അബുദാബി: പർദ ധരിച്ച് സ്ത്രീവേഷത്തിലെത്തി പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിൽ ആരോപണവിധേയനായ പാക് പൗരൻ കുറ്റം നിഷേധിച്ചു. സംഭവം നടക്കുമ്പോൾ കുറ്റാരോപിതനായ പാക്ക് പൗരൻ അബുദാബിയിൽ ഉണ്ടായിരുന്നില്ല എന്നാണ് പ്രതിഭാഗം വാദിക്കുന്നത്. കേസ് വീണ്ടും പരിഗണിക്കണമെന്നും പ്രതിക്കുനേരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ തെറ്റാണെന്നും സംഭവം നടന്ന സമയം പ്രതി, തന്റെ ജോലി സ്ഥലമായ അബുദാബി അതിർത്തി പ്രദേശമായ മുസാഫയിൽ ആയിരുന്നുവെന്നും പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു.
എസി മെക്കാനിക്കായ 33 വയസുള്ള പാക്ക് പൗരനാണ് കേസിലെ പ്രതി. പ്രതി കൃത്യം നടത്തുന്നതിന് നാലുമാസം മുൻപ് മുതൽ കുട്ടിയുടെ വീട്ടിൽ സന്ദർശനം നടത്തുകയും വീട്ടിലെത്തുമ്പോൾ കുട്ടിയോട് സ്നേഹപ്രകടനം നടത്തുകയും ചെയ്‌തിരുന്നു. ഉച്ചയ്ക്കുശേഷം പ്രാർഥനയാക്കായി കുട്ടി പിതാവിനൊപ്പം പള്ളിയിൽ പോകുമെന്ന കാര്യം അറിയാവുന്ന ഇയാൾ പർദ്ദയും മറ്റും ധരിച്ച് സ്ത്രീ വേഷത്തിൽ കുട്ടി പള്ളിയിൽ നിന്നും ഒറ്റയ്ക്ക് തിരിച്ചുവരുന്നത് വരെ കാത്തിരുന്നു. തുടർന്ന് പ്രതി കുട്ടിയുമായി കെട്ടിടത്തിന്റെ മുകളിൽ പോവുകയും പീഡിപ്പിച്ച ശേഷം തുണികൂട്ടിച്ചേർത്ത് കയറുപോലെയാക്കി കുട്ടിയെ തൂക്കികൊല്ലുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ വാദം. പ്രതിയ്ക്കെതിരെ ക്രോസ് ഡ്രസിങ്, നമ്പർ പ്ലേയ്റ്റ് ഇല്ലാതെ വാഹനമോടിക്കൽ, കൊലപാതകം, പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ കുറ്റങ്ങളെല്ലാം പ്രതി നിഷേധിച്ചെങ്കിലും പിന്നീട് കുറ്റം സമ്മതിച്ചിരുന്നു.
Post Your Comments