ന്യൂഡല്‍ഹി: വധശിക്ഷ നടപ്പാക്കുന്നതില്‍ ഡോക്ടര്‍മാരുടെ പങ്കാളിത്തം അവസാനിപ്പിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ). ജീവന്‍ സംരക്ഷിക്കാന്‍ ഉത്തരവാദിത്വമുള്ള ഡോക്ടര്‍മാരെ വധശിക്ഷയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഐ.എം.എ., മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് കത്തയച്ചു.
ഇതുസംബന്ധിച്ച് അടുത്തിടെ ലോക മെഡിക്കല്‍ അസോസിയേഷന്‍ പരിഷ്‌കരിച്ച പ്രമേയം പാസാക്കിയിരുന്നു. ഇത് ഡോക്ടര്‍മാര്‍ക്കുള്ള മാര്‍ഗരേഖയായി പുറത്തിറക്കണമെന്നും ഐ.എം.എ. മെഡിക്കല്‍ കൗണ്‍സിലിനോട് ആവശ്യപ്പെട്ടു.
വധശിക്ഷയില്‍ ഡോക്ടര്‍മാരുടെ പങ്കാളിത്തം സംബന്ധിച്ച് 1981-ല്‍ ലോക മെഡിക്കല്‍ അസോസിയേഷന്‍ പ്രമേയം പാസാക്കിയിരുന്നു. പിന്നീട് 2008, 2012 വര്‍ഷങ്ങളിലും ഏറ്റവുമൊടുവില്‍ ഈ മാസവും പ്രമേയം പാസാക്കി.
പ്രമേയത്തിലെ ആവശ്യം ഇങ്ങനെ
* വധശിക്ഷയിലോ അതുമായി ബന്ധപ്പെട്ട ഏതെങ്കിലും നടപടിയിലോ ഡോക്ടര്‍മാര്‍ പങ്കാളികളാകുന്നത് അധാര്‍മികമാണ്. ചികിത്സിക്കുകയെന്ന ഡോക്ടര്‍മാരുടെ ഉത്തരവാദിത്വത്തിന് വിരുദ്ധമാണിത്.
* ഡോക്ടര്‍മാരുടെ അറിവും പ്രാവീണ്യവും ആരോഗ്യമേഖലയ്ക്ക് വേണ്ടിയല്ലാതെ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ‘ആരെയും വേദനിപ്പിക്കരുത്’ എന്ന അടിസ്ഥാന വൈദ്യശാസ്ത്രതത്ത്വത്തിന്റെ ലംഘനമാണ്.
* രോഗികളുടെ ആരോഗ്യത്തിനാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. മനുഷ്യജീവന് ആദരവുനല്‍കണം. ഭീഷണിയും സമ്മര്‍ദവും ഉണ്ടെങ്കില്‍പ്പോലും മനുഷ്യാവകാശം ലംഘിക്കാന്‍ വൈദ്യശാസ്ത്ര അറിവ് ഉപയോഗിക്കരുത്.
* പൗരന്മാര്‍ എന്നനിലയില്‍ ഡോക്ടര്‍മാര്‍ക്ക് വധശിക്ഷയെപ്പറ്റി സ്വന്തം വിശ്വാസങ്ങള്‍ക്കനുസൃതമായി നിലപാടെടുക്കാം. എന്നാല്‍, ഡോക്ടര്‍ എന്നനിലയില്‍ അവര്‍ വധശിക്ഷയ്‌ക്കെതിരായ നിലപാട് ഉയര്‍ത്തിപ്പിടിക്കണം.
* ലോക മെഡിക്കല്‍ അസോസിയേഷനു കീഴിലുള്ള എല്ലാ സംഘടനകളും ഇക്കാര്യം അംഗങ്ങളായ ഡോക്ടര്‍മാരെ ധരിപ്പിക്കണം. ഡോക്ടര്‍മാരെ ഒഴിവാക്കുന്നതിനായി സംഘടനകള്‍ സര്‍ക്കാരുകളില്‍ സമ്മര്‍ദം ചെലുത്തണം.
Post Your Comments