Latest NewsKeralaNews

അന്ന് സ്കൂളിൽ നടന്നത് ഇത് :മരിച്ച ഗൗരിയുടെ സഹോദരിയുടെ വെളിപ്പെടുത്തൽ

കൊല്ലം: ട്രിനിറ്റി സ്കൂളിലെ അധ്യാപിക തന്നെ മാനസികമായി പീഡിപ്പിച്ചുവെന്ന് മരിച്ച ഗൗരിയുടെ സഹോദരി മീരാ കല്യാണ്‍. ക്ലാസിലിരുന്നു സംസാരിച്ചതിന് തുടര്‍ച്ചയായി തന്നെ ആണ്‍കുട്ടികള്‍കൊപ്പം ക്ലാസ് ടീച്ചര്‍ സിന്ധു പോള്‍ ഇരുത്തിയതിനെതിരെയാണ് രക്ഷിതാക്കളും സഹോദരി ഗൗരിയും ഇടപെട്ടത്. ക്ലാസിലിരുന്ന് സംസാരിച്ചതിന് ആണ്‍കുട്ടികള്‍ക്കൊപ്പം ഇരുത്തുന്നതിനെ ചോദ്യം ചെയ്ത് സ്കൂള്‍ വൈസ് പ്രിന്‍സിപ്പാളിനെ അമ്മ സമീപിച്ചു. വീണ്ടും കുട്ടിയെ ആൺകുട്ടികളുടെ കൂടെ ഇരുത്തിയപ്പോള്‍ വീണ്ടും പ്രിന്‍സിപ്പാളിനെ സമീപിച്ചു. മാനേജ്മെന്റ് അതിനു ക്ഷമയും ചോദിച്ചു.

പക്ഷെ തുടര്‍ന്നും മീരയെ അധ്യാപിക സിന്ധു മാനസികമായി പീഡിപ്പിക്കുകയും ആൺകുട്ടികളുടെ കൂടെ ഇരുത്തുകയുമായിരുന്നു. ഇതിനെ തുടർന്ന് മാതാപിതാക്കൾ ബാലാവകാശ കമ്മീഷനെ സമീപിക്കുമെന്ന് ഗൗരി പ്രശ്നത്തിലിടപെട്ടപ്പോൾടീച്ചറിനോട് പറഞ്ഞതാണ് ടീച്ചറെ പ്രകോപിതയാക്കിയത്. ഇവർ തുടർന്ന് പ്രിൻസിപ്പാളിനെ സമീപിക്കുകയും കുട്ടികളെ കുറിച്ച് പരാതി പറയുകയുമായിരുന്നു. ബാഡ് ബോയ്സിനെ നന്നാക്കാനാണ് മീരയെ ആൺകുട്ടികൾക്കൊപ്പം ഇരുത്തിയതെന്ന വിചിത്ര വാദവും ടീച്ചർ ഉന്നയിച്ചു.

തനിക്കായി ചേച്ചി ഇടപെട്ടതാണ് ചേച്ചിയുടെ ജീവൻ നഷ്ടപ്പെടാൻ കാരണമെന്നാണ് മീര കണ്ണീരോടെ പറയുന്നത്. ഗൗരി ഉച്ചക്ക് ലഞ്ച് കഴിക്കാനിരുന്നപ്പോഴാണ് അധ്യാപിക ക്ലാസില്‍ നിന്ന് വിളിച്ച്‌ കൊണ്ടുപോകുന്നതും മരിച്ച നിലയിൽ കാണുന്നതും. ഗൗരി കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ടീച്ചർ വിളിച്ചു കൊണ്ട് പോയശേഷം കുട്ടി കെട്ടിടത്തിന് മുകളിലേക്ക് ഓടിക്കയറുന്നതും ചാടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കുട്ടിക്ക് പറയാനുള്ളതെന്ന് പോലീസിനെയോ വീട്ടുകാരെയോ അറിയിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല.

കുട്ടിക്ക് പറയാനുണ്ടായിരുന്ന കാര്യങ്ങള്‍ പുറത്തറിയരുതെന്ന് അവര്‍ ആഗ്രഹിച്ചിരുന്നു. അതിനാലാണ് ചികിത്സ വൈകിപ്പിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.ഒന്നര മണിക്കൂറിനു ശേഷം, തലയ്ക്കു മുറിവു പറ്റിയെന്നുമാത്രമാണ് ബന്ധുക്കളെ അറിയിച്ചത്. എന്നാല്‍ തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ആന്തരിക രക്തസ്രാവവും ഹൃദയാഘാതവുമാണ് മരണകാരണമെന്നാണ് അനന്തപുരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നല്‍കുന്ന വിശദീകരണം.

ഗൗരിക്ക് തുടക്കത്തില്‍ ചികിത്സ നിഷേധിച്ചതിന്റെ പേരില്‍ ആരോപണം നേരിടുന്ന ബെന്‍സിഗള്‍ ആശുപത്രി ഗൗരിയുടെ പിതാവില്‍ നിന്നും ചികിത്സയുടെ പേരില്‍ പണം വാങ്ങിയതിന്റെ രസീതുകള്‍ ഇതിനിടെ പുറത്തായി. 4,106 രൂപയാണ് ഈടാക്കിയത്. എന്നാല്‍ വെറും 4,106 രൂപയ്ക്ക് എന്ത് വിദഗ്ധ ചികിത്സ നല്‍കുമെന്നാണ് ഗൗരിയുടെ പിതാവ് ചോദിക്കുന്നത്. സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മതാപിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരെ ഉടന്‍ പിടികൂടുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി ബന്ധുക്കള്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button