Latest NewsNewsIndia

രാജ്യത്ത് പീഡനത്തിനിരയായ പെൺകുട്ടികൾക്കു നേരെ അവഗണന തുടരുകയാണെന്ന് റിപ്പോർട്ട്

മുംബൈ: രാജ്യത്ത് പീഡനത്തിനിരയായ പെൺകുട്ടികൾക്കു നേരെ അവഗണന തുടരുകയാണെന്ന് റിപ്പോർട്ട്. പലയിടത്തും ഇന്നും ലൈംഗിക പീഡനത്തിന് ഇരയായോ എന്നു പരിശോധിക്കുന്നതിന് ഉപേക്ഷിക്കപ്പെട്ട പ്രാകൃതമായ ടെസ്റ്റുകൾ തുടരുന്നുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ(എച്ച്ആർഡബ്ല്യു) റിപ്പോർട്ട്. സംഘടന ഇതുമായി ബന്ധപ്പെട്ട തെളിവുകളും പുറത്തുവിട്ടു.

ഡൽഹിയിൽ ഓടുന്ന ബസിൽ വിദ്യാർഥിനിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തെത്തുടർന്ന് വിവിധ സംസ്ഥാനങ്ങൾ നടത്തിയ നിയമപരിഷ്കാരങ്ങളെയാണ് എച്ച്ആർഡബ്ല്യു വിശകലനം ചെയ്തത്.

പൊലീസിന്റെയും മെഡിക്കൽ ഉദ്യോഗസ്ഥരുടെയും ഭാഗത്തു നിന്ന് പീഡിപ്പിക്കപ്പട്ടവർക്കു നേരെ പലപ്പോഴും തെറ്റായ സമീപനമുണ്ടാവുന്നെന്ന് റിപ്പോർട്ട് പറയുന്നു. ഇപ്പോഴും സുപ്രീം കോടതി ഇടപെട്ടു നിരോധിച്ച ‘ടു ഫിംഗർ ടെസ്റ്റ്’ ഉൾപ്പെടെ പല പ്രാകൃത രീതികളും തുടരുന്നുണ്ട്. ഡോക്ടർ രാജസ്ഥാനിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ ആരോഗ്യനില പരിശോധിച്ച റിപ്പോർട്ടിൽ ഈ ടെസ്റ്റ് നിർദേശിച്ചത് അവർ തെളിവായി ചൂണ്ടിക്കാട്ടുന്നു. ഏതാനും വർഷം മുൻപു വരെ പീഡിപ്പിക്കപ്പെട്ട പെൺകുട്ടികളിൽ ‘ടു ഫിംഗർ ടെസ്റ്റ്’ നടത്തിയിരുന്നു. പെൺകുട്ടി ‘സെക്ഷ്വലി ആക്ടീവ്’ ആണോയെന്നു പരിശോധിക്കാൻ ഡോക്ടർമാർ രണ്ടു വിരൽ ഉപയോഗിച്ചു നടത്തുന്ന പരിശോധന ആണിത്. ലൈംഗികാവയവത്തിലെ പേശികളാണ് ഇത്തരത്തിൽ പരിശോധിക്കുന്നത്.

എന്നാൽ 2013ൽ പീഡിപ്പിക്കപ്പെട്ടവരുടെ സ്വകാര്യതയിന്മേലുള്ള കടന്നുകയറ്റമാണെന്നു കണ്ടെത്തി ഈ രീതിക്ക് സുപ്രീംകോടതി വിലക്കേർപ്പെടുത്തിയിരുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് 2014ൽ ഇതിനു ബദലായി പ്രയോഗിക്കേണ്ട ടെസ്റ്റുകൾ മുന്നോട്ടുവയ്ക്കുകയും ചെയ്തു. ഇതു നടപ്പാക്കാൻ കേന്ദ്രസര്‍ക്കാരും കർശന നിർദേശം നൽകിയിരുന്നു. എന്നാൽ ഇപ്പോഴും പല സംസ്ഥാനങ്ങളിലെയും പൊലീസും ഡോക്ടർമാരും പുതിയ പരിശോധനാ രീതികൾ അവലംബിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

shortlink

Post Your Comments


Back to top button