ബെയ്ജിങ് : ലോകരാഷ്ട്രങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി ചൈനീസ് പ്രസിഡന്റിന്റെ ആഹ്വാനം. തിരിച്ചടിക്കാനുള്ള ശേഷി വര്‍ധിപ്പിച്ച് യുദ്ധസജ്ജരാകാന്‍ ചൈനീസ് സായുധ സൈന്യത്തിന് പ്രസിഡന്റ് ഷി ചിന്‍പിങ് വീണ്ടും നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. പാര്‍ട്ടിയും ജനങ്ങളും ചൈനീസ് സായുധ സൈന്യത്തെ ഏല്പിച്ചിട്ടുള്ള പുതിയ കാലത്തിന്റെ ഉത്തരവാദിത്തങ്ങളും ദൗത്യങ്ങളും വിജയകരമായി പൂര്‍ത്തിയാക്കുന്നതിനും യുദ്ധങ്ങളില്‍ ശക്തിയുക്തം പോരാടി വിജയം വരിക്കുന്നതിനും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്കി സെന്‍ട്രല്‍ മിലിട്ടറി കമ്മിഷന് മുന്നിലുണ്ടാകണമെന്ന് ഷി ചിന്‍പിങ് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി (സിപിസി) കേന്ദ്ര കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയും സെന്‍ട്രല്‍ മിലിട്ടറി കമ്മിഷന് (സിഎംസി) ചെയര്‍മാനുമായ ഷി ചിന്‍പിങ്, സെന്‍ട്രല്‍ മിലിട്ടറി കമ്മിഷന്റെ അംഗങ്ങളുമായി സംസാരിക്കുമ്പോഴാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് ചൈനീസ് ദേശീയ മാധ്യമമായ സിന്‍ഹുവായെ ഉദ്ധരിച്ച് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ സൈനികവിഭാഗമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി(പിഎല്‍എ)യുടെ ഉന്നതാധികാര സമിതിയാണ് സിഎംസി. ഏതാണ്ട് 23 ലക്ഷത്തോളം അംഗങ്ങളാണ് പിഎല്‍എയില്‍ ഉള്ളത്. ചൈനയുടെ അനിഷേധ്യ നേതാവായി ചിന്‍പിങ്ങിനെ വീണ്ടും പ്രതിഷ്ഠിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ പത്തൊന്‍പതാം സമ്മേളനം അവസാനിച്ചതിനു ശേഷം ഇതു രണ്ടാം തവണയാണ് യുദ്ധസജ്ജരാകാന്‍ സൈന്യത്തിന് അദ്ദേഹം നിര്‍ദ്ദേശം നല്‍കുന്നത്.
ചിന്‍പിങ്ങിന്റെ പേരും പ്രത്യയശാസ്ത്രവും ഉള്‍പ്പെടുത്തി ഭരണഘടന ഭേദഗതി ചെയ്യാന്‍ അനുമതി നല്കിയ പത്തൊന്‍പതാം പാര്‍ട്ടി കോണ്‍ഗ്രസ്, അദ്ദേഹത്തെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.
ഷി ചിന്‍പിങ്ങിനെ പാര്‍ട്ടി സ്ഥാപകന്‍ മാവോ സെദുങ്ങിനും മറ്റൊരു പ്രമുഖ നേതാവ് ഡെങ് സിയാവോ പിങ്ങിനും തുല്യം ആദരണീയനാക്കി മാറ്റുന്നതാണു ഭരണഘടനാ ഭേദഗതി. മാവോയുടെയും ഡെങ്ങിന്റെയും പേരുകള്‍ മാത്രമായിരുന്നു ഇതുവരെ ഭരണഘടനയിലുണ്ടായിരുന്നത്. മുന്‍ നേതാക്കളായ ഹു ജിന്റാവോയുടെയും ജിയാങ് സെമിന്റെയും ദര്‍ശനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവരുടെ പേരു ഭരണഘടനയിലില്ല.
പുതിയ ഭേദഗതിയോടെ, ഷി ചിന്‍പിങ്ങിനെതിരായ ഏതു നീക്കവും ഇനി പാര്‍ട്ടിക്കു നേരെയുള്ള ഭീഷണിയായി വിലയിരുത്തും. ഷിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം ചൈനയിലെ സ്കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കും.
ചൈനീസ് പ്രസിഡന്റ്, പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളില്‍ രണ്ടാമൂഴത്തിന് അവസരം ലഭിച്ച ഷി ചിന്‍പിങ് തന്നെയാണ് ചൈനീസ് സായുധസംഘത്തിന്റെ തലവനും. ചൈനീസ് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിക്കൊണ്ടാണ് പ്രസിഡന്റ് പദവിയിലെ രണ്ടാമൂഴത്തിന് ഷി ചിന്‍പിങ് തുടക്കമിട്ടത്.
പുതിയ സാഹചര്യത്തില്‍, രാജ്യസുരക്ഷയുടെ കാര്യത്തിലും മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തിന്റെ കാര്യത്തിലും ചൈനയുടെ നിലപാടു മാറ്റമാണോ ഷി ചിന്‍പിങ്ങിന്റെ പ്രഖ്യാപനങ്ങളിലൂടെ പുറത്തുവരുന്നതെന്ന ആകാംക്ഷയിലാണ് ലോകരാജ്യങ്ങള്‍.
Post Your Comments