തിരുവനന്തപുരം: കോടതികളെ ജനങ്ങൾ ഭയക്കുന്നുവെന്ന് നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. ബ്രിട്ടിഷ് കോളനിവാഴ്ചയുടെ പ്രേതങ്ങൾ വിട്ടൊഴിയാത്ത അന്തരീക്ഷമുള്ള കോടതികളെയാണ് ജനങ്ങൾ ഭയക്കുന്നത്. ചിലപ്പോഴൊക്കെ ജുഡീഷ്യറി നിയമം നിർമിക്കേണ്ടി വരുന്ന സാമൂഹിക സാഹചര്യങ്ങളെക്കുറിച്ച് ബോധരഹിതമായ സമീപനമാണ് കാട്ടുന്നതെന്നും സ്പീക്കർ വ്യക്തമാക്കി.
കോടതികളുടേത് ബ്രിട്ടിഷ് കോളനിക്കാലത്തെ ഉപചാരങ്ങളും ഭാഷകളും വേഷങ്ങളും ഇന്നും പിന്തുടരുന്ന അന്തരീക്ഷമാണ്. ജഡ്ജിമാരെ മൈ ലോഡ് ( ദൈവമേ ) എന്നാണ് വിളിക്കുന്നത്. അത്തരത്തിലാണ് കോടതിക്കുള്ളിലുള്ളവരുടെ വേഷങ്ങളും. ഭയഭക്തി ബഹുമാനങ്ങളോടു കൂടിയ ഇൗ രീതി മാറേണ്ടതല്ലേ? എന്ന് അദ്ദേഹം ചോദിക്കുന്നു.
ഇൗ അന്തരീക്ഷം മൂലമാണ് കോടതിവിധികളെ വിമർശിക്കാൻ ജനം ഭയപ്പെടുന്നത്. ലെജിസ്‌ലേച്ചറിനെയും എക്സിക്യുട്ടീവിനെയും മാധ്യമങ്ങളെയും തൊലിയുരിച്ച് വിമർശിക്കാനാവും. എന്നാൽ സാധാരണ സിവിൽ കേസിൽ ഉത്തരവുണ്ടാകാനെടുക്കുന്ന വർഷങ്ങളുടെ കാലതാമസത്തെ പോലും ആരും വിമർശിക്കില്ല. ഇൗ രീതി മാറേണ്ടതല്ലേ?
കേരള ലെജിസ്‌ലേച്ചർ സെക്രട്ടറിയേറ്റ് സ്റ്റാഫ് അസോസിയേഷൻ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച നിയമസഭയും നിയമസഭാ സെക്രട്ടറിയേറ്റും സ്വതന്ത്രപദവിയും അവകാശങ്ങളും എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ.
Post Your Comments