ദുബായ്: ഓണക്കാലത്ത് പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി യു.എ.ഇയുടെ എമിറേറ്റ്സ് എയര്‍ലൈന്‍സ്. ആകാശത്ത് വെച്ച് തന്നെ ഓണസദ്യ വിളമ്പുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഈ മാസം 20 മുതല്‍ 31 വരെ ദുബായിയില്‍ നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള യാത്രക്കാര്‍ക്ക് ഇലയില്‍ ഓണ സദ്യ തന്നെ വിളമ്പുമെന്നാണ് പ്രഖ്യാപനം. പായസം കൂട്ടിയുള്ള വിഭവ സമൃദ്ധമായ സദ്യയ്‌ക്കൊപ്പം നോണ്‍ വെജ് വിഭവങ്ങളും കമ്പനി ഒരുക്കുന്നുണ്ട്.
എരിശ്ശേരി , പയര്‍ തോരന്‍, ശര്‍ക്കര ഉപ്പേരി, കായ വറുത്തത്, കാളന്‍, പച്ചടി, പുളിയിഞ്ചി, പപ്പടം, മാങ്ങ അച്ചാര്‍, മട്ട അരിച്ചോറ്, സാലഡ്, കൊണ്ടാട്ടം മുളക് എന്നിങ്ങനെ നീളുന്നതാണ് സ്പെഷ്യല്‍ ഓണം മെനു. നോണ്‍ വെജ് പ്രിയര്‍ക്ക് ആലപ്പുഴ ചിക്കന്‍ കറിയും മട്ടന്‍ പെപ്പര്‍ ഫ്രൈയും അടക്കം വിളമ്പും. സദ്യ കഴിഞ്ഞ് മധുരത്തിന് പാലട പ്രഥമനും പരിപ്പു പായസവും കഴിക്കാം.
വിമാനങ്ങളിലെ ഭക്ഷണത്തിന്റെ ഗുണമേന്മയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് പുതിയ മത്സരത്തിന് വാതില്‍ തുറക്കുന്ന പ്രഖ്യാപനം. കോഴിക്കോട്ടേക്ക് സര്‍വ്വീസും, കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും കൂടുതല്‍ സര്‍വ്വീസുകള്‍ അടുത്ത വര്‍ഷം മുതല്‍ ആരംഭിക്കുമെന്ന് എമിറേറ്റ്സ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രവാസികളുടെ ഓണം കളറാക്കാനുള്ള പുതിയ നീക്കം.
Post Your Comments