യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് റഷ്യന്‍ പിന്തുണയോടെ തയ്യാറാക്കിയ പോസ്റ്റുകള്‍ 12.6 കോടി പേര്‍ കണ്ടെന്ന് ഫെയ്‌സ്ബുക്ക് അധികൃതര്‍. ഡൊണാള്‍ഡ് ട്രംപിന് തെരഞ്ഞെടുപ്പ് ക്യാംപയിനില്‍ റഷ്യന്‍ പിന്തുണയുണ്ടായെന്ന ആരോപണത്തില്‍ സെനറ്റ് ജുഡീഷ്യല്‍ സമിതിക്ക് മുന്നില്‍ സമര്‍പ്പിക്കാന്‍ ശേഖരിച്ച രേഖകളിലാണ് ഫേസ്ബുക്ക് പോസ്റ്റുകള്‍ എത്രപേര്‍ കണ്ടെന്ന് പറയുന്നത്.
റഷ്യന്‍ ഏജന്‍സിയുടെ പോസ്റ്റുകളില്‍ വിഭാഗീയതയെ പ്രോത്സാഹിപ്പിക്കുന്ന ആശയങ്ങളുടെ ഉള്ളടക്കം ഉണ്ടായിരുന്നതായി നേരത്തെ ഫെയ്‌സ്ബുക്ക് കമ്മ്യൂണിക്കേഷന്‍ വൈസ് പ്രസിഡന്റ് വെളിപ്പെടുത്തിയിരുന്നു. അതേസമയം, 2016 ലെ തെരഞ്ഞെടുപ്പ് ക്യാംപയിനെ സ്വാധീനിക്കാന്‍ റഷ്യ നടത്തിയ ഇടപെടലിനെക്കുറിച്ച് അറിയണമെന്ന് യുഎസ് സെനറ്റര്‍മാരും പറഞ്ഞു.
ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിന് പിന്നില്‍ റഷ്യന്‍ ഇടപെടലുണ്ടെന്ന ആരോപണം അന്വേഷിക്കുന്ന സെനറ്റ് ശേഖരിച്ച രേഖകളിലാണ് കണക്ക് വ്യക്തമാക്കുന്നത്. 2015 മുതല്‍ 17 വരെ റഷ്യയുടെ ഇന്റര്‍നെറ്റ് റിസര്‍ച്ച് ഏജന്‍സി അയച്ച പോസ്റ്റുകളാണ് സമിതിക്ക് കൈമാറുക. നൂറിലധികം വ്യാജപേജുകളിലൂടെ അയച്ച ഒരു ലക്ഷത്തോളം പോസ്റ്റുകള്‍ അമേരിക്കന്‍ വോട്ടര്‍മാരില്‍ പകുതിപേരിലേക്ക് എത്തിയെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ വിവരങ്ങള്‍ കൈമാറുന്നതിലൂടെ സമൂഹത്തില്‍ പുതിയ വിവാദങ്ങള്‍ ഉണ്ടായേക്കുമെന്നും പ്രതികൂല ഫലങ്ങള്‍ പ്രതീക്ഷിക്കുന്നതായും ഫെയ്‌സ്ബുക്ക് പ്രതിനിധി പ്രതികരിച്ചു.
Post Your Comments