ചണ്ഡീഗഢ്: പഞ്ചാബ് സര്‍ക്കാര്‍ നല്‍കുന്ന ക്ഷേമ പെന്‍ഷനും വാര്‍ധക്യ പെന്‍ഷനും ജീവിച്ചിരിപ്പില്ലാത്തവരുടെ പേരില്‍ അനര്‍ഹര്‍ കൈപ്പറ്റുന്നുവെന്ന് റിപ്പോര്‍ട്ട്. പ്രമുഖ മാധ്യമം ഇന്ത്യ ടുഡെയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. കര്‍ഷകര്‍ക്ക് പോലും കടാശ്വാസം നല്‍കാന്‍ ഫണ്ടില്ലാതെ സര്‍ക്കാര്‍ നട്ടം തിരിയുമ്പോഴാണ് ഇത്തരമൊരു വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്. പെന്‍ഷന്‍ വാങ്ങുന്നവരുടെ പട്ടികയിലുള്ളവരില്‍ 65,743 പേര്‍ ജീവനോടെയില്ല എന്നാണ് പുതിയ കണ്ടെത്തല്‍. ഇതു സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. 19.80 ലക്ഷം പെന്‍ഷന്‍ കൈപറ്റുന്നവരുടെ രേഖകള്‍ പരിശോധിച്ചതില്‍ 2.45ലക്ഷത്തിലധികം പേരുടെ വിലാസം വ്യാജമാണെന്ന വ്യക്തമായി.
വ്യാജപെന്‍ഷന്‍ ലഭിക്കുന്നവരില്‍ ബഹുഭൂരിഭാഗം പേരും യുവാക്കളാണ്. പെന്‍ഷന്‍ തുക കൈപറ്റുന്ന മരണപ്പെട്ട 65,743പേരില്‍ 45,128 പേരുടേത് വ്യാജവിലാസമാണെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഒരു പതിറ്റാണ്ട് കാലമായി ഇത്തരത്തില്‍ മരണപ്പെട്ടവരുടെ പേരില്‍ സര്‍ക്കാര്‍ അനര്‍ഹര്‍ക്ക് പെന്‍ഷന്‍ തുക നല്‍കിവരുന്നുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. ഇത്തരത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വ്യാജ പെന്‍ഷനുകളുടെ മറവില്‍ സര്‍ക്കാര്‍ ഖജനാവിന് 50 കോടി രൂപയെങ്കിലും നഷ്ടം സംഭവിച്ചിട്ടുണ്ടാകുമെന്നും വിലയിരുത്തുന്നു.
Post Your Comments