കോട്ടയം : ഒരു തെളിവ് പോലും അവശേഷിപ്പിക്കാതെയാണ് കാര്‍ സഹിതം കോട്ടയത്തെ ദമ്പതികള്‍ കാണാമറയത്തേയ്ക്ക് മറഞ്ഞത്. തിരോധാനം നടന്ന് ഏഴ് മാസമായിട്ടും ഇതിമ് ഒരു ഉത്തരം കണ്ടുപിടിയ്ക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. കാണാതായതിനു ശേഷം സിസി കാമറ ദൃശ്യങ്ങളില്‍ പോലും കാര്‍ പെട്ടിട്ടില്ല. അതിനാല്‍ തന്നെ എവിടെ തുടങ്ങണമെന്ന് ഒരു പിടിയുമില്ല. നിഗൂഢതയുടെ ഇരുട്ടാണു മുന്നില്‍. സ്വയം ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരം തേടി പോവുകയാണ് പൊലീസ്.കുമ്മനം അറുപറയില്‍നിന്നു കഴിഞ്ഞ ഏപ്രില്‍ ആറിനു കാണാതായ ദമ്പതികള്‍ ഒറ്റകണ്ടത്തില്‍ ഹാഷിം (42), ഭാര്യ ഹബിബ (37) എന്നിവരെ കണ്ടെത്താനായി പൊലീസ് മുന്നേറുകയാണ്. ദമ്പതികളെ കാറുള്‍പ്പെടെ കാണാതായ കേരള പൊലീസിലെ ആദ്യ കേസാണിത്.
ഇന്നലെ കൊടുംമഴയത്തും മണര്‍കാടുള്ള 105 അടി താഴ്ചയുള്ള പാറമടയില്‍ മുങ്ങിത്തപ്പുകയായിരുന്നു പൊലീസ്. രണ്ടുമക്കള്‍ക്ക് അച്ഛനെയും അമ്മയെയും കണ്ടെത്തിക്കൊടുക്കണമെന്ന വൈകാരിക ചിന്തയും പൊലീസിനെ നയിക്കുന്നു. അന്വേഷണത്തെപ്പറ്റി ജില്ലാ പൊലീസ് മേധാവി വി.എം.മുഹമ്മദ് റഫീക് പറയുന്നത് സിനിമയെ വെല്ലുന്ന സംഭവങ്ങള്‍.കേരളത്തിനു പുറമേ തമിഴ്‌നാട്, കര്‍ണാടക, ഗോവ, പുതുച്ചേരി, ആന്ധ്ര എന്നിവിടങ്ങളിലും സജീവമായ അന്വേഷണം നടക്കുന്നു.കോട്ടയത്തിന്റെ 30 കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ ജലാശയങ്ങളിലും പ്രത്യേക മുങ്ങിത്തപ്പല്‍ വിദഗ്ധര്‍ യന്ത്രസഹായത്തോടെ പരിശോധന നടത്തുന്നു. ജലാശയത്തിന്റെ 600 അടി താഴ്ചയിലുള്ള വസ്തുക്കളും കണ്ടെത്തുന്ന ആധുനിക സ്‌കാനര്‍ മെഷീനാണ് വഴികാട്ടി.
പരിശോധനകള്‍, കണ്ടെത്തലുകള്‍
കാണാതായ ഹാഷിമിനും ഭാര്യ ഹബിബയ്ക്കും അടുത്ത സുഹൃത്തുക്കളാരുമില്ല. ശത്രുക്കളില്ല, പണമിടപാടോ കടങ്ങളോ ഇല്ല. ഫോണുകള്‍ വീട്ടില്‍ ഉപേക്ഷിച്ചാണ് ഇരുവരും പോയത്. ഇവയിലൂടെ ഒരുവര്‍ഷം നടത്തിയ എല്ലാ കോളുകളും പരിശോധിച്ചു. മുന്നൂറിലധികം ഫോണ്‍ നമ്പരുകളിലേക്ക് അന്വേഷണം നീണ്ടു. ഇങ്ങോട്ടു വിളിച്ചതും അങ്ങോട്ട് വിളിച്ചതുമായ എല്ലാവരെയും നേരില്‍ കണ്ടു. വാട്‌സാപ്പിലും എസ്എംഎസിലും ഒരു വര്‍ഷം അയച്ചതും വന്നതുമായ എല്ലാ സന്ദേശങ്ങളും ഡീകോഡ് ചെയ്തു തിരിച്ചെടുത്ത് പരിശോധിച്ചു. സംശയിക്കാനൊന്നുമില്ല. പത്തുകിലോ അരി കൊടുത്തുവിടാന്‍ ഹാഷിം ഏര്‍പ്പാടാക്കിയ പലചരക്കു കടക്കാരനെവരെ വിളിച്ചുവരുത്തി.
