Latest NewsKeralaNews

കമൽ ഹാസനെതിരെ വധഭീഷണി മുഴക്കിയ വർഗീയ നേതാക്കളെ അറസ്റ്റ് ചെയ്യണം-മുഖ്യമന്ത്രി

തിരുവനന്തപുരം•കൊലപാതക- ഉന്മൂലന ആഹ്വാനവുമായി അഴിഞ്ഞാടുന്ന ഫാസിസ്റ്റ് മനസ്സുള്ള മത -വർഗീയ ശക്തികളെ നിയമപരമായി നേരിടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കമല്‍ ഹാസന്റെ തല വെട്ടണമെന്ന ഹിന്ദുമഹാസഭയുടെ ഭീഷണിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കമൽ ഹാസനെതിരെ വധഭീഷണി മുഴക്കിയ വർഗീയ നേതാക്കളെ അറസ്റ്റ് ചെയ്യാൻ ബന്ധപ്പെട്ടവർ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനാധിപത്യ ഇന്ത്യയിൽ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിച്ച് കമൽഹാസനെ നിശബ്ദനാക്കാൻ ഇത്തരം കൊലവിളികൾക്കും ഭീഷണികൾക്കും ആവില്ലെന്നും അദ്ദേഹം പറഞ്ഞു.

മഹാത്മജിക്കും ഗോവിന്ദ് പൻസാരെ, ധാബോൽക്കർ, കലബുർഗി, ഗൗരി ലങ്കേഷ് എന്നീ മഹദ് ജീവിതങ്ങൾക്കും എന്ത് സംഭവിച്ചു എന്ന് ഈ രാഷ്ട്രത്തിനറിയാം. ആ ശ്രേണിയിലേക്ക് ഇനിയും പേരുകൾ കൂട്ടിച്ചേർക്കാനുള്ള ഏതു നീക്കവും ചെറുക്കപ്പെടണം. മതനിരപേക്ഷതയുടെ കൊടി ഉയർത്തി ജനങ്ങൾ അണിനിരക്കുന്ന മുന്നേറ്റമാണ് ഈ കുടില ശക്തികൾക്കെതിരെ രാജ്യത്താകെ ഉയരേണ്ടത്.

വർഗീയ വിഭാഗീയ അജണ്ടയുമായി ജനങ്ങളെ വിഭജിക്കാനും സാമൂഹിക ജീവിതം കലുഷമാക്കാനും അശാന്തി വിതയ്ക്കാനും മുതിരുന്ന ഒരു ശക്തിയെയും അംഗീകരിക്കാനാവില്ല. കമൽ ഹാസനെതിരായ ഭീഷണി മത നിരപേക്ഷതയ്ക്കെതിരായ കൊലവിളി തന്നെയാണ്. ശക്തമായി പ്രതിഷേധിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button