Latest NewsKeralaNews

തസ്മിദിനെ കാണാതായിട്ട് 24 മണിക്കൂര്‍, അന്വേഷണം ചെന്നൈയിലേക്കും

തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്ന് കാണാതായ പെണ്‍കുട്ടിക്കായി തെരച്ചില്‍ ഊര്‍ജിതം. കുട്ടിയുടെ ചെന്നൈയിലുള്ള സഹോദരനില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ തേടി. കുട്ടി ചെന്നൈയിലുള്ള സഹോദരനെ ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് സഹോദന്റെ ഫോണ്‍ വിവരങ്ങള്‍ പൊലീസ് തേടിയത്. അതേസമയം, കുട്ടി കന്യാകുമാരിയില്‍ തന്നെയുണ്ടെന്നാണ് പ്രാഥമിക നിഗമനം. കന്യാകുമാരിയില്‍ വ്യാപകമായ തെരച്ചില്‍ നടത്തുകയാണ് കേരള പൊലീസ്. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസ് പരിശോധിച്ചു.

Read Also: അതിശക്തമായ കാറ്റും കനത്ത മഴയും: മധ്യ കേരളത്തിലെ 3 ജില്ലകള്‍ക്ക് മുന്നറിയിപ്പ്, ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത

തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് ഇന്നലെ രാവിലെ വീടുവിട്ടിറങ്ങിയ അസം സ്വദേശിയായ പതിമൂന്നുകാരി തസ്മിദ് തംസുമിനെ നാടാകെ അരിച്ചുപെറുക്കി തെരഞ്ഞിട്ടും ഇതുവരെ കണ്ടെത്താനായില്ല. കുട്ടിയെ കാണാതായിട്ട് 24 മണിക്കൂര്‍ പിന്നിട്ടു. ഇന്നലെ ഉച്ചയ്ക്ക് 1.06 ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ബാംഗ്ലൂര്‍ – കന്യാകുമാരി ട്രെയിനില്‍ കുട്ടി യാത്ര ചെയ്യുന്ന നിര്‍ണായക ദൃശ്യം പൊലീസിന് കിട്ടി. കുട്ടിയെ കണ്ട് സംശയം തോന്നിയ ഒരു വിദ്യാര്‍ത്ഥിനി നെയ്യാറ്റിന്‍കരയില്‍ വെച്ച് പകര്‍ത്തിയ ചിത്രം തെരച്ചിലിന് നിര്‍ണായകമായി. ചിത്രത്തിലുള്ളത് തങ്ങളുടെ മകള്‍ തന്നെ ആണെന്ന് തസ്മിദ് തംസുമിന്റെ അച്ഛന്‍ സ്ഥിരീകരിച്ചു. തസ്മിദിനെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉടന്‍ പൊലീസിനെ അറിയിക്കണം. അറിയിക്കേണ്ട നമ്പറുകള്‍: 9497960113 / 9497980111

ഒരു മാസമായി കഴക്കൂട്ടത്ത് താമസിക്കുകയായിരുന്നു കുട്ടിയുടെ കുടുംബം. അമ്മയും അച്ഛനും മൂന്ന് മക്കളുമാണ് കുടുംബത്തിലുള്ളത്. അച്ഛന്‍ അന്‍വര്‍ ഹുസ്സൈന്‍ കേരളത്തില്‍ കൂലിപ്പണി ചെയ്യുകയായിരുന്നു. അമ്മ ഫാര്‍വീന്‍ ബീഗം. സഹോദരിമാരുമായി വഴക്കുണ്ടാക്കിയതിന് അമ്മ ഇന്നലെ രാവിലെ തസ്മിദിനേ ശകാരിച്ചിരുന്നു. തുടര്‍ന്ന് അച്ഛനും അമ്മയും ജോലിക്ക് പോയി. ഇതിന് പിന്നാലെയാണ് കുട്ടി വീടുവിട്ടിറങ്ങിയത്. വസ്ത്രങ്ങള്‍ കറുത്ത ബാഗിലാക്കിയാണ് കുട്ടി വീട് വിട്ടത്. കയ്യില്‍ ആകെയുള്ളത് 50 രൂപ മാത്രമായിരുന്നു. വീടുവിട്ടിറങ്ങുമ്പോള് പിങ്ക്, ക്രീം നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. വൈകീട്ട് മടങ്ങി എത്തിയപ്പോള്‍ മകളെ കാണാതിരുന്ന കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഉടന്‍ പൊലീസ് അന്വേഷണം തുടങ്ങി.

