Latest NewsKeralaNews

യുവാവിന്റെ മൃതദ്ദേഹം കുളത്തിനടിയില്‍ ഇരിക്കുന്ന നിലയില്‍ : കല്ലറയില്‍ നിന്ന് പുറത്തെടുത്ത് റീപോസ്റ്റ്‌മോര്‍ട്ടം

 

റാന്നി: യുവാവിന്റെ മുങ്ങിമരണത്തില്‍ ദുരൂഹത നിഴലിയ്ക്കുന്നു. സംസ്‌കാരം നടത്തി 50 ദിവസങ്ങള്‍ക്ക് ശേഷം മൃതദ്ദേഹം കല്ലറയില്‍ നിന്നും പുറത്തെടുത്ത് റീ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നു. നാറാണംമൂഴി നിലയ്ക്കല്‍ മര്‍ത്തോമ്മാ പള്ളിയിലെ കല്ലറയില്‍ അടക്കം ചെയ്ത മടന്തമണ്‍ മമ്മരപ്പള്ളില്‍ സിന്‍ജോ മോന്റെ(24) മൃതദേഹമാണ് പുറത്തെടുത്ത് പോസ്റ്റുമാര്‍ട്ടം നടത്തുന്നത്.

സിന്‍ജോമോന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും വിവിധ രാഷ്ട്രീയ പ്രവര്‍ത്തകരും രംഗത്തെത്തുകയും പിതാവ് ജേക്കബ് ജോര്‍ജ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് റീ പോസ്റ്റ്‌മോര്‍ട്ടം നടക്കുന്നത്
.
പോലീസിന്റേയും തിരുവല്ല ആര്‍.ഡി.ഒയുടേയും മറുപടി വാങ്ങിയ ശേഷമാണ് ഹൈക്കോടതി റീ പോസ്റ്റുമോര്‍ട്ടത്തിന് അനുമതി നല്‍കിയത്. നാളെ രാവിലെ പത്തു മണിയോടെ പള്ളി വളപ്പിലെ കല്ലറ തുറന്ന് പുറത്തെടുക്കുന്ന മൃതദേഹം അവിടെ വച്ചു തന്നെ പോസ്റ്റ് മോര്‍ട്ടം നടത്തും. കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നുള്ള വിദഗ്ധ സംഘമാകും പോസ്റ്റുമോര്‍ട്ടം നടത്തുക. ഇപ്പോള്‍ കേസന്വേഷിക്കുന്ന പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആര്‍. സുധാകരപിള്ളയുടെ നേതൃത്വത്തിലുള്ള പോലീസും തിരുവല്ല ആര്‍.ഡി.ഒയും വടശേരിക്കര സി.ഐയുടെ അധിക ചുമതലയുള്ള റാന്നി സി.ഐ ന്യൂമാനും മേല്‍നോട്ടം വഹിക്കും.

കഴിഞ്ഞ മാസം മൂന്നിനു വൈകിട്ട് അത്തിക്കയത്തു കടകളില്‍ പാലു നല്‍കാന്‍ പോയ സിന്‍ജോ മോന്‍ പിന്നീട് വീട്ടില്‍ മടങ്ങി എത്തിയിരുന്നില്ല. പിറ്റേന്നു തിരുവോണ ദിവസം രാവിലെ വീടിനു സമീപം റോഡരികില്‍ സ്റ്റാന്‍ഡില്‍ കയറ്റി വച്ച നിലയില്‍ സിന്‍ജോയുടെ ബൈക്ക് കണ്ടെത്തി. ഉച്ചയോടെയാണ് പിതാവ് ജേക്കബ് ജോര്‍ജ് (സജി) മൂത്ത മകന്‍ സിന്‍ജോയെ കാണാനില്ലെന്നു കാണിച്ച് വെച്ചൂച്ചിറ സ്റ്റേഷനില്‍ പരാതി നല്‍കുന്നത്. ഇവരുടെ താമസ സ്ഥലത്തിനോടു ചേര്‍ന്ന് ഉപയോഗ ശൂന്യമായ കുളത്തിനു സമീപം യുവാവിന്റെ ബൈക്ക് കാണപ്പെട്ട സാഹചര്യത്തില്‍ വെച്ചൂച്ചിറ പോലീസ് ഫയര്‍ ഫോഴ്‌സിന്റെ സഹായത്തോടെ കുളത്തില്‍ തെരച്ചില്‍ നടത്തുകയും അന്നു തന്നെ മൃതദേഹം കണ്ടെത്തുകയും ആയിരുന്നു.

ഇരിക്കുന്ന നിലയിലായിരുന്നു കുളത്തില്‍ മൃതദേഹം കാണപ്പെട്ടത്. താടിയിലും മുട്ടിലും മറ്റും മുറിവുകളും ശരീരത്ത് ചതവുകളും കാണപ്പെട്ടിരുന്നു. പിറ്റേന്നു കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയില്‍ പോലീസ് സര്‍ജന്‍ ജയിംസ്‌കുട്ടിയുടെ നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം നടന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങി മരണത്തിന്റെ സൂചനകളാണ് ഉണ്ടായിരുന്നതെന്നും വെള്ളത്തില്‍ ശ്വാസം മുട്ടി മരിച്ചതിന്റെ തെളിവുകള്‍ ലഭിച്ചുവെന്നുമായിരുന്നു പോലീസ് പറഞ്ഞത്. സിന്‍ജോയുടെ ബൈക്ക് എവിടെയോ മറിഞ്ഞതിന്റെ ലക്ഷണങ്ങള്‍ കാണാനുണ്ടായിരുന്നു. അതില്‍ രക്തക്കറകളും ഉണ്ടായിരുന്നതായി പറയുന്നു.

പോലീസ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തി ബൈക്ക് പരിശോധിച്ച് അപകടത്തില്‍ പെട്ടതാണെന്ന് ഉറപ്പു വരുത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഒരു ദിവസം മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം സെപ്റ്റംബര്‍ ഏഴിനാണ് നാറാണംമൂഴി നിലയ്ക്കല്‍ മര്‍ത്തോമ്മാ പള്ളിയിലെ കല്ലറയില്‍ സംസ്‌കരിച്ചത്. സിന്‍ജോയുടെ സംസ്‌കാരം കഴിഞ്ഞ് ദിവസങ്ങള്‍ ചെല്ലുന്തോറും മരണം സംബന്ധിച്ച് ഒട്ടേറെ സംശയങ്ങളും പരാതികളും ഉയര്‍ന്നു വന്നു. ലോക്കല്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച് സ്ത്രീകളും കുട്ടികളും അടക്കം അത്തിക്കയത്ത് റോഡ് ഉപരോധം അടക്കമുള്ള സമരം നടത്തി.

ഡി.െവെ.എഫ്.ഐ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയതിനെ തുടര്‍ന്ന് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. സിന്‍ജോ മോന്റെ മരണം കൊലപാതകമാണെന്നും പ്രതികളെ അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം അത്തിക്കയത്ത് പ്രതിഷേധ യോഗവും നടന്നു. ഇതിനിടയിലാണ് മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് ആവശ്യപ്പെട്ട് പിതാവ് ജേക്കബ് ജോര്‍ജ് (സജി) ഹൈക്കോടതിയെ സമീപിച്ചത്. നാളെ റീ പോസ്റ്റ്മാര്‍ട്ടം നടക്കുന്നതോടെ സിന്‍ജോയുടെ മരണത്തിലെ ദുരൂഹത മാറുമെന്ന പ്രതീക്ഷയിലാണ് മാതാപിതാക്കളായ സജിയും സാലിയും ഒപ്പം നാട്ടുകാരും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button