
തിരുവനന്തപുരം: കേരളത്തേയും യുഡിഎഫിനേയും പിടിച്ചുലച്ച സോളാര്‍ കേസിലെ വിവാദ നായിക സരിതാ നായര്‍ പുതിയ വ്യവസായ സംരംഭം ആരംഭിച്ചു. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ തക്കലയില്‍ കടലാസ് ബാഗ്, കപ്പ്, പ്ലേറ്റ് എന്നിവ നിര്‍മിച്ച് വില്‍ക്കുന്നതിനായി രണ്ട് യൂണിറ്റുകളാണ് തുടങ്ങിയത്. കൂടാതെ മധുര അറുപ്പുക്കോട്ടയില്‍ ഒരു ഉത്തരേന്ത്യന്‍ കമ്പനിക്കു വേണ്ടി സോളാര്‍ പവര്‍ പ്രോജക്ടിന്റെ നടത്തിപ്പ് ചുമതലയും ഇവര്‍ക്കുണ്ട്.
വി.എസ്. ഇക്കോ ഇന്‍ഡസ്ട്രീസ് എന്നാണ് പുതിയ സ്ഥാപനത്തിന്റെ പേര്. തക്കല-നാഗര്‍കോവില്‍ റോഡില്‍ കൊല്ലന്‍വിളയിലാണ് പേപ്പര്‍ നിര്‍മിത വസ്തുക്കളുടെ വില്‍പ്പനയ്ക്കുള്ള ഷോറൂം. തക്കല-കുലശേഖരം റോഡില്‍ പദ്മനാഭപുരത്തിന് സമീപത്താണ് നിര്‍മാണയൂണിറ്റ്. കടലാസ് ബാഗുകള്‍ കൈകൊണ്ടും കപ്പുകള്‍ യന്ത്രസഹായത്തോടെയുമാണ് നിര്‍മിക്കുന്നത്. ഒരു യൂണിറ്റില്‍ തദ്ദേശീയരായ വനിതകള്‍ ഉള്‍പ്പെടെ ഏഴുപേര്‍ ജോലിചെയ്യുന്നു.
തുടക്കത്തില്‍ ആവശ്യമനുസരിച്ചാണ് കവറും കപ്പും നിര്‍മിക്കുന്നത്. കന്യാകുമാരി, മാര്‍ത്താണ്ഡം എന്നിവിടങ്ങളിലും സ്ഥാപനം തുടങ്ങുന്നതിന് പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ വിവാദങ്ങളില്‍നിന്ന് മാറി തമിഴ്‌നാട്ടില്‍ നല്ലരീതിയില്‍ വ്യവസായം നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് സരിത പറഞ്ഞു. തമിഴ്‌നാട്ടില്‍ വ്യവസായ സൗഹൃദ അന്തരീക്ഷമുണ്ട്. ഏകജാലക സംവിധാനത്തിലൂടെ ലൈസന്‍സും മറ്റ് അനുമതികളും പെട്ടെന്ന് ലഭിക്കും. കേരളത്തിലും ഇത്തരം മാറ്റം ഉണ്ടായേക്കും.
Post Your Comments