Latest NewsNewsIndia

വിദ്യാര്‍ത്ഥികളുടെ ജീവിതം അനിശ്ചിതത്വത്തില്‍ : കറസ്പോണ്ടന്‍സ് എന്‍ജീനിയറിംഗ് ബിരുദങ്ങള്‍ സുപ്രീം കോടതി റദ്ദാക്കി

ന്യൂഡല്‍ഹി: 2001 മുതലുള്ള കറസ്പോണ്ടന്‍സ് എന്‍ജീനിയറിംഗ് ബിരുദങ്ങള്‍ സുപ്രീം കോടതി റദ്ദാക്കി. കറസ്പോണ്ടന്‍സ് കോഴ്സ് വഴി നേടുന്ന എന്‍ജീനിയറിംഗ് ബിരുദങ്ങള്‍ യു.ജി.സിയോ ആള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യുക്കേഷനോ അംഗീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ എ.കെ.ഗോയല്‍,​ യു.യു.ലളിത് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ സുപ്രധാന വിധി. എ.ഐസി.ടി.ഇയുടെ അംഗീകാരമില്ലാതെ കോഴ്സുകള്‍ നടത്തരുതെന്ന് കല്പിത സര്‍വകലാശാലകളോട് നിര്‍ദ്ദേശിച്ച കോടതി,​ പ്രവേശനം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താനും സി.ബി.ഐയോട് ആവശ്യപ്പെട്ടു.

2005ന് ശേഷമുള്ള വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ഒരു ദയയും കാണിക്കാതിരുന്ന കോടതി,​ കല്പിത സര്‍വകലാശാലകളുടെ ബിരുദത്തിന് അംഗീകാരം ഇല്ലാതിരുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് അറിയാമായിരുന്നെന്നും വിലയിരുത്തി. ഇതേസമയം,​ പഠന കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച സാന്പത്തിക ആനുകൂല്യം ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നോ ഉദ്യോഗസ്ഥരില്‍ നിന്ന് തിരിച്ചു പിടിക്കില്ല.

വിദ്യാര്‍ത്ഥികളില്‍ നിന്ന് വാങ്ങിയ തുക സര്‍വകലാശാലകളോട് തിരിച്ചു നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. കോടതി വിധിയോടെ ഈ ഡിഗ്രിയുടെ അടിസ്ഥാനത്തില്‍ വിവിധ സ്ഥാപനങ്ങളില്‍ ജോലി നേടിയവരുടെ തൊഴില്‍ നഷ്ടപ്പെടാന്‍ സാദ്ധ്യതയേറി. അതേസമയം,​ 2001നും 2005നും ഇടയില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ബിരുദം നിലനിറുത്തുന്നതിന് എ.ഐ.സി.ടി.ഇ നടത്തുന്ന പുതിയ പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എ.ഐ.സി.ടി.ഇ അംഗീകാരം ഇല്ലാതിരുന്നിട്ടും തമിഴ്നാട്ടിലെ വിനായക മിഷന്‍ റിസര്‍ച്ച്‌ ഫൗണ്ടേഷന്റേതടക്കമുള്ള നാല് കല്പിത സര്‍വകലാശാലകള്‍ 2001 മുതല്‍ എന്‍ജീനിയറിംഗ് ബിരുദം നല്‍കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് കോടതി പരിശോധിച്ചത്.

ഇത്തരം കറസ്പോണ്ടന്‍സ് സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനോ വേണ്ട സൂക്ഷ്മപരിശോധന ഇല്ലാതെയോ ആണ് 16 വര്‍ഷമായി ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതെന്നാണ് കോടതി വിധിയിലൂടെ വെളിവാകുന്നത്. കല്പിത സര്‍വകലാശാലകള്‍ നടത്തുന്ന കോഴ്സുകളുടെ മേല്‍നോട്ടത്തിന് പുതിയ സംവിധാനം കൊണ്ടുവരാനും സുപ്രീം കോടതി കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചു. വിദ്യാഭ്യാസ കച്ചവടം തടയുന്നതില്‍ യു.ജി.സി അന്പേ പരാജയപ്പെട്ടെന്ന് കോടതി കുറ്റപ്പെടുത്തി. വിവിധ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന കല്പിത പദവി പുന:പരിശോധിക്കാനും കോടതി കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button