മുംബൈ: തെലങ്കാന സര്‍ക്കാര്‍ പഴയ തീവണ്ടി കോച്ചുകള്‍ തെരുവില്‍ കഴിയുന്നവര്‍ക്കുള്ള താത്ക്കാലിക വീടാക്കി മാറ്റാന്‍ ഒരുങ്ങുന്നു. ഇങ്ങനെയുള്ള റെയില്‍വേ കോച്ചുകളെ തണുപ്പുകാലം തുടങ്ങുന്നതിന് മുമ്പേ വൈദ്യൂതീകരിച്ചും ശൗചാലയം സ്ഥാപിച്ചും താമസ യോഗ്യമാക്കാനാണ് പദ്ധതി.
വീടില്ലാത്തവര്‍ക്കായുള്ള ഒരു സ്ഥിരം പരിഹാരമാര്‍ഗമല്ല ഇതെന്നും മറിച്ച് താത്ക്കാലിക പരിഹാരമായിട്ടാണ് ഇങ്ങനെ ഉപയോഗിക്കാത്ത കോച്ചുകളെ വീടാക്കി മാറ്റുന്നതെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്ന സൂചന.
ഇങ്ങനെ പത്ത് കോച്ചുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ പദ്ധതിയുള്ളതായി തെലങ്കാന നഗരവികസന മന്ത്രി എല്‍.വന്ദനകുമാര്‍ ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ പ്രധാന പ്രശ്നം വീടില്ലാത്തവര്‍ക്ക് വീടൊരുക്കാന്‍ സ്ഥല പരിമിതിയാണ്. ഇതിന് ഉടന്‍ പരിഹാരം കാണാനാവുമെന്നാണ് പ്രതീക്ഷയെന്നും വന്ദനകുമാര്‍ പറഞ്ഞു.
ഓരോ വര്‍ഷവും സംസ്ഥാനത്ത് വീടില്ലാത്തവരുടെ എണ്ണം വലിയ തോതിലാണ് വര്‍ധിച്ച് വരുന്നത്. പലരും നാട് വിട്ടു. ഓരോ വര്‍ഷവും കഠിനമായ തണുപ്പും ചൂടും താങ്ങനാവാതെ നിരവധി പേരാണ് റെയില്‍വേ പ്ലാറ്റ്ഫോമുകളിലും മറ്റും മരിക്കുന്നത്. ഇതിന് ഒരു താത്ക്കാലിക പരിഹാരമെന്നോണമാണ് റെയില്‍വേ കോച്ചുകളെ താമസകേന്ദ്രമാക്കി മാറ്റുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
Post Your Comments