്‍ തിരുവനന്തപുരം സബ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 28-നു നിര്‍മല്‍ അവസാന രജിസ്‌ട്രേഷന്‍ നടത്തി മൂന്നു ഫ്‌ളാറ്റുകള്‍ സുഹൃത്തുക്കളുടെ പേരിലേക്കു മാറ്റി. വേറെയും സ്വത്തുക്കള്‍ ഉറ്റസുഹൃത്തുക്കളുടെ പേരില്‍ എഴുതിവച്ചതായി കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം സെഷന്‍സ് കോടതി ഇന്നു നിര്‍മലിന്റെ ജാമ്യാപേക്ഷ പരിഗണിക്കും.
Post Your Comments