Latest NewsNewsGulf

നൂറാമത്തെ എയര്‍ബസ് എ-380 സ്വന്തമാക്കി എമിറേറ്റ്സ്

ദുബായ്•മറ്റൊരു നാഴികകല്ല്‌ കൂടി പിന്നിട്ട് ദുബായ് വിമാനക്കമ്പനിയായ എമിറേറ്റ്സ് എയര്‍ലൈന്‍സ്. എമിറേറ്റ്സിന്റെ നൂറാമത്തെ എയര്‍ബസ് എ-380 വിമാനത്തിന്റെ ഡെലിവറി എയര്‍ബസിന്റെ ഹാംബര്‍ഗിലെ ഡെലിവറി സെന്ററില്‍ വെള്ളിയാഴ്ച നടന്നു.

ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റും എമിറേറ്റ്സ് ഗ്രൂപ്പ് ചെയര്‍മനും സി.ഇ.ഓയുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ്‌ അല്‍-മക്തൂം അധ്യക്ഷനായ ചടങ്ങില്‍ എമിറേറ്റ്സ് എയര്‍ലൈന്‍ പ്രസിഡന്റ് സര്‍ ടിം ക്ലാര്‍ക്ക്, എയര്‍ബസ് സി.ഇ.ഓ ടോം എന്‍ഡേഴ്സ്. റോള്‍സ് റോയ്സ് ഡയറക്ടര്‍ ഡോമിനിക് ഹോര്‍വുഡ്, ജര്‍മനിയിലെ യു.എ.ഇ അംബാസിഡര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

റോള്‍സ് റോയ്സ് എന്‍ജിനുകള്‍ കരുത്ത് പകരുന്ന എമിറേറ്റ്സിന്റെ നൂറാമത്തെ എ-380 യിലെ മൂന്ന് ക്യാബിന്‍ ക്ലാസുകളില്‍, ഫാസ്റ്റ് ക്ലാസില്‍ 14 സ്വകാര്യ സ്യൂട്ടുകളും, 76 ബിസിനസ് ക്ലാസ് സീറ്റുകളും, ഇക്കോണമി ക്ലാസില്‍ 426 സീറ്റുകളുമാണ് ഉള്ളത്. എമിറേറ്റ്സിന്റെ ഓണ്‍ബോര്‍ഡ് ലോഞ്ചും നവീകരിച്ചിട്ടുണ്ട്. വരുന്ന ദുബായ് എയര്‍ ഷോയില്‍ പ്രദര്‍ശിപ്പിക്കുന്ന വിമാനം അതിന് ശേഷമാകും സര്‍വീസില്‍ പ്രവേശിക്കുക.

യു.എ.ഇയുടെ പിതാവായ, അന്തരിച്ച ഷെയ്ഖ് സയദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന് ആദരം അര്‍പ്പിച്ചുകൊണ്ടുള്ള ലിവറിയാണ് 100-ആം എ-380യ്ക്ക് നല്‍കിയിരിക്കുന്നത്.

2008 ലാണ് എമിറേറ്റ്സ് എ-380 അവതരിപ്പിച്ചത്. ഏറ്റവും കൂടുതല്‍ എ-380 വിമാനങ്ങള്‍ സ്വന്തമായുള്ള വിമാനക്കമ്പനിയായ എമിറേറ്റ്സ് 6 ഭൂഖണ്ഡങ്ങളിലെ 48 നഗരങ്ങളിലേക്ക് ഈ ഡബിള്‍ ഡക്കര്‍ സൂപ്പര്‍ ജംബോ വിമാനം ഉപയോഗിച്ച് സര്‍വീസ് നടത്തുന്നുണ്ട്. പ്രത്യേക സര്‍വീസുകള്‍ ഉള്‍പ്പടെ 70 വിമാനത്താവളങ്ങളിലേക്ക് എമിറേറ്റ്സ് എ-380 പറത്തിയിട്ടുണ്ട്.

2008 ആഗസ്റ്റ്‌ മുതല്‍ പ്രതിവര്‍ഷം ശരാശരി 11 എ-380 വിമാനങ്ങളാണ് എമിറേറ്റ്സിന് ഡെലിവറി ലഭിക്കുന്നത്. 2016-17 സാമ്പത്തിക വര്‍ഷം 19 വിമാനങ്ങള്‍ ലഭിച്ചിരുന്നു. ഇനി 42 എ-380 വിമാനങ്ങള്‍ കൂടി എയര്‍ബസില്‍ നിന്നും എമിറേറ്റ്സിന് ലഭിക്കാനുണ്ട്.

1500 ഓളം പൈലറ്റുമാര്‍ക്കും 23,000 ക്യാബിന്‍ ജീവനക്കാര്‍ക്കും പ്രത്യേക പരിശീലനം നല്‍കിയാണ്‌ എയര്‍ബസ്‌ എ-380 വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി എമിറേറ്റ്സ് നിയോഗിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button