ന്യൂഡൽഹി : ഇന്ത്യ ചൈനീസ് അതിർത്തിയിൽ വൻ തുരങ്കം നിർമ്മിക്കുന്നു. ദ്രുതഗതിയിലുള്ള സൈനിക നീക്കം മുന്നിൽ കണ്ടാണ് ഇന്ത്യയുടെ നീക്കം. തുരങ്കത്തിന്റെ നിർമ്മാണം ഏതു പ്രതികൂല കാലാവസ്ഥയിലും യുദ്ധസാമഗ്രികൾ എത്തിക്കുവാനും,സൈനികർക്ക് യാത്ര ചെയ്യുവാനും പറ്റും വിധത്തിലാണ്.
ഇന്ത്യയും ചൈനയും പങ്കിടുന്നത് ജമ്മു കശ്മീർ മുതൽ അരുണാചൽ പ്രദേശ് വരെ 3,488 കിലോ മീറ്റർ അതിർത്തിയാണ്. നിലവിൽ കേന്ദ്ര സർക്കാർ ഇവിടെ 73 റോഡുകൾ നിർമ്മിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
എന്നാൽ വർഷത്തിൽ ആറുമാസക്കാലം ലഡാക്കിൽ നിന്നും അരുണാചൽ പ്രദേശിലേക്കുള്ള അതിർത്തിയിൽ , മഞ്ഞ് വീഴ്ചയോ മഴയോ മൂലം ഇന്ത്യൻ സേനയ്ക്ക് യാത്ര ചെയ്യാനാകില്ല. ഈ പ്രശ്നം ലഡാക്കിലെ തന്ത്രപ്രധാനമായ മേഖലയിലാണ് നിലനിൽക്കുന്നതെന്നതും ശ്രദ്ധേയമാണ്. സായുധസേനക്കാർക്ക് അവരുടെ ഉദ്യോഗസ്ഥർക്ക് മുന്നിൽ എത്താനും, യുദ്ധോപകരണങ്ങൾ അയയ്ക്കാനുമുള്ള ഏക മാർഗം ഹെലികോപ്റ്ററുകളാണ്.
ഇന്ത്യ-ചൈന സംഘർഷത്തിന് കാരണമായത് നിലവിൽ ഇന്ത്യ–ചൈന–ഭൂട്ടാൻ അതിർത്തി പ്രദേശമായ ദോക് ലായിൽ ചൈന റോഡ് നിർമാണം ആരംഭിച്ചതാണ്. ഈ റോഡ് നിർമ്മാണം പൂർത്തീകരിച്ചാൽ ഇന്ത്യൻ മേഖലയിൽ നടക്കുന്ന സംഭവവികാസങ്ങളിൽ കൃത്യമായ നിരീക്ഷണം നടത്താൻ ചൈനയ്ക്കാകും.ഇന്ത്യയുടെ എതിർപ്പോടെയാണ് ചൈന ഈ നീക്കത്തിൽ നിന്നും പിന്മാറിയത്.
Post Your Comments