അടിമാലി: ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍നിന്ന് 3.25 കോടിതട്ടി മുങ്ങിയ മലയാളി പോലീസില്‍ കീഴടങ്ങി. ഇടുക്കി അടിമാലി കുരിശുപാറ ചെറുവാഴത്താട്ടം ജയപ്രസാദാ(36)ണ് അടിമാലി പോലീസ് സ്റ്റേഷനനിലെത്തി കീഴടങ്ങിയത്.
2015 മുതല്‍ 2016 സെപ്റ്റംബര്‍ 16വരെയുള്ള കാലയളവിലാണ് കമ്പനിയില്‍നിന്ന് പലപ്പോഴായി പണം തട്ടിയെടുത്തത്. പണം തട്ടിപ്പിനെക്കുറിച്ച് സംശയം തോന്നിയ അധികൃതര്‍ സെപ്റ്റംബര്‍ 27-ന് ജയപ്രസാദിനെ കമ്പനി ആസ്ഥാനത്തേക്ക് വിളിപ്പിച്ചിരുന്നു. അപകടം മണത്തറിഞ്ഞ ജയപ്രസാദ് രണ്ടു മണിക്കൂറിനുള്ളില്‍ കുടുംബാഗങ്ങളുമൊത്ത് കേരളത്തിലേക്ക് മുങ്ങുകയായിരുന്നു. തുടര്‍ന്ന് കമ്പനി കൊച്ചി റേഞ്ച് ഐ.ജിക്കു പരാതി നല്‍കി. ഇതേത്തുടര്‍ന്ന് ജൂലായില്‍ അടിമാലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇതിനിടെ ഒളിവില്‍പ്പോയ ഇയാള്‍ ഹൈക്കോടതിയില്‍നിന്ന് മുന്‍കൂര്‍ജാമ്യം തേടി. അന്വേഷണ ഉദ്യോഗസ്ഥര്‍ മുന്‍പാകെ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
2007 മുതല്‍ ദുബായില്‍ സ്‌പെയര്‍ പാര്‍ട്‌സുകള്‍ വില്‍ക്കുന്ന ജര്‍മന്‍ കമ്പനിയില്‍ ചീഫ് അക്കൗണ്ടന്റായി ജയപ്രസാദ് ജോലിചെയ്തുവരികയായിരുന്നു.
Post Your Comments