ന്യൂഡല്‍ഹി: ഗ്രേറ്റര്‍ നോയിഡയില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ പെണ്‍കുട്ടികള്‍ ബീഹാറിലെ പാറ്റ്‌നയ്ക്ക്അടുത്ത് കണ്ടെത്തി. ലഹരി കഴിച്ച് അബോധാവസ്ഥയിലായിരുന്നു പെണ്‍കുട്ടികള്‍. മലയാളി പെണ്‍കുട്ടിയും കൂട്ടുകാരിയുമാണ് കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായത്. ലഹരിയുടെ അബോധാവസ്ഥയിലാണ് ഇരുവരേയും പൊലീസ് കണ്ടെത്തിയത്. ഗ്രേറ്റര്‍ നോയിഡ പൈ സെക്ടര്‍ ഇന്‍ഫോമാറ്റിക് അപാര്‍ട്ട്‌മെന്റ് സി 12ല്‍ താമസിക്കുന്ന മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥന്‍ തൃശൂര്‍ കൊരട്ടി സ്വദേശി ബിനുരാജിന്റെ മകള്‍ അഞ്ജലി (15), സുഹൃത്ത് സ്തുതി മിശ്ര (14) എന്നിവരെയാണു തിങ്കളാഴ്ച വൈകിട്ട് കാണാതായത്. ഇതോടെ പൊലീസില്‍ പരാതി നല്‍കി.
അന്വേഷണത്തിനിടെ ഇന്നലെ ഇതില്‍ ഒരു കുട്ടി അച്ഛനെ വിളിച്ചു. എന്നാല്‍ ഫോണ്‍ പെട്ടെന്ന് കട്ടാവുകയും ചെയ്തു. ട്രെയിന്‍ യാത്രയ്ക്കിടെയായിരുന്നു ഇത്. പിന്നീട് അച്ഛന്‍ വിളിച്ചപ്പോള്‍ എടുത്തത് മറ്റൊരാളായിരുന്നു. കുട്ടികള്‍ തന്റെ ഫോണ്‍ വാങ്ങി വിളിക്കുകയായിരുന്നുവെന്ന് അയാള്‍ പറഞ്ഞു. കുട്ടികള്‍ പാട്‌നയ്ക്ക് ്മുന്‍പുള്ള സ്റ്റേഷനില്‍ ഇറങ്ങിയെന്നും അറിയിച്ചു. ഇതോടെ പൊലീസ് ഈ ഭാഗത്ത് അന്വേഷണം തുടങ്ങി.
ഇതിനിടെയാണ് ലഹരിയില്‍ അബോധാവസ്ഥയിലായ കുട്ടികളെ പൊലീസ് കണ്ടെത്തിയത്. ഇരുവരും അബോധാവസ്ഥയിലായിരുന്നുവെങ്കിലും അച്ഛന്റെ ഫോണ്‍ നമ്പര്‍ ഒരു കുട്ടി ഓര്‍ത്തെടുത്തു. ഇതോടെ പൊലീസ് അച്ഛനെ ബന്ധപ്പെടുകയും ചെയ്തു. ഇവര്‍ ഗ്രേറ്റര്‍ നോയിഡയില്‍ നിന്ന് ബസിലാണ് യാത്ര തുടങ്ങിയത്. പിന്നീട് ഹൗറയിലേക്കുള്ള ഹിമഗിരി എക്‌സ്പ്രസില്‍ കയറിയെന്നാണ് സൂചന. കേന്ദ്രീയ വിദ്യാലയയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അഞ്ജലി. സ്തുതി ഒന്‍പതില്‍ പഠിക്കുന്നു. അപാര്‍ട്‌മെന്റിനു പുറത്തുള്ള കടയിലേക്കു വൈകിട്ട് ഏഴോടെയാണ് ഇരുവരും പോയത്. പിന്നീട് അപ്രത്യക്ഷമാവുകയായിരുന്നു.
ഫോട്ടോ എടുക്കാനും സാധനങ്ങള്‍ വാങ്ങുന്നതിനുമായിട്ടാണ് രണ്ടു പെണ്‍കുട്ടികളും തിങ്കളാഴ്ച വീട്ടില്‍ നിന്നിറങ്ങിയത്. പെണ്‍കുട്ടികളെ കാണാതായ വഴിയില്‍ സിസിടിവി സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തന രഹിതമായിരുന്നു. തൊട്ടടുത്ത മാര്‍ക്കറ്റിലേക്ക് പോയ ഇവര്‍ രാത്രി എട്ടുമണിയായിട്ടും തിരിച്ചുവന്നില്ല. തുടര്‍ന്നാണ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടികള്‍ സാധനങ്ങള്‍ വാങ്ങിയ ശേഷം തിരിച്ചുപോയെന്ന് വ്യാപാരി മൊഴി നല്‍കിയിരുന്നു. വീട്ടിലേക്കുള്ള വഴിയാണ് ഇവരെ കാണാതായതെന്ന് പൊലീസ് പിന്നീട് സ്ഥിരീകരിച്ചു. ഇന്‍ഫോമാറ്റിക് അപ്പാര്‍ട്ട്‌മെന്റില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു.
അഞ്ജലിയുടെ പിതാവ് ബിനുരാജും അപ്പാര്‍ട്ടമെന്റിലെ ചില വിദ്യാര്‍ത്ഥിനികളും തമ്മില്‍ അടുത്തിടെ തര്‍ക്കമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചറിയാനായിരുന്നു റെയ്ഡ്. അന്വേഷണം ഊര്‍ജിതമാക്കിയിരിക്കെയാണ് ബിഹാറില്‍ നിന്ന് വിവരം ലഭിച്ചത്.
Post Your Comments