Uncategorized

അണികളെ അമ്പരപ്പിച്ചും ഊഹാപോഹങ്ങള്‍ക്ക് വഴിവെച്ചും മോദി-കരുണാനിധി കൂടിക്കാഴ്ച

 

ചെന്നൈ:  ജയലളിതയുടെ മരണത്തോടെ തമിഴ്‌നാട് രാഷ്ട്രീയം ആകെ മാറി മറിയുകയാണ്. അണ്ണാ ഡി.എം.കെയുടെ ശക്തിക്ഷയവും, ശശികലയുടെ ജയില്‍വാസവും, ഉലകനായകന്‍ കമലഹാസന്റെയും, തമിഴ് മകന്‍ രജനീകാന്തിന്റേയും പുതിയ രാഷ്ട്രീയ പാര്‍ട്ടികളുടെ ആവിര്‍ഭാവം, അങ്ങനെ തമിഴ്‌നാട് രാഷ്ട്രീയം കലങ്ങി മറിയുകയാണ്.

എന്നാല്‍ ഇപ്പോള്‍ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പുതിയ ഊഹാപോഹങ്ങള്‍ക്ക് വഴിവെച്ചുക്കൊണ്ടാണ് ഡിഎംകെ നേതാവ് കരുണാനിധിയുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ച. മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായ ജയലളിതയുടെ മരണത്തോടെ തമിഴ്‌നാട്ടില്‍ രൂപപ്പെട്ട പുതിയ രാഷ്ട്രീയ സാഹചര്യം തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള ബിജെപിയുടെ നീക്കങ്ങളുടെ ഭാഗമായാണ് രോഗശയ്യയിലുള്ള കരുണാനിധിയെ മോദി സന്ദര്‍ശിച്ചതെന്നാണ് രാഷ്ട്രീയ നീരീക്ഷകര്‍ കരുതുന്നത്.

നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഡിഎംകെ നോട്ട് നിരോധന വിരുദ്ധ പ്രക്ഷോഭം സംഘടിപ്പിക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. മാത്രമല്ല, ഡല്‍ഹിയില്‍ തന്റെ ഔദ്യോഗിക വസതിയിലേയ്ക്ക് കരുണാനിധിയെ മോദി ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. ഇത് ഡിഎംകെ നേതാക്കളെത്തന്നെ അമ്പരപ്പിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയായതിനു ശേഷം ആദ്യമായാണ് മോദി കരുണാനിധിയെ സന്ദര്‍ശിക്കുന്നത്.

എന്നാല്‍ ജയലളിത മുഖ്യമന്ത്രിയായിരുന്ന സമയത്ത് മോദി അവരെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. ജയലളിതയുടെ മരണ ശേഷം തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ബിജെപി പല നിലയിലും ശ്രമങ്ങള്‍ നടത്തിയിരുന്നു. എഐഎഡിഎംകെ ഔദ്യോഗിക പക്ഷത്തുനിന്ന് പളനിസാമി വിഭാഗത്തെ അടര്‍ത്തിയെടുത്തുകൊണ്ടുള്ള രാഷ്ട്രീയ നീക്കമായിരുന്നു ആദ്യത്തേത്. തുടര്‍ന്ന് എഐഎഡിഎംകെ ഒന്നിക്കുകയും ബിജെപിയുമായി സഹകരിക്കാന്‍ ധാരണയിലെത്തിയിരുന്നു. ബിജെപിയുമായി സഖ്യമുണ്ടാക്കുന്ന കാര്യം പല എഐഎഡിഎംകെ നേതാക്കളും പരസ്യമായിത്തന്നെ ഉന്നയിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇപ്പോള്‍ കരുണാനിധിയുമായി മോദി നടത്തിയ കൂടിക്കാഴ്ച എഐഎഡിഎംകെ നേതൃത്വത്തില്‍ വലിയ ആശയക്കുഴപ്പമാണ് ഉണ്ടാക്കിയിരിക്കുന്നത്.

പുതിയ നീക്കം ബിജെപിയുടെ രാഷ്ട്രീയ സമീപനത്തിലുണ്ടായ മാറ്റത്തിന്റെ സൂചനയായി വിലയിരുത്തുന്നവരുണ്ട്. ഡിഎംകെ അണികള്‍ക്ക് കരുണാനിധിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കയെ സന്ദര്‍ശനത്തിലൂടെ രാഷ്ട്രീയമായി ഉപയോഗിക്കുകയായിരുന്നെന്ന് ചിലര്‍ കരുതുന്നു.

കരുണാനിധിയുടെ മകളും എംപിയുമായ കനിമൊഴി ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ ടുജി സ്‌പെക്ട്രം കേസ് വിധി സംബന്ധിച്ച സിബിഐ കോടതിയുടെ വിധി വരാനിരിക്കുന്ന സാഹചര്യത്തിലായിരുന്നു സന്ദര്‍ശനം എന്നതും ശ്രദ്ധേയമാണ്.
2019ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യംവയ്ക്കുന്ന ബിജെപിക്ക് തമിഴ്‌നാട് ഒരു പ്രധാന ലക്ഷ്യസ്ഥാനമാണ്. ആ സാഹചര്യത്തില്‍ എഐഎഡിഎംകെ മാത്രമല്ല, ഡിഎംകെയും ബിജെപിയുടെ രാഷ്ട്രീയ കളിയിലെ കരുവാണെന്ന് സൂചിപ്പിക്കുന്ന നീക്കമായാണ് ഇതിനെയും രാഷ്ട്രീയ നിരീക്ഷകര്‍ നോക്കിക്കാണുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button