തിരുവനന്തപുരം : മലയാള സിനിമയില്‍ ആദ്യത്തെ ന്യൂ ജനറേഷന്‍ തരംഗം തുടങ്ങിയത് 1975-കളിലാണ്. അന്നാണ് ഐ.വി.ശശിയും ആലപ്പി ഷെരീഫും ഒന്നിക്കുന്നത്. ഉത്സവം എന്ന ചിത്രത്തിലൂടെ.
സിനിമയില്‍ ഏറെനാള്‍ നിന്നിട്ടും സംവിധായകന്‍ എന്ന പേര് അഭ്രപാളിയില്‍ തെളിയുന്നതിനായി കാത്തിരുന്ന ഐ.വി.ശശിയുടെ തുടക്കം ഷെരീഫിന്റെ തിരക്കഥയിലായിരുന്നു. കളിപ്പാവ എന്ന ചിത്രമെഴുതി ഹിറ്റാക്കിയ ആലപ്പി ഷെരീഫിന്റെ തിരക്കഥ സംവിധാനം ചെയ്യാന്‍ അവസരം കിട്ടിയത് ശശിക്കും ബ്രേക്കായി.
ഭാവിയില്‍ സംഭവിച്ചേക്കാവുന്ന ഒരു വിഷയത്തെ കാലങ്ങള്‍ക്കു മുന്‍പേ അഭ്രപാളിയിലെത്തിക്കുകയായിരുന്നു ഉത്സവം എന്ന ചിത്രത്തിലൂടെ ഇരുവരും. കുടിവെള്ളത്തിനായുള്ള രണ്ടു കരക്കാരുടെ പോരാട്ടങ്ങള്‍ക്കിടയില്‍ ഒരു ദേശത്തിന്റെ കഥ പറയുകയായിരുന്നു ശശിയും ഷെരീഫും.
കെ.പി. ഉമ്മര്‍, വിന്‍സെന്റ്, രാഘവന്‍, സോമന്‍, സുകുമാരന്‍, ശ്രീവിദ്യ, റാണി ചന്ദ്ര എന്നിവര്‍ അഭിനയിച്ച ഉത്സവം വന്‍ ഹിറ്റായി. ഇതോടെ, ഷെരീഫും ഐ.വി.ശശിയും ഹിറ്റുകളുടെ കൂട്ടുകെട്ടിന് തുടക്കമിടുകയായിരുന്നു.
പിന്നാലെ, 1976-ല്‍ നാലു ചിത്രങ്ങളാണ് ശശി-ഷെരീഫ് കൂട്ടുകെട്ടില്‍ പിറന്നത്. അനുഭവം, ആലിംഗനം, അയല്‍ക്കാരി, അഭിനന്ദനം എന്നിവയായിരുന്നു ചിത്രങ്ങള്‍. 1977-ല്‍ ഇരുവരുടെയും കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയത് 11 ചിത്രങ്ങള്‍. ആശിര്‍വാദം, അഞ്ജലി, അകലെ ആകാശം, അംഗീകാരം, അഭിനിവേശം, ആനനന്ദം പരമാനന്ദം, അന്തര്‍ദാഹം, ഹൃദയമേ സാക്ഷി, ഊഞ്ഞാല്‍ ഇതായിരുന്നു ചിത്രങ്ങള്‍.
1975 മുതല്‍ 1988ല്‍ അനുരാഗി പുറത്തിറങ്ങുന്നതുവരെ കുടുംബപ്രേക്ഷകരടക്കമുള്ളവര്‍ ഐ.വി.ശശി-ഷെരീഫ് ചിത്രങ്ങള്‍ക്കായി കാതോര്‍ത്തിരുന്നു. ലൈംഗികത്തൊഴിലാളിയുടെ കഥ മനോഹരമായി അവതരിപ്പിച്ച അവളുടെ രാവുകള്‍ വന്‍ ഹിറ്റായി. 1978ല്‍ പുറത്തിറങ്ങിയ ചിത്രം കുടുംബപ്രേക്ഷകരെപ്പോലും ആകര്‍ഷിച്ചു. സീമയെ കേന്ദ്ര കഥാപാത്രമാക്കി അവതരിപ്പിച്ച സിനിമയില്‍ സോമന്‍, രവികുമാര്‍, സുകുമാരന്‍ എന്നിവരും വേഷമിട്ടു.
1979-ല്‍ പി.വി. ഗംഗാധരന്‍ നിര്‍മിച്ച മനസാ വാചാ കര്‍മണ എന്ന ചിത്രവും വന്‍ ഹിറ്റായി. സുകുമാരനും സോമനും ജയഭാരതിയുമൊക്കെ തകര്‍ത്തഭിനയിച്ച ചിത്രം ഏറെനാള്‍ തിയേറ്ററുകളിലോടി. ഈറ്റയും എടുത്തുപറയേണ്ട തിരക്കഥയായിരുന്നു.
1988-ലാണ് ഈ കൂട്ടുകെട്ടിന്റെ അവസാന സിനിമ. മോഹന്‍ലാല്‍, രമ്യാ കൃഷ്ണന്‍, സുരേഷ് ഗോപി, ഉര്‍വശി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി എടുത്ത അനുരാഗിയായിരുന്നു അത്. 24 ചിത്രങ്ങളാണ് ഇരുവരുമൊന്നിച്ച് ചെയ്തത്. അതില്‍ 24-ഉം ഹിറ്റുകളുടെ പട്ടികയില്‍ ഇടംപിടിച്ചു.
Post Your Comments