റിയാദ്: രാജ്യത്ത് അടിമുടി മാറ്റങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ടാണ് സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കാര്യങ്ങള്‍ നീക്കുന്നത്. സൗദിയില്‍ സ്ത്രീകള്‍ എല്ലാ രംഗത്തും പിന്നിലാണെന്നിരിക്കെ മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ചെയ്യാം എന്ന നിയമം കൊണ്ടുവന്നത് മുസ്ലിം യാഥാസ്ഥിതിക വാദികള്‍ക്ക് പിടിച്ചിട്ടില്ല.
ഇസ്ലാമിന്റെ നവീകരണം ലക്ഷ്യമിട്ട് ഹദീസ് അടക്കമുള്ളവ പരിഷ്‌ക്കരിക്കാനുള്ള നയങ്ങള്‍ ഒരു വശത്ത് നടപ്പിലാക്കുമ്പോള്‍ തന്നെ മറുവശത്ത് അഴിമതിക്കെതിരെ സന്ധിയില്ലാത്ത സമരവും പ്രഖ്യാപിച്ചിരിക്കയാണ് അദ്ദേഹം. അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന രാജകുമാരന്മാര്‍ക്ക് നേരെ മുഖം നോക്കാതെ നടപടി സ്വീകരിച്ച മുഹമ്മദ് ബിന്‍ സല്മാന് ഇപ്പോള്‍ ശത്രുക്കള്‍ ഏറെയാണ്. രാജ്യത്തെ രാഷ്ട്രീയ അസ്ഥിരതയിലേക്ക് കാര്യങ്ങള്‍ നീങ്ങുമോ എന്ന ആശങ്ക ശക്തമാകുമ്പോള്‍ തന്നെ ഗള്‍ഫ് മേഖലയില്‍ ആകെ ഇതിന്റെ പ്രതിഫലനങ്ങള്‍ ഉണ്ടാകുമെന്ന ആശങ്കയും ശക്തമാണ്.
ഹൂതി വിമതര്‍ റിയാദ് വിമാനത്താവളത്തിന് നേര്‍ക്ക് മിസൈല്‍ ആക്രമണം ഉണ്ടായതും അത് മിസൈല്‍ പ്രതിരോധ സംവിധാനത്തോടെ തകര്‍ത്തതും അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് സൗദിയില്‍ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ സങ്കീര്‍ണ്ണമായത്. 11 രാജകുമാരന്മാര്‍ അടക്കമുള്ളവര്‍ അറസ്റ്റിലായി. വന്‍കിട ബിസിനസ് ഗ്രൂപ്പുകള്‍ക്ക് മേല്‍ വരെ പിടിവീണതോടെ ഇതിന്റെ പ്രതിഫലനങ്ങള്‍ ആഗോള തലത്തിലുണ്ടായി.
2015 ല്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അധികാരത്തില്‍ വന്നതുമുതല്‍ സൗദിയില്‍ മാറ്റങ്ങള്‍ പ്രകടമായി തുടങ്ങിയിരുന്നു. തന്റെ സഹോദരനും യഥാര്‍ത്ഥ കിരിടാവകാശിയുമായ മുഹമ്മദ് ബിന്‍ നയീഫിനെ പിന്തള്ളിയാണ് അദ്ദേഹം അധികാരത്തിലെത്തിയത്.
മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ അഴിമതി വിരുദ്ധ സമിതി ഉണ്ടാക്കിയതായി രാജകല്‍പ്പന ഉണ്ടായതും 11 രാജകുമാരന്മാരെയും നിരവധി മന്ത്രിമാരേയും തടവിലാക്കിയ നടപടി ലോകരാഷ്ട്രങ്ങളില്‍ വന്‍ ചര്‍ച്ചയ്ക്ക് വഴി വെച്ചിരുന്നു.
അഴിമതിക്കേസില്‍ അറസ്റ്റിലായ രാജകുടുംബാംഗങ്ങളടക്കം എല്ലാവരുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്നും ക്രമക്കേടിലൂടെ സമ്പാദിച്ച സ്വത്ത് ഖജനാവിലേക്കു കണ്ടുകെട്ടുമെന്നും സൗദി അറേബ്യ അറിയിച്ചു. പിടിയിലായ ആര്‍ക്കും ‘പ്രത്യേക പരിഗണന’ നല്‍കില്ലെന്നും വ്യക്തമാക്കി.
കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തിലുള്ള പുതിയ അഴിമതിവിരുദ്ധ ഉന്നത സമിതിയാണ് ശനിയാഴ്ച ചുമതലയേറ്റതിനു തൊട്ടുപിന്നാലെ അന്വേഷണം പ്രഖ്യാപിച്ചതും പ്രമുഖര്‍ക്കെതിരെ നടപടിയെടുത്തതും. തലസ്ഥാനമായ റിയാദിലെ നയതന്ത്രമേഖലയിലുള്ള ആഡംബര ഹോട്ടലായ റിറ്റ്‌സ് കാള്‍ട്ടണിലാണ് ഇവരെ ചോദ്യം ചെയ്യാന്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നാണു വിവരം.
ഹോട്ടലിന്റെ മുന്‍ കവാടങ്ങള്‍ അടച്ചിട്ടിരിക്കുന്നതു സുരക്ഷാ കാരണങ്ങളാലാണെന്നു വിശദീകരണം ലഭിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. പിന്‍ ഗേറ്റിലൂടെ കാറുകള്‍ക്കും ആംബുലന്‍സുകള്‍ക്കും പ്രവേശനം അനുവദിക്കുന്നുണ്ട്. കഴിഞ്ഞദിവസം ഇതേ ഹോട്ടലിലും പരിസരത്തുമായി നടന്ന വന്‍ നിക്ഷേപ സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ ചിലരടക്കമാണിപ്പോള്‍ തടങ്കലില്‍ കഴിയുന്നതെന്നതും കൗതുകം.
മന്ത്രിമാര്‍, മുന്‍ മന്ത്രിമാര്‍, രാജകുടുംബാംഗങ്ങള്‍ എന്നിവര്‍ക്കു പുറമെ, മക്ക ഹറം പള്ളി വികസനം ഉള്‍പ്പെടെ സൗദിയിലെ മിക്ക വന്‍കിട പദ്ധതികളുടെയും കരാര്‍ ഏറ്റെടുത്തിട്ടുള്ള ബിന്‍ ലാദന്‍ ഗ്രൂപ്പിന്റെ മേധാവി ബക്ര് ബിന്‍ ലാദന്‍, എംബിസി ടെലിവിഷന്‍ നെറ്റ്വര്‍ക്ക് ചെയര്‍മാന്‍ അല്‍വലീദ് അല്‍ ഇബ്രാഹിം തുടങ്ങിയ വ്യവസായികളും അറസ്റ്റിലായിട്ടുണ്ട്.
അഴിമതിക്കാരെ കണ്ടെത്തി വകുപ്പുകള്‍ ശുദ്ധീകരിച്ചത് മുഹമ്മദ് ബിന്‍ സല്മാന് ഇപ്പോള്‍ രാജകുടുംബാംഗങ്ങളുടേയും ശത്രുവായി മാറിയിരിക്കുകയാണ് എന്നതാണ് വാസ്തവം.
Post Your Comments