പെരീസ് (യുഎസ്) : വാടക ഗര്‍ഭധാരണത്തിനായി കോണ്‍ട്രാക്റ്റില്‍ ഒപ്പുവെച്ച യുവതിയുവതിയുടെ വയറ്റില്‍ മറ്റൊരു കുഞ്ഞുജീവന്റെ തുടിപ്പുണ്ടെന്ന് അറിഞ്ഞിരുന്നില്ല. വീടു വാങ്ങാനുള്ള പണത്തിനായാണ് ജെസീക്ക അലന്‍ (31) ഗര്‍ഭപാത്രം വാടകയ്ക്കു നല്‍കിയത്. 35,000 ഡോളര്‍ (ഏതാണ്ട് 23 ലക്ഷം രൂപ) പ്രതിഫലം വാങ്ങി സ്വീകരിച്ച ഗര്‍ഭം ആറാഴ്ചയ്ക്കു ശേഷം പരിശോധിച്ചപ്പോള്‍ ഉള്ളില്‍ ഇരട്ടഭ്രൂണം.
ശസ്ത്രക്രിയയിലൂടെ പിറന്നതു രണ്ട് ആണ്‍കുഞ്ഞുങ്ങള്‍. പണം നല്‍കിയവര്‍, കുഞ്ഞുങ്ങളെ ഒന്നു കാണിച്ചതു പോലുമില്ലെന്നു ജസീക്ക പറയുന്നു. ഒരു മാസത്തിനു ശേഷം അവരുടെ ചിത്രമാണു നല്‍കിയത്. രൂപസാദൃശ്യമുള്ള ഇരട്ടകളെയാണു പ്രതീക്ഷിച്ചതെങ്കിലും അങ്ങനെയല്ലായിരുന്നു. ഇതോടെ തര്‍ക്കമായി. ഒടുവില്‍ ജനിതക പരിശോധനയില്‍ കാര്യങ്ങള്‍ വ്യക്തമായി. ഇരട്ടകളില്‍ ഒരാള്‍ ജെസീക്കയ്ക്കു ഭര്‍ത്താവ് വാര്‍ഡല്‍ ജസ്പറില്‍ ജനിച്ച കുഞ്ഞ്.
കാലിഫോര്‍ണിയയില്‍ ഗര്‍ഭപാത്രം വാടകയ്‌ക്കെടുക്കുന്നതു നിയമപരമാണ്. കേസില്‍ വൈദ്യശാസ്ത്രം ഇടപെട്ടു പറഞ്ഞു: ഇത് അപൂര്‍വത! ദശലക്ഷക്കണക്കിനു ഗര്‍ഭങ്ങളില്‍ ഒന്ന് എന്ന കണക്കില്‍ മാത്രം സംഭവിക്കുന്നത്. ഇത്തരം 11 ഗര്‍ഭങ്ങളെ നാളിതുവരെ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളൂ. ഗര്‍ഭിണിയായ ശേഷവും അണ്ഡോല്‍പാദനം നടക്കുന്നതാണു കാരണം.
നഷ്ടപരിഹാരം വേണമെന്നു പണം നല്‍കിയ ദമ്പതികള്‍ വാദിച്ചെങ്കിലും ലഭിച്ചില്ല. പത്തു മാസത്തിനു ശേഷം ജെസീക്കയ്ക്കു മകനെ തിരിച്ചുകിട്ടി. മാലാഷി എന്ന് അവനു പുതിയ പേരുമിട്ടു. നിയമവഴിയിലൂടെ രണ്ടായെങ്കിലും എന്നെങ്കിലും ഹൃദയവഴിയില്‍ ‘ഇരട്ട’കള്‍ ഒന്നിക്കുമെന്നു പ്രത്യാശിക്കാം; അമ്മയും അച്ഛനും വേറെയെങ്കിലും കൂടപ്പിറപ്പുകളല്ലേ!
അത് എങ്ങനെ സംഭവിച്ചു?
ജെസീക്കയുടെ കുഞ്ഞ് ഫലോപ്പിയന്‍ നാളിയില്‍ ഭ്രൂണമായി രൂപപ്പെട്ട ശേഷമാകാം ഐവിഎഫ് വഴി രണ്ടാമതൊരു ഭ്രൂണം നിക്ഷേപിച്ചത്. സ്വാഭാവിക ഭ്രൂണം അഞ്ചു ദിവസം കഴിയുമ്പോഴാണു ഗര്‍ഭപാത്രത്തില്‍ എത്തുക. നേരിട്ടു നിക്ഷേപിക്കുന്നതിന് ഈ ദിവസപരിധി ഇല്ല. ഗര്‍ഭപാത്രത്തില്‍ ഒരു ഭ്രൂണം വളര്‍ന്നുതുടങ്ങിക്കഴിഞ്ഞും അണ്ഡവിസര്‍ജനം തുടരുന്നത് (സൂപ്പര്‍ ഫീറ്റേഷന്‍) അത്യപൂര്‍വമാണ്.
Post Your Comments