അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസ് വൈസ് പ്രസിഡണ്ട് രാഹുൽ ഗാന്ധിയും ഗുജറാത്തിലെ പട്ടേൽ സമരങ്ങളുടെ സൂത്രധാരനായ ഹർദിക് പട്ടേലും തമ്മിൽ രഹസ്യമായി കൂടിക്കാഴ്ച നടന്നതായി റിപ്പോർട്ടുകൾ. താൻ കോൺഗ്രസ്സിലേക്കില്ലെന്നു ഹർദിക് പട്ടേൽ അവകാശപ്പെടുമ്പോഴും രാഹുൽ ഗാന്ധിയെ പട്ടേൽ ഹോട്ടലിൽ എത്തി കണ്ടതായാണ് സി സി ടി വി കാമറ ദൃശ്യങ്ങളുടെ പിന്തുണയോടെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ ദിവസം ബി ജെ പി നേതാക്കൾ ഹർദിക് പട്ടേലിന്റെ അനുയായിക്ക് പാർട്ടിയിൽ ചേരാൻ വേണ്ടി 1 കോടി രൂപ വാഗ്ദാനം ചെയ്തു എന്ന വാർത്ത വന്ന പിന്നാലെയാണ് രാഹുൽ ഹർദിക് പട്ടേൽ കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്. അഹമ്മദാബാദിൽ രാഹുൽ ഗാന്ധി താമസിച്ച ഹോട്ടലിലേക്ക് ഹർദിക് പട്ടേൽ കയറുന്ന ദൃശ്യങ്ങളാണ് സി സി ടി വിയിൽ പതിഞ്ഞത്. ഞായറാഴ്ച രാത്രിയോടെ ഹോട്ടലിൽ കയറിയ പട്ടേൽ പിറ്റേന്ന് വൈകുന്നേരം നാല് മണിയോടെയാണ് പുറത്തിറങ്ങുന്നതായി കാണിക്കുന്നത്.
തിങ്കളാഴ്ച 1 മണിയോടെയാണ് രാഹുൽ ഹോട്ടലിൽ എത്തിയത്. രാഹുൽ ഗാന്ധി താമസിച്ച ഹോട്ടലിൽ ഹർദീക് പട്ടേൽ എത്തിയെങ്കിലും കൂടിക്കാഴ്ച നടന്നതായി തെളിവുകള്‍ ഇല്ല. എന്ത് വില കൊടുത്തും ഇത്തവണ ഗുജറാത്തിൽ ഒരു തിരിച്ചുവരവിന് ശ്രമിക്കുകയാണ് കോൺഗ്രസ് പാർട്ടി. ദളിത്, പിന്നോക്ക, പട്ടേല്‍ വിഭാഗങ്ങളുമായി സഖ്യമുണ്ടാക്കി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനാണ് രാഹുൽ കണക്ക് കൂട്ടുന്നത്.
Post Your Comments