അന്വേഷണത്തില് മൂന്ന് കിലോ മീറ്റര്‍ ദൂരം കുട്ടി സഞ്ചരിച്ചതിന്റെ ഉച്ചയ്ക്ക് 12 മണി വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടി. കഴക്കൂട്ടത്തിന് സമീപത്തെ കടയുടെ മുന്നിലും കഴക്കൂട്ടം ഹൈവേക്ക് സമീപത്തും കുട്ടി നടക്കുന്ന ദൃശ്യം കിട്ടി. പിന്നീട്, പത്ത് രൂപയ്ക്ക് യാത്ര ചെയ്യാവുന്ന സിറ്റി ബസില്‍ കയറി കുട്ടി കഴക്കൂട്ടത്തുനിന്ന് തമ്പാനൂരില്‍ ഇറങ്ങി എന്നാണ് നിഗമനം. രാത്രിയോടെ പൊലീസും നാട്ടുകാരും വ്യാപക തെരച്ചില്‍ തുടങ്ങി. കഴക്കൂട്ടത്തിന് 15 കിലോമീറ്റര്‍ ചുറ്റളവ് കേന്ദ്രീകരിച്ച് രാത്രി മുഴുവന്‍ പൊലീസ് സംഘം പരിശോധന നടത്തി. ബീമാപള്ളി, ശംഖുമുഖം തുടങ്ങി നിരവധി ഇടങ്ങളില്‍ തെരച്ചില്‍ നടന്നു. പിന്നാലെ തിരുവനന്തപുരത്ത് നിന്ന് അസമിലേക്ക് പോയ അരോണയ് എക്‌സ്പ്രസില്‍ കുട്ടി ഉണ്ടെന്ന് സംശയം ഉയര്‍ന്നു. ട്രെയിന്‍ പാലക്കാട് ഒലവക്കോട് സ്റ്റേഷനില്‍ 15 മിനിറ്റ് പിടിച്ചിട്ട് നടത്തിയ പരിശോധനയില്‍ പക്ഷെ കുട്ടിയെ കണ്ടെത്താനായില്ല.

ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് നിര്‍ണായക വിവരം പൊലീസിന് കിട്ടിയത്. ഇന്നലെ ഉച്ചയ്ക്ക് 1.06 ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ബാംഗ്ലൂര്‍ – കന്യാകുമാരി ട്രെയിനില്‍ കുട്ടി ഇരിക്കുന്ന ചിത്രം ഒരു വിദ്യാര്‍ത്ഥിനി പൊലീസിന് അയച്ചുകൊടുത്തു. കുട്ടി ട്രെയിനില്‍ ഒറ്റയ്ക്ക് ഇരിക്കുന്നത് കണ്ട് സംശയം തോന്നി ആണ് യാത്രക്കാരി നെയ്യാറ്റിന്‍കരയില്‍ വെച്ച് മൊബൈലില്‍ ഫോട്ടോ എടുത്തത്. ഇത് തസ്മിദ് തംസും തന്നെ ആണെന്ന് അച്ഛനും അമ്മയും സ്ഥിരീകരിച്ചു. പിന്നാലെ പൊലീസ് സംഘം കന്യാകുമാറിയിലേക്ക് പുറപ്പെട്ടു. കന്യാകുമാരിയിലും നഗര്‍ കോവിലിലും വിശദമായ തെരച്ചില്‍ നടത്തുകയാണ് പൊലീസ് സംഘം.

shortlink

Related Articles

Post Your Comments

Related Articles


Back to top button