ജയ്പുർ: ആർഎസ്എസ് പിന്തുണയുള്ള കേന്ദ്രത്തിൽ കലാലയ വിദ്യാർഥികൾ പഠനയാത്ര നടത്തുന്നത് രാജസ്ഥാൻ സർക്കാർ നിർബന്ധമാക്കി. സർക്കാരിന്റെ ഉത്തരവ് ഉദയ്പുരിൽ ആർഎസ്എസ് പിന്തുണയോടെ പ്രവർത്തിക്കുന്ന പ്രതാപ് ഗൗരവ് കേന്ദ്രയിൽ എല്ലാ കോളജുകളും നിർബന്ധമായി ‘പഠനയാത്ര’ നടത്തണമെന്നാണ്. ആർഎസ്എസ് മേധാവി മോഹൻ ഭഗവത് ആണ് കഴിഞ്ഞ വർഷം കേന്ദ്രം ഉദ്ഘാടനം ചെയ്തത്. ഇവിടെ മഹാറാണ പ്രതാപ് രാജാവിന്റെ ചരിത്രവും നേട്ടങ്ങളുമാണ് വിശദീകരിക്കുന്നത്.
പഠനയാത്ര കൊണ്ട് സംസ്കാരം, പാരമ്പര്യം, ദേശസ്നേഹം, വിദ്യാഭ്യാസം, ടൂറിസം, ധീരത തുടങ്ങിയ മേഖലകളിൽ വിദ്യാർഥികൾക്ക് അവബോധമുണ്ടാക്കുകയാണ് സർക്കാർ ഉദ്ദേശിക്കുന്നത്. പ്രതാപ് ഗൗരവ് കേന്ദ്രത്തെ ദേശീയ തീർഥാടന, സഞ്ചാര കേന്ദ്രമായാണു ജോയിന്റ് ഡയറക്ടർ ബന്ദന ചക്രവർത്തി പുറത്തിറക്കിയ ഉത്തരവിൽ വിശേഷിപ്പിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വർഷം ഓഗസ്റ്റിൽ ഇവിടെ സന്ദർശിച്ചിരുന്നു. കേന്ദ്രത്തിന് രൂപം നൽകിയത് മുതിർന്ന ആർഎസ്എസ് നേതാവ് സോഹൻ സിങ് ആണ്. സർക്കാരിന്റെ തീരുമാനത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി.
Post Your Comments