വാഷിങ്ടണ്‍: അമേരിക്കന്‍ സൈന്യത്തില്‍ നിന്ന് ട്രാന്‍സ്‌ജെന്‍ഡറുകളെ വിലക്കി കൊണ്ടുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് ഫെഡറല്‍ ജഡ്ജ് താത്ക്കാലികമായി തടഞ്ഞു.വാഷിങ്ടണ്‍ ഫെഡറല്‍ കോടതി ജഡ്ജാണ് ട്രംപിന്റെ നീക്കത്തിന് തടയിട്ടത്.
ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് അവസരം നല്‍കുന്നതിലൂടെ സൈന്യത്തിന് ദോഷം വരുന്നുണ്ടെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.ട്രാന്‍സ്‌ജെന്‍ഡറുകളുടെ ഭരണഘടനാപരമായ അവകാശത്തിനുമേല്‍ പ്രസിഡന്റ് കൈ കടത്തുന്നു എന്നാരോപിച്ചാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സര്‍വ്വീസ് അംഗങ്ങള്‍ കോടതിയെ സമീപിച്ചത്.
ബറാക്ക് ഒബാമ പ്രസിഡന്റായിരുന്ന കാലത്താണ് സൈന്യത്തില്‍ ലിംഗ സമത്വം കൊണ്ടുവരാന്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് അവസരം നല്‍കുന്ന നയം രൂപീകരിച്ചത്.എന്നാല്‍ കഴിഞ്ഞ ജൂലായില്‍ തന്‍റെ ട്വിറ്ററിലൂടെ ട്രംപ് ട്രാന്‍സ്‌ജെന്‍ഡര്‍ വിരുദ്ധ പ്രഖ്യാപനം നടത്തുകയായിരുന്നു. ട്രാന്‍സ്‌ജെന്‍ഡറുകളുടെ ഹോര്‍മോണ്‍ ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കുമായി സര്‍ക്കാരിന് പരിധിയിലധികം പണം ചെലവഴിക്കേണ്ടി വരുന്നുണ്ടെന്നും ഇത് കനത്ത സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നുമാണ് ട്രംപ് വാദിച്ചത്.
അതിനു ശേഷം ഓഗസ്റ്റ് മാസം സൈന്യത്തില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് തൊഴിലവസരം നല്‍കുന്നത് നിഷേധിച്ചു കൊണ്ടുള്ള ധാരണാപത്രത്തിലും ട്രംപ് ഒപ്പിട്ടു. മാത്രമല്ല നിലവില്‍ സൈന്യത്തിലുള്ള ട്രാന്‍സ്‌ജെന്‍ഡറുകളുടെ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത് തടയാനുള്ള വ്യവസ്ഥയും ധാരണാപത്രത്തില്‍ ട്രംപ് ഉറപ്പാക്കി.നിലവില്‍ സൈന്യത്തിലെടുത്ത ട്രാന്‍സ്‌ജെന്‍ഡറുകളുടെ പ്രവേശനവും ട്രംപിന്‍റെ നിര്‍ദേശ പ്രകാരം പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് വൈകിപ്പിച്ചിരുന്നു.
Post Your Comments