KeralaLatest NewsNews

സംസ്ഥാനത്ത് ഈ വര്‍ഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1600 കോടി രൂപയുടെ കാര്‍ഷിക വായ്പ അനുവദിക്കും; മന്ത്രി വി.എസ്. സുനില്‍കുമാര്‍

സംസ്ഥാനത്ത് ഈ വര്‍ഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1600 കോടി രൂപയുടെ കാര്‍ഷിക വായ്പ അനുവദിക്കും; മന്ത്രി വി.എസ്. സുനില്‍കുമാര്‍ കേരളത്തില്‍ ഈ വര്‍ഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ1600 കോടി രൂപയുടെ കാര്‍ഷിക വായ്പ അനുവദിക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  എസ്ബിഐ ഉന്നതതല ഉദ്യോഗസ്ഥരുമായി മന്ത്രി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. നെല്ല് സംഭരിച്ചതിന്റെ പിആര്‍എസ് രസീത് സമര്‍പ്പിക്കുന്ന മുറയ്ക്ക്  നെല്‍കര്‍ഷകര്‍ക്ക് നെല്ലിന്റെ വില ലഭ്യമാക്കുന്ന പദ്ധതിയില്‍ സഹകരിച്ച് എസ്ബിഐ സപ്ലൈകോയുമായി കഴിഞ്ഞദിവസം കരാര്‍ ഒപ്പിട്ടുവെന്നും മന്ത്രി അറിയിച്ചു. നെല്ല് സംഭരണ പദ്ധതിയില്‍ 300 കോടി രൂപയാണ് എസ്ബിഐ മുടക്കുക.

കര്‍ഷകരുടെ അക്കൗണ്ട് ഏറ്റവും കൂടുതലുള്ള എസ്ബിഐ കര്‍ഷകര്‍ക്ക് സീറോ ബാലന്‍സ് അക്കൗണ്ട്  അനുവദിക്കാന്‍ ധാരണയായിട്ടുണ്ട്. പച്ചക്കറികര്‍ഷകര്‍ക്ക് നാലു ശതമാനം പലിശയ്ക്ക് മൂന്നു ലക്ഷം രൂപ വരെ വായ്പ  നല്‍കും. കൂടാതെ 2016 മാര്‍ച്ച് 31ന്  കിട്ടാക്കടമായ കാര്‍ഷിക വായ്പകള്‍ മുതലിന്റെ അമ്പതുശതമാനം ഒറ്റത്തവണ തിരിച്ചടച്ചാല്‍ എഴുതിത്തള്ളുന്ന പദ്ധതിയും എസ്ബിഐ നടപ്പാക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. ഇങ്ങനെ ഒറ്റത്തവണ തീര്‍പ്പാക്കിയ കര്‍ഷകന് മുപ്പതു ദിവസത്തിനുശേഷം പുനര്‍ വായ്പയ്ക്കും അവസരം ലഭിക്കും. സംസ്ഥാനത്തെ 36000 കര്‍ഷകര്‍ക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കും. 2018 മാര്‍ച്ച് 31 വരെയാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പിലാക്കുന്നത്.

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ എല്ലാ മാസവും ആദ്യ ബുധനാഴ്ച വൈകിട്ട് അഞ്ചര മുതല്‍ ആറര വരെ കൃഷിമന്ത്രി വിളിപ്പുറത്ത് എന്ന കോള്‍സെന്റര്‍ പരിപാടി ആരംഭിക്കും. ഇതിന്റെ ഉദ്ഘാടനം നവംബര്‍ ഒന്നിന് സമേതിയില്‍ നടക്കും.  സംസ്ഥാനത്തെ 217 കൃഷി ഓഫീസര്‍മാരുടെ ഒഴിവ് പി.എസ്.സി. മുഖാന്തരം സുതാര്യമായി രണ്ടുദിവസത്തിനുള്ളില്‍ നികത്തുമെന്നും മന്ത്രി അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടീക്കാറാം മീണ, എസ്ബിഐ ജനറല്‍ മാനേജര്‍ ആദികേശവന്‍, ഡിജിഎം കൃഷ്ണറാവു, സിജിഎം അശോക് പീര്‍, എജിഎം ഇന്ദുപാര്‍വതി  എന്നിവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button