ഹാഷിം കള്ളം പറഞ്ഞതെന്തിന്?
കാണാതായതിന്റെ തലേദിവസം ഹാഷിം ഉച്ചയ്ക്ക് 12.30നു കോട്ടയത്തിനു പോകുന്നുവെന്നു പറഞ്ഞിറങ്ങിയെങ്കിലും പീരുമേട് പോയിരുന്നുവെന്നതിന്റെ ടവര്‍ ലൊക്കേഷനില്‍ നിന്നുള്ള തെളിവുകള്‍ ലഭിച്ചു. 12.30നു പീരുമേടിനു പോയ ഹാഷിം വൈകിട്ട് ആറുമണിയോടെ കോട്ടയത്തു തിരിച്ചെത്തി. ഇതില്‍നിന്ന്, അമിതവേഗത്തിലാണു ഹാഷിമിന്റെ ഡ്രൈവിങ് എന്നു ബോധ്യം. പീരുമേട് എത്തിയ ഹാഷിം അവിടെ ആരെയും കാണുകയോ ഫോണ്‍ വിളിക്കുകയോ ചെയ്തില്ല. പീരുമേട് പട്ടുമല ടവര്‍ ലൊക്കേഷനില്‍നിന്ന് ഭാര്യയെ രണ്ടു തവണ വിളിച്ചു. ഒരു കോള്‍ മൂന്ന് മിനിറ്റും ഒന്ന് 60 െസക്കന്‍ഡും. ഹാഷിമിന്റെ മൂത്ത സഹോദരിയുടെ കൂടെയായിരുന്നു ഹാഷിമിന്റെ മക്കള്‍ അന്ന്. അക്കാര്യം തിരക്കി ഹാഷിം വിളിച്ചതാണ്. പക്ഷേ, പറഞ്ഞത് കോട്ടയം ടൗണിലുണ്ടെന്ന്. പീരുമേട് പോയ കാര്യം മറച്ചുവച്ചു.<br />
മകനെയും മകളെയുംകൂട്ടി ഹാഷിം വൈകിട്ട് പുറത്തുപോയി ഭക്ഷണം കഴിക്കാന്‍ വിളിച്ചു. പഠിക്കാനുണ്ടെന്നും പാഴ്‌സല്‍ വാങ്ങിവന്നാല്‍ മതിയെന്നും മക്കള്‍ പറഞ്ഞു. ഭാര്യ ഹബീബയെ വിളിച്ചു. നിര്‍ബന്ധിച്ചില്ല. വീട്ടിലുണ്ടായിരുന്ന ബാപ്പയാണ് പറഞ്ഞത്, അവന്‍ ഒറ്റയ്ക്കു പോകുവല്ലേ. കൂടെ ചെല്ലാന്‍. അങ്ങനെയാണ് അവര്‍ ഇറങ്ങിയത്. പക്ഷേ, ഫോണും പണവും പഴ്‌സും ലൈസന്‍സ് ഉള്‍പ്പെടെ രേഖകള്‍ ഒന്നുമെടുത്തില്ല. ഒരു കോള്‍ പിന്നെ ഈ വീട്ടിലേക്കോ ബന്ധുക്കളുടെ ഫോണിലേക്കോ ഇവര്‍ വിളിച്ചിട്ടില്ല.8.45നു കാര്‍ ഇല്ലിക്കല്‍ ജംക്ഷന്‍ വഴി കടന്നുപോകുന്നത് സിസിടിവിയില്‍ കണ്ടു. പുതിയ കാറിന്റെ താല്‍ക്കാലിക റജിസ്‌ട്രേഷന്‍ നമ്പര്‍ ഉള്‍പ്പെടെ തെളിഞ്ഞ ദൃശ്യം.
