കൊച്ചി: ഹൈക്കോടതി എസ്എഫ്ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. കോടതിയെ സംഘടന തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് വിമര്‍ശനം. എസ്എഫ്ഐക്കെതിരായ കോടതി നടപടി പൊന്നാനി എംഇഎസ് കോളേജ് നല്‍കിയ ഹര്‍ജിയിലാണ്.
എസ്എഫ്ഐ നേതൃത്വത്തില്‍ പൊന്നാനി എംഇഎസ് കോളേജില്‍ ക്ലാസ് മുടക്കി സമരം നടത്തുന്നുവെന്നായിരുന്നു മാനേജ്മെന്റിന്റെ പരാതി. എന്നാല്‍ ഇത് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ എസ്എഫ്ഐ നിഷേധിച്ചു. തുടര്‍ന്ന് മാനേജ്മെന്റ് കോളേജില്‍ സ്ഥാപിച്ചിരുന്ന സംഘടയുടെ പോസ്റ്ററുകള്‍, കൊടിതോരണങ്ങള്‍ എന്നിവയുടെ വീഡിയോ അടക്കമുള്ള തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയതോടെ എസ്എഫ്ഐ പ്രതിരോധത്തിലായി.
ഇതേത്തുടര്‍ന്നാണ് കോടതി വ്യാജ സത്യവാങ്മൂലം നല്‍കി തെറ്റിദ്ധരിപ്പിച്ചതിന് വിമര്‍ശനം ഉന്നയിച്ചത്. മാത്രമല്ല കോളേജ് കോമ്പൌണ്ടില്‍ വച്ചിരുന്ന കൊടിതോരണങ്ങള്‍ നീക്കം ചെയ്തതായി പോലീസും വ്യക്തമാക്കിയിരുന്നു.
അതേസമയം എസ്എഫ്ഐ എംഇഎസ് കോളേജ് യൂണിറ്റ് സെക്രട്ടറിയുടെ മാതാപിതാക്കള്‍ പഠിക്കാനാണോ പഠനം മുടക്കാനാണോ മകനെ കോളേജിലേക്ക് വിടുന്നതെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. പഠനത്തിന് തടസ്സം വരാതെ പോലീസ് നോക്കാനും കോടതി നിര്‍ദ്ദേശിച്ചു. നേരത്തെ ഇതേ കേസില്‍ വാദം കേള്‍ക്കവെ കലാലയ രാഷ്ട്രീയത്തിനെതിരെ കോടതി നിലപാടെടുത്തിരുന്നു.
Post Your Comments