കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കും സിപിഎമ്മിനും നേരെ കടുത്ത വിമർശനവുമായി അഡ്വക്കേറ്റ് ജയശങ്കർ. തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റം കേരളം മുഴുവന്‍ ചര്‍ച്ചയായി കഴിഞ്ഞിട്ടും, ആലപ്പുഴ കലക്ടര്‍ കയ്യേറ്റത്തിനെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും മന്ത്രിക്കെതിരെ നടപടി എടുക്കാതെ അനുകൂല സമീപനവുമായി മുന്നോട്ടുപോകുന്ന സി.പി.എമ്മിനെ തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അഡ്വക്കേറ്റ് ജയശങ്കർ പരിഹസിച്ചിരിക്കുന്നത്.
അഡ്വ ജനറലിന്റെ നിയമോപദേശവും വിജിലന്‍സിന്റെ ത്വരിത പരിശോധനാ റിപ്പോര്‍ട്ടും ചാണ്ടിച്ചായന് അനുകൂലമായിരിക്കും. അതുകൊണ്ടുതന്നെ അദ്ദേഹം രാജി വെക്കേണ്ട, നിയമസഭയുടെ കാലാവധി തീരുംവരെ മന്ത്രിയായി തുടരാമെന്നും പരിഹാസം തൊടുത്തു വിടുന്നുണ്ട്.
പോസ്റ്റിന്റെ പൂർണ്ണ രൂപം:
കുവൈറ്റ് ചാണ്ടിയുടെ കായൽ കയ്യേറ്റവും നിയമലംഘനവും സംബന്ധിച്ച ആലപ്പുഴ കളക്ടറുടെ റിപ്പോർട്ടിന്മേൽ തല്ക്കാലം നടപടി വേണ്ട, അഡ്വ ജനറലിൻ്റെ അഭിപ്രായം അറിയും വരെ കാത്തിരിക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
അഡ്വ ജനറലിൻ്റെ നിയമോപദേശവും വിജിലൻസിൻ്റെ ത്വരിത പരിശോധനാ റിപ്പോർട്ടും ചാണ്ടിച്ചായന് അനുകൂലമായിരിക്കും. അതുകൊണ്ട് രാജി വേണ്ട, നിയമസഭയുടെ കാലാവധി തീരുംവരെ മന്ത്രിയായി തുടരാം.
മധ്യതിരുവിതാംകൂറിലെ കുപ്രസിദ്ധനായ ഒരു മതമേലധ്യക്ഷൻ ചാണ്ടിക്കു വേണ്ടി ശക്തമായി സമ്മർദ്ദം ചെലുത്തുന്നുണ്ട്. പണത്തിന്റെ മീതെ പരുന്തല്ല പാർട്ടിയും പാതിരിയും പറക്കില്ല.
രക്തസാക്ഷികൾ സിന്ദാബാദ്!
രക്തപതാക സിന്ദാബാദ്!
രക്തപതാകത്തണലിൽ വിരിയും
കുവൈറ്റ് ചാണ്ടി സിന്ദാബാദ്!
Post Your Comments