എന്തു കൊണ്ട് കാര്‍ ക്യാമറയില്‍ പതിഞ്ഞില്ല?
എന്നാല്‍, പിന്നീട് ഈ കാര്‍ കേരളത്തിലെ എന്നല്ല അയല്‍സംസ്ഥാനങ്ങളിലെ പോലും ഒരു ക്യാമറാ ദൃശ്യത്തിലും പെട്ടില്ല. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ചെക്കുപോസ്റ്റുകളും പ്രധാന ജംക്ഷനുകളും ടോള്‍പിരിവ് കേന്ദ്രങ്ങളും ഉള്‍പ്പെടെ മുന്നൂറു കേന്ദ്രങ്ങളില്‍ പകലും രാത്രിയും ഉള്‍പ്പെടെയുള്ള സിസിടിവി ക്യാമറാ ദൃശ്യങ്ങള്‍ അന്വേഷണ സംഘം പകര്‍ത്തി പരിശോധിച്ചു. അഞ്ഞൂറിലധികം പെന്‍ഡ്രൈവുകള്‍ തന്നെ ഇതിനായി വാങ്ങി.
മുപ്പതംഗ പൊലീസ് സംഘമാണ് ആദ്യം പരിശോധിച്ചത്. എല്ലാ ആരാധനാലയങ്ങളിലും ഇരുവരുടെയും ഫോട്ടോ പതിച്ചു. നാല് സംസ്ഥാനങ്ങളിലെയും പൊതു സ്ഥലങ്ങളിലെല്ലാം അന്വേഷണസംഘം നേരിട്ടു പോയി പതിപ്പിച്ചു. വാട്‌സാപ്പിലും ഫെയ്‌സ് ബുക്കിലും വഴി മറ്റു സംസ്ഥാനങ്ങളിലെ എല്ലാ പൊലീസ് സ്റ്റേഷനിലെയും പൊലീസുകാര്‍ക്കു സന്ദേശമായി എത്തിച്ചു. ഇടുക്കിയിലെ എല്ലാ കൊക്കകളിലും പൊലീസ് ഇറങ്ങിത്തപ്പി. കയറാവുന്ന വനങ്ങളിലെല്ലാം കയറി നോക്കി.
ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നൂറോളം പേരെ വിശദമായി മൊഴിയെടുത്തു. ഓരോരുത്തരെയും നാലുമുതല്‍ ആറു മണിക്കൂര്‍ വരെ സംസാരിച്ചായിരുന്നു മൊഴിയെടുപ്പ്.സാധാരണ കേസുകള്‍ക്ക് ഇപ്പോള്‍ തുമ്പുനല്‍കുന്ന മൊബൈല്‍ പരിശോധനയ്ക്കു മാത്രം സൈബര്‍ സെല്‍ രണ്ടാഴ്ച മുഴുവനെടുത്തു. എപ്പോഴും ഹാഷിമിന്റെ മൊബൈലിന്റെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഓണ്‍ ആയിരുന്നു. ഫെയ്‌സ്ബുക്ക് മകളാണ് കൂടുതലും ഉപയോഗിച്ചിരുന്നതെന്ന് മനസ്സിലായതോടെ ആ വഴിയും തുറന്നില്ല. <br />
ഇനി എന്ത്?
തെക്കേ ഇന്ത്യയിലെ എല്ലാ മെഡിക്കല്‍ കോളജുകളിലും സര്‍ക്കാര്‍ ആശുപത്രിയിലും ഇങ്ങനെ രണ്ടു ദമ്പതികളുടെയോ ഒറ്റയ്‌ക്കൊറ്റയ്‌ക്കോയുള്ള മൃതദേഹങ്ങള്‍ ഉണ്ടോയെന്ന് പരിശോധന നടക്കുന്നു. എല്ലാ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും വീണ്ടും പൊലീസ് സംഘം ഈ ആഴ്ച പോകുകയാണ്.
Post Your Comments